|    Oct 18 Thu, 2018 2:47 pm
FLASH NEWS

ഹഷീഷ് വേട്ട; പിടിയിലാവാനുള്ളത് നിരവധിപേര്‍

Published : 29th October 2017 | Posted By: fsq

 

ഇടുക്കി: അന്താരാഷ്ട്ര വിപണിയില്‍ പതിനെട്ട് കോടിയില്‍ അധികം രൂപ വിലമതിക്കുന്ന പതിനേഴരക്കിലോ ഹാഷീഷ് ഓയില്‍ പിടികൂടിയ സംഭവത്തില്‍ ഇനിയും അറസ്റ്റിലാവാനുള്ളത് നിരവധിപേര്‍. അതേസമയം, ഹഷീഷ് മാഫിയയെ കുടുക്കാന്‍ പഴുതുകള്‍ അടച്ചുള്ള അന്വേഷണമാണ് അധികൃതര്‍ നടത്തുന്നത്. പതിനേഴരക്കിലോ ഹഷീഷ് ഓയിലുമായി കട്ടപ്പനയില്‍ പിടിയിലായ മുഖ്യപ്രതികള്‍ അടക്കം ആകെ പത്തുപേരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ഹഷീഷ് നിര്‍മാണത്തിനു സഹായിച്ച നെടുങ്കണ്ടം മഞ്ഞപ്പെട്ടി വെട്ടിക്കാട്ടില്‍ ജോബിന്‍ (23), മഞ്ഞപ്പാറ നെടുമ്പള്ളിയില്‍ അനന്ദു(21), തങ്കമണി ഉദയഗിരി പെരുമ്പ്രായില്‍ രഞ്ജിത്ത് (30) എന്നിവരെ പ്രത്യേക അന്വേഷണ സംഘം നെടുങ്കണ്ടത്ത് നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പത്തു പേരെയാണ് പോലിസ് വലയിലാക്കിയത്. ജോബിനും അനന്ദുവും ഒന്നാം പ്രതി അബിന്‍ ദിവാകരന്റെ നിര്‍ദേശ പ്രകാരം ഹഷീഷ് ഓയില്‍ നിര്‍മാണത്തിന് ആന്ധ്രയിലെ ധാരാക്കോണ്ടയിലെ ആദിവാസി ഗ്രാമത്തിലേക്കു പോയവരാണ്. ഇവിടേക്ക് ഹഷീഷ് ഓയില്‍ നിര്‍മിക്കാനുള്ള യന്ത്രം നിര്‍മിച്ചുനല്‍കിയത് രഞ്ജിത്താണ്. യന്ത്രം കാറില്‍ ആലുവയില്‍ എത്തിച്ച സംഘം ട്രെയിനില്‍ ആന്ധ്രയിലേക്കു പോവുകയായിരുന്നു. ആന്ധ്രയില്‍ എത്തി ഹഷീഷ് ഓയില്‍ നിര്‍മാണം പഠിക്കുകയും  ആവശ്യമായ സഹായം ചെയ്യുകയും എന്നതായിരുന്നു ജോബിന്റെയും അനന്ദുവിന്റെയും ജോലി. ഇതിനായി ഒരുലക്ഷം രൂപയാണ് അബിന്‍ ദിവാകരന്‍ വാഗ്ദാനം ചെയ്തിരുന്നത്. നിര്‍മാണത്തിനു സഹായിക്കുമ്പോള്‍ അഞ്ചുലിറ്ററിന് ഒരുലിറ്റര്‍ ഹഷീഷ് ഇവര്‍ക്കു സ്വന്തമാക്കുകയും ചെയ്യാം എന്നതായിരുന്നു നിബന്ധന. അറസ്റ്റിലായ മൂവരെയുംകുറിച്ച് വിവരങ്ങള്‍ ലഭിച്ച പോലിസ് നിരീക്ഷിച്ചുവരികയായിരുന്നു. വ്യക്തമയ തെളിവുകള്‍ ലഭിച്ചതോടെ ഇവരെ അറസറ്റ് ചെയ്യുകയായിരുന്നു. ഇടുക്കിയില്‍ നിന്നുള്ളവര്‍ക്കും ആന്ധ്രയിലെ ധാരാക്കോണ്ടയിലെ ആദിവാസി ഗ്രാമമേഖലയില്‍ കഞ്ചാവ് കൃഷിയുള്ളതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഇതിന്റെ പിന്നില്‍ ഇനിയും ആളുകള്‍ ഉണ്ടെന്നും ഉടന്‍ തന്നെ അവരും പിടിയിലാകുമെന്നാണ് പോലിസിന്റെ  വിശദീകരണം. വമ്പന്‍മാര്‍ അടക്കം ഹഷീഷ് നിര്‍മാണത്തിലും കച്ചവടത്തിലും ഇടപെട്ടിട്ടുണ്ട് എന്ന് സൂചനയുടെ അടിസ്ഥാനത്തില്‍ പോലിസ് കൃത്യമായ തെളിവുകള്‍ സമ്പാദിച്ചുകൊണ്ടാണ് അന്വേഷണം നടത്തുന്നത്. ഇതിനാല്‍ പ്രത്യേക സംഘം വിവിധ സംസ്ഥാനങ്ങളിലും മറ്റും യാത്ര ചെയ്ത് തെളിവുകള്‍ ശേഖരിച്ചതായി വിവരമുണ്ട്.് ജില്ലാ പോലീസ് മേധാവി കെ ബി വേണുഗോപാല്‍, കട്ടപ്പന ഡിവൈഎസ്പി: എന്‍. സി രാജ്‌മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.ഐമാരായ വി എസ് അനില്‍കുമാര്‍, റെജി എം കുന്നിപ്പറമ്പന്‍, കുമളി എസ്.ഐ: ജോബി തോമസ്, എ.എസ്‌ഐ: സജിമോന്‍ ജോസഫ്, രാജേഷ്‌കുമാര്‍, എസ്‌സിപി ഒ: തങ്കച്ചന്‍ മാളിയേക്കല്‍, ബേസില്‍ പി. ഐസക്, എസ് സുബൈര്‍, സതീഷ്‌കുമാര്‍, സലില്‍ രവി, വി ജി ദിലീപ് ഉള്‍പ്പെട്ട സ്‌ക്വാഡാണ് അന്വേഷണം നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss