|    Sep 23 Sat, 2017 5:55 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹലബില്‍ വ്യോമാക്രമണം ശക്തമാക്കി സിറിയന്‍ സൈന്യം; മരണസംഖ്യ 150 കടന്നു

Published : 19th November 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ ഏറ്റവും വലിയ വാണിജ്യ നഗരമായ ഹലബിലെ കിഴക്കന്‍ മേഖലയില്‍ സര്‍ക്കാര്‍ സൈന്യം ഇന്നലെ രാത്രി നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടു. വിമതരുടെ ഒളിയിടങ്ങള്‍ക്കുനേരെ സിറിയന്‍ സര്‍ക്കാരും സഖ്യ രാജ്യങ്ങളും ചൊവ്വാഴ്ചയാണ് ആക്രമണം ശക്തമാക്കിയത്. വ്യോമാക്രമണത്തില്‍ ഇതുവരെ 150ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആറുവയസ്സുകാരിയെ രക്ഷപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ആക്രമണങ്ങളില്‍ നിരവധി ജനവാസ കേന്ദ്രങ്ങളും തകര്‍ന്നു. മിസൈലുകളും നിരോധിത ബാരല്‍ ബോംബുകളും ഉപയോഗിച്ചാണ് ആക്രമണം. നഗരത്തിനകത്തും പ്രാന്തപ്രദേശത്തും വ്യോമാക്രമണം നടക്കുന്നതായും മരണസംഖ്യ ഉയരാനിടയുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. വിവിധയിടങ്ങളില്‍
ഒരേസമയം ആക്രമണം നടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. 24 മണിക്കൂറിനകം മേഖല വിടാന്‍ കഴിഞ്ഞ ഞായറാഴ്ച സിറിയന്‍ സൈന്യം ഹലബ് നിവാസികളോട് ആവശ്യപ്പെട്ടിരുന്നു.
ഹലബില്‍ രണ്ടര ലക്ഷത്തോളം പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. കിഴക്കന്‍ ഹലബിലെ സ്ഥിതി അത്യന്തം ദയനീയമാണെന്നു മനുഷ്യാവകാശ നിരീക്ഷക സംഘടനയിലെ ഹുമാം അല്‍ മലാഹ് പറഞ്ഞു. വൈദ്യുതി പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. സാധനങ്ങള്‍ക്ക് തീവിലയാണ്. പച്ചക്കറികള്‍ പോലും അപൂര്‍വമായി മാറി. വിപണിയില്‍ ഇന്ധനം കിട്ടാതായിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ അളവു കുറഞ്ഞുവരികയാണ്- ഹുമാം വ്യക്തമാക്കി. അതേസമയം, ഹലബിനെതിരേയുള്ള ആക്രമണത്തില്‍ തങ്ങളുടെ സൈന്യം പങ്കെടുക്കുന്നില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക