|    Jun 29 Thu, 2017 12:47 am
FLASH NEWS
Home   >  Sports  >  Cricket  >  

ഹര്‍ദിക് പാണ്ഡ്യ, താങ്കളാണ് ആണ്‍കുട്ടി; തിരുത്തിയത് ഗില്‍ക്രിസ്റ്റിന്റെ റെക്കോഡ്

Published : 19th June 2017 | Posted By: ev sports

ഓവല്‍: പാകിസ്താനോട് 180 റണ്‍സിന്റെ നാണം കെട്ട തോല്‍വി ഇന്ത്യ ഏറ്റുവാങ്ങിയപ്പോഴും കോടിക്കണക്കിന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് പറയാന്‍ ഒരു പ്രകടനമുണ്ടായിരുന്നു. ഹര്‍ദിക് പാണ്ഡ്യ എന്ന 23 കാരന്റെ വെടിക്കെട്ട് ബാറ്റിങിന്റെ കഥ. എംഎസ് ധോണി പുറത്തായപ്പോള്‍ ക്രീസിലെത്തിയ ഹര്‍ദിക് പാകിസ്താന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിപ്പറത്തിയപ്പോള്‍ ഒരു നിമിഷം എങ്കിലും ഇന്ത്യന്‍ ആരാധകരില്‍ വിജയ പ്രതീക്ഷ ഉയര്‍ന്നു. പോരാടി തോറ്റ യോദ്ധാവിന്റെ തലയെടുപ്പോടെ ജഡേജയുടെ തെറ്റായ തീരുമാനത്തിന് മുന്നില്‍ നിസ്സാഹായനായി പുറത്തായെങ്കിലും ഹര്‍ദികിന്റെ ബാറ്റിങ് മികവിനൊപ്പം ഒരു റെക്കോഡും നിന്നു. ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി എന്ന റെക്കോഡാണ് ഹര്‍ദിക് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. 32ാം പന്തില്‍ സിക്‌സര്‍ പറത്തി അര്‍ധ സെഞ്ച്വറി നേടിയ ഹര്‍ദികിന്റെ ബാറ്റിങിന് മുന്നില്‍ തിരുത്തപ്പെട്ടത് ആസ്‌ത്രേലിയന്‍ വെടിക്കെട്ട് ഓപണര്‍ ആഡം ഗില്‍ക്രിസ്റ്റ് 33 പന്തില്‍ നേടിയ അര്‍ധ സെഞ്ച്വറിയുടെ കണക്കാണ്. 1999 ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരെയായിരുന്നു ഗില്‍ക്രിസ്റ്റിന്റെ ഈ നേട്ടം.
ഓള്‍ റൗണ്ടര്‍ എന്ന വാക്കിന്റെ അര്‍ഥം കളിക്കളത്തില്‍ മികവുകൊണ്ട് കാട്ടിക്കൊടുത്ത ഹര്‍ദിക് 46 പന്തില്‍ ആറ് സിക്‌സും നാല് ഫോറും പറത്തി 76 റണ്‍സുമായാണ് ക്രീസ് വിട്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം തന്നെ പാകിസ്താനെതിരായ ഫൈനല്‍ മല്‍സരം മറക്കാന്‍ ആഗ്രഹിക്കുമ്പോഴും അഭിമാനത്തോടെ ഇന്ത്യന്‍ ആരാധകര്‍ക്ക് ഓര്‍ക്കാന്‍ ഹര്‍ദികിന്റെ പ്രകടനത്തിന് കഴിഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക