|    Jan 24 Tue, 2017 8:34 am

ഹല്ലാജിനെ വായിക്കുമ്പോള്‍

Published : 6th September 2015 | Posted By: admin

ഇസ്‌ലാമിക അധ്യാത്മവാദ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഹല്ലാജ്. ഹല്ലാജിന്റെ ‘അനല്‍ഹഖ്'(ഞാനാണു സത്യം) എന്ന മൊഴി ഏറെ സമവാദങ്ങള്‍ക്കു നിമിത്തമായിട്ടുണ്ട്. ഹല്ലാജ്, മതപണ്ഡിതന്‍മാരാല്‍ വിചാരണ ചെയ്യപ്പെടുന്നതിനും വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നതിനും ഈ മൊഴി ഇടയാക്കി. ‘ഞാനാണു സത്യം’ എന്നു പറയുക വഴി ദൈവത്വം അവകാശപ്പെടുകയാണ് ഹല്ലാജ് ചെയ്തത് എന്നായിരുന്നു പണ്ഡിതപക്ഷം. പക്ഷേ, സൂഫി മൊഴികളുടെ  ഉദ്ദേശ്യാര്‍ഥം ഗ്രഹിക്കുന്നതില്‍ പണ്ഡിതന്‍മാര്‍ക്കു പറ്റുന്ന പിഴവിന്റെ ഉദാഹരണമാണിതെന്നു സൂഫിസരണി പിന്തുടരുന്നവര്‍ അഭിപ്രായപ്പെടുന്നു. സാധനയിലൂടെ ദൈവസാമീപ്യം കരസ്ഥമാക്കുന്ന സാധകനു തന്റെ ബോധത്തില്‍ താല്‍ക്കാലികമായി അനുഭവപ്പെടുന്ന താദാത്മ്യാനുഭവമാണ് ഇത്തരം മൊഴികളിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത് എന്നത്രെ സൂഫിപക്ഷം.

 

ശെയ്ഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി ഉള്‍പ്പെടെയുള്ള പില്‍ക്കാല ആത്മജ്ഞാനികള്‍ ഹല്ലാജിനെ ശരി വയ്ക്കുന്നതായി കാണാം. ‘മന്‍സൂര്‍ ഹല്ലാജിനെപ്പോലെ ഞാനും അനല്‍ഹഖിന്റെ ചെണ്ട കൊട്ടുന്നു’ എന്ന് ആയത്തുല്ലാ ഖുമൈനി ഒരു കവിതയില്‍ കുറിച്ചത് സാന്ദര്‍ഭികമായി ഓര്‍ക്കുന്നു.ഇസ്‌ലാമിക മിസ്റ്റിസിസത്തിന്റെ ഗൂഢപ്പൊരുള്‍ നിറഞ്ഞതും ഏറ്റവും വിവാദാത്മകവുമായ ഭാഗമാണ് ഹല്ലാജിന്റെ ദര്‍ശനം. ഗ്രഹിക്കാന്‍ ഏറെ പ്രയാസമുള്ളതാണ് ഹല്ലാജിന്റെ ത്വവാസീന്‍ എന്ന പദ്യ കൃതി. ടി.വി. അബ്ദുറഹിമാന്‍ എഴുതിയ ഇസ്‌ലാമിക മിസ്റ്റിസിസം എന്ന കൃതിയില്‍ പ്രതിപാദ്യ വിഷയം ഹല്ലാജിന്റെ അനല്‍ ഹഖും ത്വവാസീന്‍ എന്ന കൃതിയുമാണ്. ഹല്ലാജിന്റെ ദര്‍ശനം ഇത്ര വിശദമായി പ്രതിപാദിക്കുന്ന കൃതി മലയാളത്തില്‍ വേറെയില്ല. ഹല്ലാജിന്റെ ദര്‍ശനകളും കൃതികളും നമുക്കായി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. ഏറെ ഒളിപ്പിച്ചു കുറച്ചു മാത്രം വെളിപ്പെടുത്തുക എന്നതാണ് ഹല്ലാജിന്റെ രചനാരീതി. സൂചിതാര്‍ഥങ്ങള്‍ പിടിച്ചെടുക്കാന്‍ തലച്ചോര്‍ നന്നായി ചൂടാക്കേണ്ടതുണ്ട്  എന്നര്‍ഥം. ഗ്രന്ഥകാരന്‍ അതില്‍ വലിയയളവില്‍ വിജയിച്ചിരിക്കുന്നു എന്നത് സന്തോഷം പകരുന്നു.

 

ടൈഗ്രീസ് തീരത്തുവച്ച് ഹല്ലാജ് കുരിശിലേറ്റപ്പെടുന്ന രംഗം വര്‍ണിച്ചുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. ‘സിംഹവേട്ടക്കളം’ എന്ന ധ്വനിപൂര്‍ണമായ ശീര്‍ഷകമാണ് ഇതിനു നല്‍കിയിരിക്കുന്നത്. തന്നെ വേട്ടയാടാന്‍ ഒതുങ്ങിനില്‍ക്കുന്ന മഹാപണ്ഡിതന്‍മാര്‍ ഉള്‍പ്പെടുന്ന സിംഹങ്ങളോട് ഹല്ലാജിനു പറയാനുളളതിതാണ്- ‘നിങ്ങളേക്കാള്‍ വിശന്നുവലഞ്ഞ സിംഹമാണു ഞാന്‍’ ഹല്ലാജിനെ സംബന്ധിച്ചടത്തോളം തന്റെ സത്യത്തിനുള്ള അംഗീകാരമായിരുന്നു കഴുമരം. സത്യത്തിന്റെ അഗ്നിജ്വാലയില്‍ സ്വയം സമര്‍പ്പിക്കാന്‍ ആ അശാന്തഹൃദയം വെമ്പി. അംഗങ്ങള്‍ ഓരോന്നായി ഛേദിക്കപ്പെട്ടു. കണ്ണുകള്‍ ചൂഴ്ന്നു. നാവരിയുന്നതിനുമുമ്പായി ഹല്ലാജ് പറഞ്ഞു- ”അല്ലാഹുവേ, എനിക്കു നിന്നിലേക്കുളള അകലം കുറച്ചുകൊണ്ടിരിക്കുകയാണിവര്‍. ഇവരുടെ സന്തോഷവും ആഹഌദവും ഇവരില്‍നിന്ന് നീ ഇല്ലാതാക്കരുതേ…” ശിരസ്സ് വെട്ടിമാറ്റപ്പെടുമ്പോള്‍ ഹല്ലാജ് ഖുര്‍ആനിലെ, ‘അല്ലാഹുവാകുന്നു സത്യപ്രകാരം വേദവും തുലാസ്സും ഇറക്കിത്തന്നവന്‍’ എന്ന വാക്യം ഉരുവിടുകയായിരുന്നു.

പുസ്തകത്തില്‍ ഉദ്ധരിച്ചിരിക്കുന്ന ഹല്ലാജിന്റെ അനേകം പ്രാര്‍ത്ഥനകളില്‍ ഒന്ന് ഇങ്ങനെയാണ്:’എനിക്കു നിന്നെ മാത്രമേ അറിയൂ.നിന്നെയെല്ലാതെ മറ്റാരെയും ഞാന്‍ വിശ്വസിക്കുന്നില്ല.നിന്റെ എല്ലാ പാരിതോഷികങ്ങള്‍ക്കും  ഞാന്‍ നന്ദിയുളളവനാണ്.നിന്റെ അനുഗൃഹീതനായ അടിമയാണു ഞാന്‍. നീ എന്നില്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കു നന്ദിപറയാന്‍ ഒരു നാവേ തന്നുളളൂവെന്നതാണ്എന്റെ സങ്കടം.ആ പരിമിതിയില്‍ നിന്ന്‌കൊണ്ട് ഞാന്‍ നിന്നോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.”അനല്‍ഹഖ്’ എന്നതു കൊണ്ട് താന്‍ എന്താണു ഉദ്ദേശിച്ചത് എന്ന് കവിതയിലൂടെ ഹല്ലാജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നീ തന്നെയാണ് ഞാന്‍ എന്നത് പ്രണയത്തിന്റെ സുതാര്യവും ലളിതവുമായ ഭാഷയാണെന്ന് ഹല്ലാജ് പറയുന്നു. തന്റേതായി യാതൊന്നുമില്ല, എല്ലാം ദൈവത്തിന്റേതാണ്. തന്റെ ജീവന്‍ ദൈവം തന്നതാകയാല്‍ താന്‍ മറ്റൊന്നാവാന്‍ തരമില്ല. ‘ഞാന്‍ സത്യമാവുന്നു’ എന്നു പറയുമ്പോള്‍ താന്‍ ഒന്നുമല്ലാതാവുകയും ദൈവം എല്ലാം ആവുകയുമാണ്.

സ്രഷ്ടാവ്, സൃഷ്ടി എന്ന ഭേദചിന്ത  ഈ ദര്‍ശനത്തില്‍ അപ്രസക്തമായിത്തീരുന്നു. അസ്തിത്വങ്ങളുടെ ഏകത്വം(വഹ്ദത്തുല്‍ വുജൂദ്) എന്ന സ്‌നേഹദര്‍ശനത്തിന്റെ കേന്ദ്രാശയം ഇതാണ്. ഇതേ ആശയം കുറേ കൂടി സുഗ്രഹമായി ‘വഹ്ദതുശ്ശുഹുദ്’ എന്ന പേരില്‍ ഇമാം റബ്ബാനി അവതരിപ്പിച്ചിട്ടുണ്ട്.ഹൃദയത്തിന്റെ ശക്തിവിശേഷങ്ങളെക്കുറിച്ചുളള ഇബ്‌നു അറബിയുടെ നിരീക്ഷണങ്ങള്‍, സൂഫി എനിയെഗ്രം, സൃഷ്ടിയിലൂടെയും ജ്ഞാനത്തിലൂടെയും ദൈവം നടത്തുന്ന ആത്മ പ്രകാശനം, അറബി അക്ഷരമാലയിലെ അക്ഷരങ്ങള്‍ക്കു സൂഫികള്‍ നല്‍കുന്ന പ്രതീകകല്‍പ്പന, അതീന്ദ്രിയ ലൈംഗികത തുടങ്ങിയവയാണ് പുസ്തകത്തിന്റെ ആദ്യഭാഗത്തിലെ മറ്റു പ്രധാന പ്രതിപാദ്യവിഷയങ്ങള്‍. മിസ്റ്റിക്കുകളുടെ ഗൂഡരതി, ബൗദ്ധ, ക്രൈസ്തവ മിസ്റ്റിക്കുകളുടെ  ചരിത്ര പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്, ഹല്ലാജിനെ എത്രത്തോളം ആവേശിച്ചിരുന്നുവെന്ന് ഗ്രന്ഥകാരന്‍ ആലോചിക്കുന്നു. ഇബിലീസിന്റെയും ജിന്നുകളുടെയും അസ്തിത്വത്തിന് ശാസ്ത്രീയ വിശദീകരണം നല്‍കുന്നുണ്ട് ‘ഇബ്‌ലീസും കാലവും’ എന്ന അധ്യായത്തില്‍. ത്വവാസീനിന്റെ പരിഭാഷയും വ്യാഖ്യാനവുമാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗം. പരിഭാഷ മൂലകൃതിയില്‍ നിന്നല്ല എന്നത് വലിയ പരിമിതിയാണ്.

മിക്ക സൂഫികൃതികളുടേയും ഇംഗ്ലീഷ് മൊഴിമാറ്റങ്ങള്‍ അബദ്ധജഡിലങ്ങളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഈ പരിഭാഷയിലൂടെ ഹല്ലാജിനെ കണ്ടെത്താനാവുമെന്നു പറയാനാവില്ല. എങ്കിലും മലയാളികള്‍ക്ക് ഹല്ലാജിന്റെ ദര്‍ശനപ്രപഞ്ചത്തെക്കുറിച്ചു സാമാന്യധാരണ രൂപീകരിക്കാന്‍ ഇതു സഹായകമായിത്തീരുമെന്നു വിചാരിക്കാം. അറബിവാക്കുകളുടെ തെറ്റായ ലിപ്യാന്തരണം ഈ പുസ്തകത്തിന്റെ ബലഹീനതയാണ്. ഇല്‍മുല്‍ ബാത്വിന്‍ (ശുദ്ധജ്ഞാനം) എന്നത് ഇല്‍മ്-ബാത്തില്‍ എന്ന് തെറ്റായി എഴുതിയപ്പോള്‍ ജ്ഞാനം ‘വ്യാജ’മായിപ്പോയി. ശരിയായ എഡിറ്റിങിന്റെ അഭാവമാണ് ഇത്തരം സ്ഖലിതങ്ങള്‍. പലേടത്തും സങ്കീര്‍ണവും ആശയപ്രകാശനത്തെ തളര്‍ത്തുന്നതുമാണെന്നു പറയേണ്ടിയിരിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 308 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക