|    Mar 18 Sun, 2018 1:33 pm
FLASH NEWS

ഹര്‍ത്താല്‍: സിപിഎമ്മും സിപിഐയും വെവ്വേറെ പ്രകടനം നടത്തി

Published : 29th November 2016 | Posted By: SMR

നെടുമങ്ങാട്: എല്‍ഡിഎഫ് മുന്നണി തര്‍ക്കം നിലനില്‍ക്കുന്ന ഉഴമലയ്ക്കലില്‍ സിപിഎമ്മും സിപിഐയും വെവ്വേറെ പ്രകടനം നടത്തി. നേരത്തെ നടത്തിയ രാപകല്‍ സത്യഗ്രഹത്തിന്റെ ആലോചന യോഗത്തില്‍ ഒഴിവാക്കിയെന്നാരോപിച്ച് സിപിഐ സത്യഗ്രത്തില്‍ പങ്കെടുത്തിരുന്നില്ല. സിപിഎം നടത്തിയ പ്രകടനം പുതുക്കുളങ്ങര നിന്നും ആരംഭിച്ച് പാറയ്ക്കാറ സമാപിച്ചു. സിപിഐ നടത്തിയ പ്രകടനം കാരനാട് നിന്നും ആരംഭിച്ച് ചാരുംമൂട് സമാപിച്ചു. വെഞ്ഞാറമൂട്: നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇടതു കക്ഷികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വെഞ്ഞാറമൂട്ടിലും പരിസര പ്രദേശങ്ങളിലും പൂര്‍ണം. കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ ഒന്നും തന്നെ തുറന്ന് പ്രവര്‍ത്തിച്ചില്ല. വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണമായും മുടങ്ങി. സ്വകാര്യ ബസ്സുകളും ടാക്‌സികളും, ഓട്ടോറിക്ഷകളും ഓടിയില്ല. ചില ബാങ്കുകള്‍ തുറന്നുവെങ്കിലും കുറച്ചു ഇടപാടുകള്‍ മാത്രമാണ് നടന്നത്. അനിഷ്ട സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടില്ല.വെള്ളറട: വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിയില്ല. റോഡുകള്‍ വിജനമായിരുന്നു. പൊന്നമ്പിയില്‍ തുറന്ന് പ്രവര്‍ത്തിച്ച് പലചരക്ക് കടയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കടന്നത് പ്രതിഷേധത്തിന് ഇടയാക്കി. എസ്‌ഐ ആമിര്‍സിങ് നായകത്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി. കടയുടമയുടെ പരാതിയെ തുടര്‍ന്ന് അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. കാട്ടാക്കട: മലയോര മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം. കാട്ടാക്കട, പൂവച്ചല്‍, കുറ്റിച്ചല്‍, കള്ളിക്കാട്, മാറനല്ലൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ബാങ്കുകളെ ഹര്‍ത്താലില്‍ ഇന്നും ഒഴിവാക്കിയിരുന്നു. അതിനാല്‍ രാവിലെ മുതല്‍ ബാങ്കുകള്‍ക്ക് മുന്നില്‍ പണം പിന്‍വലിക്കാന്‍ ഉള്ളവരുടെ തിരക്കായിരുന്നു. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കല്ലമ്പലം:  ഹര്‍ത്താല്‍ കല്ലമ്പലം മേഖലയില്‍ പൂര്‍ണം. മണമ്പൂര്‍, നാവായിക്കുളം, ഒറ്റൂര്‍, കരവാരം, മടവൂര്‍, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. എല്‍ഡിഎഫ് കുടവൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ മരുതിക്കുന്നില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ഹര്‍ത്താലിന് പിന്തുണച്ചു കൊണ്ട് എസ്ഡിപിഐയും കഴിഞ്ഞ ദിവസം കല്ലമ്പത്ത് പ്രകടനം നടത്തിയിരുന്നു. കോവളം: ഹര്‍ത്താല്‍ കോവളത്ത് പൂര്‍ണം. ഹര്‍ത്താലിനെതുടര്‍ന്ന് ജനജീവിതം സ്തംഭിച്ചെങ്കിലും കോവളം, വിഴിഞ്ഞം, വെങ്ങാനൂര്‍ പ്രദേശങ്ങളിലെ ബാങ്കുകളിലെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചില്ല. വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നും വിഴിഞ്ഞം പള്ളിച്ചല്‍, വിഴിഞ്ഞം പാച്ചല്ലൂര്‍ തിരുവനന്തപുരം റൂട്ടിലേക്കും എട്ടോളം സര്‍വീസുകള്‍ നടത്തിയെങ്കിലും രാവിലെ എട്ടോടെ വിഴിഞ്ഞം പോലിസ് സ്റ്റേഷനു സമീപത്ത് വച്ച് സമരാനുകൂലികള്‍ ബസ്സുകള്‍ തടഞ്ഞതിനെതുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും പ്രവര്‍ത്തിച്ചില്ല. പ്രധാനകവലകളില്‍ വിന്യസിച്ച പോലിസുകാര്‍ ഉച്ചയ്ക്ക് ഭക്ഷണത്തിനായി അലയേണ്ട സ്ഥിതിയും വന്നു. നഗരങ്ങളില്‍ എത്തേണ്ട യാത്രക്കാരായ പലരേയും ഹോസ്പിറ്റല്‍, റെയിവേസ്‌റ്റേഷന്‍, എയര്‍പോര്‍ട്ട്, ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ പോലിസ് സഹായത്തോടെ എത്തിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss