|    Oct 20 Sat, 2018 4:47 pm
FLASH NEWS
Home   >  Religion   >  

ഹറമിന്റെ പവിത്രതയെ മാനിക്കുക

Published : 16th August 2017 | Posted By: mi.ptk

ആകാശഭൂമികളെ സൃഷ്ടിച്ചതു മുതല്‍ അല്ലാഹു പ്രത്യേകം തിരഞ്ഞെടുക്കുകയും ഭൂമിയില്‍ ഏറ്റവും പവിത്രമാക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത പ്രദേശമാണ് പരിശുദ്ധ മക്ക. പ്രവാചകന്റെ പ്രാര്‍ത്ഥനയിലൂടെ പ്രവാചക നഗരിയായ മദീനക്കും ഹറം (പവിത്ര പ്രദേശം)പദവി ലഭിക്കുകയുണ്ടായി. മക്കയും മദീനയും ജീവിതത്തിലൊരിക്കലെങ്കിലും സന്ദര്‍ശിക്കുക ഏതൊരു വിശ്വാസിയുടേയും ജന്മാഭിലാഷമാണ്. എന്നല്ല വീണ്ടും വീണ്ടും ആ പുണ്യഭൂമിയില്‍ എത്താനും ജഗനിയന്താവിന്റെ കരുണാകടാക്ഷങ്ങള്‍ ഏറ്റുവാങ്ങാനും കൊതിക്കാത്തവരില്ല. ആ പുണ്യഭൂമികളിലെ സല്‍ക്കര്‍മ്മങ്ങള്‍ക്ക് മറ്റിടങ്ങളിലേതിനേക്കാള്‍ അനേകമിരട്ടി പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. അനുഗ്രഹീത ഹറമുകളില്‍ ആദ്യമായി എത്തുന്ന തീര്‍ത്ഥാടകര്‍ പലരും സന്തോഷാധിരേകത്താല്‍ കരഞ്ഞു പോവാറുണ്ട്്. എന്നാല്‍ പലപ്പോഴും അറിവില്ലായ്മ മൂലം തീര്‍ത്ഥാടകന്‍ അല്ലാഹു ആദരിക്കാന്‍ കല്‍പിച്ച മതചിഹ്നങ്ങളെ അനാദരിക്കുകയും അപ്രധാനമായവയെ അസ്ഥാനത്ത് ബഹുമാനിക്കുകയും ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയുണ്ട്. അത്തരത്തിലുളള അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ തീര്‍ത്ഥാടകരില്‍ പൊതുവെ കണ്ടുവരുന്ന ചില അബദ്ധ ധാരണകളും അരുതായ്മകളും ചൂണ്ടിക്കാണിക്കട്ടെ:

ഹറമിന്റെ പരിധിയില്‍ അതിക്രമം പ്രവര്‍ത്തിക്കലും പാപങ്ങള്‍  ചെയ്യലും
ഹറമുകളില്‍ വെച്ച് അതിക്രമം പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചാല്‍ പോലും അവര്‍ കുറ്റക്കാരാണെന്നും ശിക്ഷാര്‍ഹരാണെന്നും പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഹറമിന്റെ പവിത്രത ലംഘിക്കല്‍ അല്ലാഹു പൊറുക്കാത്ത മഹാപാപങ്ങളുടെ ഗണത്തിലാണ് അവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹറമിനെപ്പറ്റിയുളള സങ്കല്‍പത്തിന്റെ അടിസ്ഥാനം ഒരു ജീവിയെപ്പോലും ഉപദ്രവിക്കാന്‍ പാടില്ലാത്ത ഒരു ഇല പോലും നശിപ്പിക്കാന്‍ പാടില്ലാത്ത ഒരു പരിസരം സൃഷ്ടിക്കുക എന്നതാണ്. ഹജജ് സംബന്ധമായ ഓരോ ഉപദേശ നിര്‍ദ്ദേശങ്ങളിലും ഹജ്ജിന്റെ ഈ ഒരു ആശയമാണ് അടങ്ങിയിരിക്കുന്നത്. അതു സാധ്യമാവണമെങ്കില്‍ ഇഹ്‌റാമില്‍ പ്രവേശിച്ച് മാതാവ് പ്രസവിച്ച കുഞ്ഞിനെപ്പോലെ നിഷ്‌കളങ്കരായി തിരിച്ചെത്തുന്നതു വരെ പെരുമാറ്റത്തിലും സംസാരത്തിലും അങ്ങേയറ്റത്തെ സൂക്ഷമത പാലിക്കേണ്ടതുണ്ട്. യാത്രകളില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന പ്രയാസങ്ങളില്‍ ക്ഷമയവലംബിക്കുക, മറ്റുളളവരില്‍ നിന്നുളള വീഴ്ചകള്‍ക്ക് തട്ടിക്കയറാതിരിക്കുക, ഒഴിവുവേളകളില്‍ പരദൂഷണത്തില്‍ ഏര്‍പ്പെടുക തുടങ്ങിയവയും ഹറമിന്റെ പവിത്രതയെ മാനിക്കാനായി സൂക്ഷിക്കേണ്ടതാണ്.

ത്വവാഫ്
കഅ്ബാലയത്തിന് സമീപം മാത്രം സാധ്യമാകുന്ന പുണ്യകര്‍മ്മമാകുന്നു ത്വവാഫ്(കഅ്ബാലയത്തെ പ്രദക്ഷിണം വെക്കല്‍). ഹജ്ജിന്റെയും ഉംറയുടേയും നിര്‍ബന്ധ കര്‍മ്മങ്ങളില്‍ പെട്ടതാകുന്നു ത്വാവാഫ്. ഈ രണ്ടാവശ്യങ്ങള്‍ക്കുമല്ലാതെയും ത്വവാഫ് ധാരാളമായി ചെയ്യാവുന്നതാണ്. ത്വവാഫ് ചെയ്യുന്നവര്‍ക്ക് ഓരോ കാലടികള്‍ക്കും നന്‍മകള്‍ രേഖപ്പെടുത്തുകയും തിന്‍മകള്‍ മായ്ക്കപ്പെടുകയും ചെയ്യുമെന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്. എന്നാല്‍ ഭൂമുഖത്ത് മറ്റൊരു സ്ഥലത്തും അല്ലാഹു ഈ ആരാധനക്ക് അനുവാദം നല്‍കിയിട്ടില്ല. അതിനാല്‍ മത്വാഫില്‍(പ്രദക്ഷിണ സ്ഥലം) പ്രത്യേകിച്ചും ഹജ്ജ് വേളയില്‍ എല്ലായ്‌പ്പോഴും ജനബാഹുല്യമായിരിക്കും. എന്നാല്‍ പലപ്പോഴും ജനങ്ങളില്‍ നിലനില്‍ക്കുന്ന പല അന്ധവിശ്വാസങ്ങളും തെറ്റിധാരണകളുമാണ് മതാഫിലെ തിരക്ക് വര്‍ധിക്കുന്നതിനു കാരണം. അവ :
1 ഹജറുല്‍ അസ്വദിനെ ചുംബിക്കല്‍ നിര്‍ബന്ധമാണെന്ന് കരുതല്‍: ത്വവാഫ് ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതും ഹജറുല്‍ അസ്വദിനെ ചുംബിച്ചു കൊണ്ടാണ് എന്നത് വാസ്തവമാണ്. എന്നാല്‍ ഇത് നിര്‍ബന്ധ കര്‍മ്മമല്ല. ഐഛികമായ ഒരു സംഗതിയാണ്. ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത കേവലം കല്ലാണത്. മറ്റു വിശ്വാസികള്‍ക്കു പ്രയാസം സൃഷ്ടിക്കുന്ന രൂപത്തില്‍ ഹജറുല്‍ അസവദിനെ ചുംബിക്കാന്‍ ശ്രമിക്കുന്നത് കുററകരമാണ്. പ്രവാചകന്‍ ഒരിക്കല്‍ ഉമറിനോട് പറഞ്ഞു: ഉമറേ താങ്കള്‍ കൂടുതല്‍ ശക്തനാണ്. പക്ഷെ ദുര്‍ബലരെ താങ്കള്‍ പ്രയാസപ്പെടുത്തരുത്. ഹജറുല്‍ അസവദ് ചുബിക്കാനുളള സാഹചര്യം ഉണ്ടെങ്കില്‍ മാത്രം ചുംബിക്കുക.അല്ലെങ്കില്‍ തക്ബീര്‍ മുഴക്കി മുന്നോട്ട് പോവുകയും ചെയ്യുക. അതു പോലെ സ്ത്രീകള്‍ അന്യ പുരുഷന്‍മാരുമായി ഇടകലര്‍ന്നു ചുംബിക്കാന്‍ ശ്രമിക്കുന്നതില്‍ പുണ്യമില്ല.

റുക്‌നുല്‍ യമാനിയെ ചുംബിക്കല്‍: കഅ്ബയുടെ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന മൂലയായ റുക്‌നുല്‍ യമാനിയെ കൈകൊണ്ട് തൊടല്‍ സുന്നത്താണ്. എന്നാല്‍ ചുംബിക്കല്‍ സുന്നത്തില്ല.

മഖാമു ഇബ്രാഹീമിനെ കൈകൊണ്ട് തൊടലും ചുംബിക്കലും: വിശുദ്ധ ഹറമിലെ സുവ്യക്തമായ ദൃഷ്ടാന്തങ്ങളില്‍ പെട്ട മഖാമു ഇബ്രാഹീം കൈകൊണ്ട് തൊടുന്നതിലോ ചുംബിക്കുന്നതിലോ യാതൊരു പുണ്യവുമില്ല.  പാപമോചനവും പുണ്യവും ആഗ്രഹസഫലീകരണവും  പ്രതീക്ഷിച്ചു കൊണ്ടാണ് പലരും ഇപ്രകാരം ചെയ്യുന്നത്. എന്നാല്‍ അതിന് യാതൊരു അടിസ്ഥാനവുമില്ല. പ്രവാചകന്‍ ചെയ്തിട്ടില്ല. ചെയ്യാന്‍ പറഞ്ഞിട്ടില്ല. അറിവില്ലായ്മ മൂലം ഈ കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ സ്വന്തത്തെയും അന്യരെയും അകാരണമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്.

മക്കയും മദീനയുമായി ബന്ധപ്പെട്ട മറ്റു തെറ്റിധാരണകള്‍
1 കഅ്ബയിലേക്ക് നോക്കി നമസ്‌കരിക്കല്‍: ലോകത്തെവിടെയായിരുന്നാലും കഅ്ബാലയത്തിനഭിമുഖമായാണ് നമസ്‌കരിക്കേണ്ടത്. എന്നാല്‍ കഅ്ബയുടെ മുന്നില്‍ നിന്ന് നമസ്‌കരിക്കുമ്പോള്‍ കഅ്ബക്കു നേരെ ദൃഷ്ടി ഉയര്‍ത്താമോ? പാടില്ല, എവിടെ വെച്ച് നമസ്‌കരിച്ചാലും ദൃഷ്ടികള്‍ സുജൂദ് ചെയ്യുന്നിടത്തേക്ക് താഴ്ത്താനാണ് പ്രവാചകന്‍ പഠിപ്പിച്ചത്. കഅ്ബാലയത്തിലേക്ക് നോക്കുന്നതു തന്നെ ആരാധനയാണ് എന്ന ധാരണയും അബദ്ധമാണ്.

2 ചരിത്ര പഠനത്തിനപ്പുറം പുണ്യം പ്രതീക്ഷിച്ചു കൊണ്ട് നമസ്‌കാരം പോലുളള ആരാധനകള്‍ ചെയ്യുവാന്‍ വേണ്ടി  ഹിറാഗുഹ,സൗര്‍ഗുഹ,അറഫാമൈതാനത്തെ ജബലുറഹമ,പ്രവാചകന്‍ ജനിച്ചതെന്ന് പറയപ്പെടുന്ന സ്ഥലം, പോലുളള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക. ഇതു പരിശുദ്ധ ഹറമില്‍ ചിലവഴിച്ച് ആരാധനകള്‍ നിര്‍വഹിക്കാനുളള അപൂര്‍വ്വ നിമിഷങ്ങള്‍ നഷ്ടപ്പെടുത്താന്‍ മാത്രമേ ഉതകൂ.

3 ചരിത്രഭൂമികളിലെ  മണ്ണ് പുണ്യം പ്രതീക്ഷിച്ച് വാരികൊണ്ടു പോവുക : മദീനയിലെ ഉഹ്ദ് രണാങ്കത്തില്‍ ജബലുറു റൂമാത്ത് എന്നറിയപ്പെടുന്ന ഒരു ചെറിയ കുന്നുണ്ട്. ഉഹ്ദ് യുദ്ധവേളയില്‍ പ്രവാചകന്‍ ശത്രുക്കളുടെ നുഴഞ്ഞു കയറ്റം തടയാന്‍ വേണ്ടി വില്ലാളികളെ കാവല്‍ നിര്‍ത്തിയിരുന്ന കുന്ന്. വിവരദോഷികളായ ആളുകള്‍ രോഗശമനം,ആഗ്രഹസഫലീകരണം പോലുളള പ്രതീക്ഷിച്ച് ഈ മലയിലെ മണ്ണ് വാരി കൊണ്ട് പോകുന്നതു കാണാം. യാതൊരു അടിസ്ഥാനവുമില്ലാത്ത വിഢിത്തമാണിത്.
4 കഅ്ബ കഴുകുന്ന വെളളം കൊണ്ട് അനുഗ്രഹം എടുക്കലും അതുകൊണ്ട് കുളിക്കലും, കഅ്ബയുടെ അടുക്കല്‍ പെയ്യുന്ന വെളളം കൊണ്ട് ബര്‍ക്കത്തെടുക്കല്‍.

5 മുല്‍ത്തസമ്മിലല്ലാത്ത( കഅ്ബയുടെ വാതില്‍ സ്ഥിതി ചെയ്യുന്ന ഭാഗം) ഇടങ്ങളില്‍ നെഞ്ചും മുഖവും ചേര്‍ത്ത് വെച്ച് പ്രാര്‍ത്ഥിക്കുക

6  മക്കയിലെ ചൂടേല്‍ക്കുന്നത് നരഗാഗ്‌നിയുടെ ചൂടേല്‍ക്കുന്നത് തടയുമെന്ന വിശ്വാസത്തില്‍ അകാരണമായി കനത്ത വെയിലില്‍ പുറത്തു നില്‍ക്കുക.

7 മക്കയില്‍ ഉറങ്ങുക എന്നത് മറ്റു സ്ഥലങ്ങളില്‍ വെച്ച് നമസ്‌കരിക്കുന്നത് പോലെ പുണ്യമാണെന്ന് കരുതുക. കഅ്ബയില്‍ പ്രവേശിച്ചവന്‍ പിന്നീട് ചെരുപ്പുകളില്ലാതെ നടക്കാന്‍ പാടില്ല എന്നും കഅ്ബയില്‍ വെച്ച് കണ്ടതൊന്നും മറ്റുളളവരോട് പറയരുതെന്നും ക്അ്ബയുടെ മേല്‍ക്കൂരയിലേക്ക് നോക്കാന്‍ പാടില്ല എന്നും അങ്ങിനെ നോക്കിയാല്‍ അവന്‍ നോക്കിയാല്‍ അവന്‍ അന്ധനാകുമെന്നുമൊക്കെ ധാരാളം ആളുകള്‍ വിശ്വസിക്കുന്നു. തികച്ചും  അടിസ്ഥാനരഹിതമായ ഭാവനയും അന്ധവിശ്വാസങ്ങളുമാകുന്നു ഇവ.

8 പ്രവാചകന്‍ അന്ത്യവിശ്രമം കൊളളുന്ന ഹുജുറത്തുശരീഫ (പ്രവാചകന്റെ ഖബര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ റൗളാശരീഫ് എന്നു പലരും തെറ്റായി പ്രയോഗിക്കാറുണ്ട്. റൗളാ ശരീഫ് പ്രവാചകന്റെ പളളിയിലെ അവിടുത്തെ മിമ്പറിനും വീടിനും (ഇപ്പോള്‍ ഖബര്‍ സ്ഥിതി ചെയ്യുന്ന മുറി) ഇടയിലുളളതാണ്.സര്‍ഗ്വത്തിലെ പൂന്തോപ്പ് എന്നറിയപ്പെടുന്നത് ഇതാണ്.)ക്ക് അഭിമുഖമായി നിന്ന് പ്രവാചകനോട് പ്രാര്‍ത്ഥിക്കുക.

8 പ്രവാചക കുടുംബത്തിന്റെയും അനുചരന്‍മാരുടേയും ഖബറുകള്‍ സ്ഥിതി ചെയ്യുന്ന ബഖീഇലേക്ക് തിരിഞ്ഞ് തങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.

8 മസ്ജിദുല്‍ ഹറമിന്റെയും മസ്ജിദുന്നബവിയുടെയും ചുമരുകള്‍,വാതിലുകള്‍, റൗളാ ശരീഫ്,ഹുജറത്തു ശരീഫ എന്നിവിടങ്ങളിലെ ഗ്രില്ലുകള്‍ തുടങ്ങിയ പുണ്യം ഉദ്ദേശിച്ച് തലോടലും മുത്തലും ഇവ നിരര്‍ത്ഥകമാണെന്ന് മാത്രമല്ല പലപ്പോഴും ഇസ്‌ലാം ശക്തമായി വിലക്കിയ ശിര്‍ക്കിന്റെ പരിധിയല്‍ വരുന്നതാണ്.

ഹറമിലെ നമസ്‌കാരം
ഹജ്ജ് കാലത്ത് തീര്‍ത്ഥാടക ബാഹുല്യം കാരണം പലപ്പോഴും ഹാജിമാര്‍ക്ക്,വിശേഷിച്ചും അവരിലെ രോഗികള്‍ക്കും വൃദ്ധന്‍മാര്‍ക്കും ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് മസ്ജിദുല്‍ ഹറമിന്റെ അകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കാറില്ല. അത്തരക്കാര്‍ക്ക് പൊതുവെ മനസ്സിലുണ്ടാകുന്ന ഒരാധിയാണ് ഹറമിന്റെ പരിധിയില്‍ എവിടെ വെച്ച് നമസ്‌കരിച്ചാലും മസ്ജിദുല്‍ ഹറാമിലെ നമസ്‌കാരത്തിന്റെ മഹത്വവും പ്രതിഫലവും ലഭിക്കുമോ എന്നത്. ഇത്തരക്കാര്‍ നിരാശപ്പെടേണ്ടതില്ല. കാരണം ഏറ്റവും ഉത്തമമായത് വിശുദ്ധ കഅ്ബക്ക് ചുറ്റുമുളള പളളിക്കത്തുളള നമസ്‌കാരം തന്നെയാണെങ്കിലും ഹറമിന്റെ പരിധിയില്‍ എവിടെ വെച്ച് നമസ്‌കരിച്ചാലും ഈ പ്രതിഫലം ലഭിക്കുമെന്ന് ഭൂരിഭാഗം പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിരിക്കുന്നു.

വസ്ത്രധാരത്തിലെ സൂക്ഷ്മതയില്ലായ്മ
ഇഹറാമിലായിരിക്കെ പുരുഷന്‍മാര്‍ തുണിയാണല്ലോ ധരിക്കാറ്. എന്നാല്‍ പുതിയ തലമുറയിലൈ പലര്‍ക്കും തുണി(മുണ്ട്) ധരിച്ച് ശീലമില്ലാത്തവരാണ്. ഇത്തരക്കാര്‍ ഇഹറാം വസ്ത്രം ധരിച്ച് തവാഫും സഅ്‌യും നിര്‍വഹിക്കുമ്പോള്‍ തുണി പലപ്പോഴും പൊക്കിളിന് വളരെ താഴെയാണ് ഉണ്ടാവാറ്. ഇത് ബന്ധപ്പെട്ട കര്‍മ്മങ്ങള്‍ അസാധുവാക്കാന്‍ ഇടയാക്കുന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss