|    Oct 22 Sun, 2017 10:13 am
Home   >  Todays Paper  >  page 12  >  

ഹറമൈന്‍ മെട്രോ സര്‍വീസ് 2017 അവസാനത്തില്‍

Published : 31st July 2016 | Posted By: SMR

നിഷാദ്  അമീന്‍

ജിദ്ദ: വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹൈ സ്പീഡ് ഹറമൈ ന്‍ മെട്രോ റെയില്‍പ്പാത 2017 അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്ന് സൗദി റെയില്‍വേ കോര്‍പറേഷന്‍ ഉപമേധാവി യൂസുഫ് ഇബ്രാഹീം അല്‍അബ്ദാന്‍ അറിയിച്ചു. ഹറമൈന്‍ മെട്രോ പാതയിലെ റാബിഗ് കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്‌റ്റേഷനില്‍ നടത്തിയ പരീക്ഷണ ഓട്ടത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹറമൈന്‍ മെട്രോ എല്ലാ കടമ്പകളും അതിജയിച്ചിരിക്കുകയാണെന്നും അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരം നല്‍കലുമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. 5,150 കെട്ടിടങ്ങളും ഏക്കര്‍ കണക്കിന് സ്ഥലവും പദ്ധതിക്കു വേണ്ടി ഒഴിപ്പിക്കേണ്ടിവന്നു. ഇവയില്‍ 1,600 കെട്ടിടങ്ങള്‍ പാര്‍പ്പിടകേന്ദ്രങ്ങളായിരുന്നു. മൊത്തം 900 കോടി റിയാല്‍ നഷ്ടപരിഹാരമായി ഭൂമിയുടെ അവകാശികള്‍ക്കു നല്‍കി.
നാല് മെട്രോ സ്‌റ്റേഷനുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങ ള്‍ അവസാനഘട്ടത്തിലാണ്. മദീന മുനവ്വറ, റാബിഗ് സ്‌റ്റേഷനുകളുടെ നിര്‍മാണം 100 ശതമാനവും ഏറ്റവും വലിയ സ്‌റ്റേഷനായ ജിദ്ദ സ്‌റ്റേഷന്റെ നിര്‍മാണം 96 ശതമാനവും മക്കയിലെ റുസൈഫ സ്റ്റേഷന്റെ നിര്‍മാണം 97 ശതമാനവും പൂര്‍ത്തിയായതായി അദ്ദേഹം വെളിപ്പെടുത്തി.
പദ്ധതി പൂര്‍ത്തിയാവുന്നതോടെ മണിക്കൂറില്‍ 9,000 പേര്‍ക്കു യാത്രചെയ്യാനാവും. റെയി ല്‍പ്പാതയുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. മക്ക-ജിദ്ദ പാതയിലെ ട്രാക്ക് നിര്‍മാണം 96 ശതമാനം പൂര്‍ത്തിയായി. റെയില്‍പ്പാത നിര്‍മിക്കുന്നതിനായി മക്ക-ജിദ്ദ റോഡിലുള്ള ബുറൈമാന്‍, ഫലസ്തീന്‍, കിങ് അബ്ദുല്ല പാലങ്ങള്‍ പൊളിച്ചുമാറ്റിയിരുന്നു. റെയില്‍വേ സ്റ്റേഷനുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. ജോലികള്‍ പൂര്‍ത്തിയായ ഭാഗങ്ങളില്‍ ഇതിനകം പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കി. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹറമൈന്‍ റെയില്‍പ്പാത യാഥാര്‍ഥ്യമാവുന്നതോടെ ലക്ഷക്കണക്കിന് ഹജ്ജ്-ഉംറ തീര്‍ത്ഥാടകരുടെ മക്ക-മദീന യാത്ര കൂടുതല്‍ സുഗമമാവും. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈ സ്പീഡ് ഹറമൈന്‍ പാതയിലൂടെ മക്കയില്‍നിന്ന് മദീനയിലേക്ക് രണ്ടരമണിക്കൂര്‍കൊണ്ട് എത്തിച്ചേരാനാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക