|    Sep 26 Wed, 2018 9:00 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹാജിമാരുടെ മടക്കയാത്ര കരിപ്പൂരിലേക്ക് വേണമെന്നാവശ്യം

Published : 27th August 2018 | Posted By: kasim kzm

കോഴിക്കോട്: ഹജ്ജ് തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിവരുന്ന വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങാന്‍ അനുവദിക്കണമെന്ന് സ്ഥാനമൊഴിയുന്ന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി ആവശ്യപ്പെട്ടു. പ്രളയം കാരണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇതുവരെ സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. ഇന്നലെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ വിമാനത്താവളം തുറക്കുന്നത് ഈ മാസം 29ലേക്ക് മാറ്റിവയ്ക്കാന്‍ സിയാല്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. 29നും പ്രവര്‍ത്തനം തുടങ്ങാനാവുമോയെന്ന് ഉറപ്പില്ല. കനത്ത മഴയുണ്ടാക്കിയ വെള്ളപ്പൊക്കത്തില്‍ വിമാനത്താവളത്തിന്റെ റണ്‍വേയും സോളാര്‍ പാനലുമെല്ലാം മുങ്ങിപ്പോയിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാവാതെ സര്‍വീസുകള്‍ പുനരാരംഭിക്കാനാവില്ല- അദ്ദേഹം തേജസിനോട് പറഞ്ഞു. ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ വരും ദിവസങ്ങളില്‍ മടങ്ങിത്തുടങ്ങും. ഈ സാഹചര്യത്തില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള കരിപ്പൂരില്‍ ഹജ്ജ് വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിക്കണം. ഹാജിമാരില്‍ വലിയൊരു ശതമാനം മലബാറില്‍ നിന്നുള്ളവരാണ്. കരിപ്പൂരില്‍ ഹജ്ജ് റിട്ടേണ്‍ വിമാനങ്ങള്‍ ഇറക്കാന്‍ അനുവദിച്ചാല്‍ അവര്‍ക്ക് കൂടുതല്‍ സൗകര്യമാവും. അനുമതിക്കായി ഹജ്ജ് കമ്മിറ്റി വ്യോമയാന അധികൃതരെയും മന്ത്രിമാരെയും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഹമ്മദ് കുഞ്ഞു മൗലവി പറഞ്ഞു. കരിപ്പൂരില്‍ വിമാനമിറക്കാന്‍ സൗദി എയര്‍ലൈന്‍സും തയ്യാറാവേണ്ടതുണ്ട്. കരിപ്പൂരില്‍ ഇറങ്ങാന്‍ കമ്പനി മുട്ടുന്യായങ്ങള്‍ പറഞ്ഞു വിസമ്മതിക്കുകയാണ്. 29നും നെടുമ്പാശ്ശേരി വിമാനത്താവളം പ്രവര്‍ത്തനസജ്ജമായില്ലെങ്കില്‍ ഹജ്ജ് റിട്ടേണ്‍ വിമാനങ്ങള്‍ തിരുവനന്തപുരത്ത് ഇറക്കാമെന്ന നിലപാടാണ് സൗദി എയര്‍ലൈന്‍സിനുള്ളത്. റിട്ടേണ്‍ വിമാനങ്ങള്‍ തിരുവനന്തപുരത്ത് ഇറക്കിയാല്‍ അതു മലബാറില്‍ നിന്നുള്ള ഹാജിമാര്‍ക്ക് ഇരട്ടി പ്രയാസമാവും. ഹാജിമാരുടെ മടങ്ങിവരവ് എളുപ്പത്തിലാക്കാന്‍ മറ്റു യാത്രാ വിമാനങ്ങളില്‍ ചിലത് മാറ്റിവച്ചു ദിവസം മൂന്ന് ഹജ്ജ് വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാന്‍ സൗകര്യമൊരുക്കണമെന്നും ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പാലിക്കപ്പെടണമെന്നു മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് എം കെ ബഷീര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss