|    Oct 19 Fri, 2018 9:58 am
FLASH NEWS
Home   >  Kerala   >  

ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ സംഘടനകളുടെ ആഹ്വാനം

Published : 7th April 2018 | Posted By: G.A.G

തിരുവനന്തപുരം : ഏപ്രില്‍ 9ന് സംസ്ഥാന തലത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ദലിത് സംഘടനകള്‍ നല്കിയ ആഹ്വാനം വിജയിപ്പിക്കാന്‍ 30ഓളം വരുന്ന ദലിത്ആദിവാസി സംഘടനകളും ബഹുജനസംഘനകളും, ജനാധിപത്യപാര്‍ട്ടികളും തീരുമാനിച്ചു. ഭൂഅധികാര സംരക്ഷണ സമിതി, കെ.പി.എം.എസ്സ്, ആദിവാസി ഗോത്രമഹാസഭ, ഡി.എച്ച്.ആര്‍.എം, സി.എസ്.ഡി.എസ്, കേരള ദലിത് മഹാസഭ, ദലിത്ആദിവാസി മുന്നേറ്റ സമിതി, ഡി.സി.യു.എഫ്, ബി.എസ്.പി, ആര്‍.എം.പി, എന്‍.ഡി.എല്‍.എഫ്, എ.കെ.സി.എച്ച്് എം.എസ്, എന്‍.എ.ഡി.ഒ, കെ.ഡി.എഫ്, കെ.എ.ഡി.എഫ്, ആദിജനമഹാസഭ, ഐ.ഡി.എഫ്, കൊടുങ്ങൂര്‍ കൂട്ടായ്മ, കേരള സ്‌റ്റേറ്റ് വേലന്‍മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പഭൂസമരസമിതി, സിറ്റിസണ്‍സ് ഫോറം, സി.പി.ഐ (എം.എല്‍), റെഡ് സ്റ്റാര്‍, എസ്സ്.സി/എസ്സ്.ടി കോഓര്‍ഡിനേഷന്‍ കമ്മിറ്റി  പാലക്കാട്, എസ്.സ്സി/എസ്സ്.ടി കോഓര്‍ഡിനേഷന്‍ കമ്മിറ്റികാസര്‍ഗോഡ്, മലവേട്ടുവ സമുദായ സംഘംകാസര്‍ഗോഡ്, ഡി.എസ്സ്.എസ്സ്, കേരള ചേരമര്‍ സംഘം, എന്‍.സി.എച്ച്.ആര്‍.ഒ, പെണ്‍പിള്ളഒരുമൈ, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് നേരെ സുപ്രീം കോടതി വിധി ഉയര്‍ത്തിയിരിക്കുന്ന ഗുരുതരമായ ഭീഷണിയാണ് ഹര്‍ത്താലിന് അനുകൂലമായി വ്യാപകമായ ജനപിന്തുണ ലഭിച്ചുകൊണ്ടിരിക്കാന്‍ കാരണമായിരിക്കുന്നതെന്ന് സംഘടനകള്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഉയര്‍ന്ന സമുദായക്കാരുടെ പൗരാവകാശത്തെക്കുറിച്ച് മാത്രം ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതിവിധി തികച്ചും വ്യക്തിനിഷ്ഠവും, പാര്‍ലമെന്റിന്റെ അവകാശങ്ങള്‍ക്കു നേരെ നടത്തിയ കൈകടത്തലുമാണ്. സ്വതന്ത്ര്യഇന്ത്യയില്‍ ജാതിമര്‍ദ്ദനവും കൂട്ടക്കൊലകളും പെരുകിക്കൊണ്ടിരുന്ന പശ്ചാത്തലത്തിലാണ് എസ്.സി/എസ്സ്.ടി സംരക്ഷണത്തിന് പ്രത്യേക ക്രിമിനല്‍ നിയമത്തെക്കുറിച്ച് രാഷ്ട്രം ആലോചിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാനും പാര്‍ലമെന്റ് നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. വിപുലമായ ചര്‍ച്ചകള്‍ക്കും, പഠനങ്ങള്‍ക്കും ശേഷമാണ് എസ്.സ്/എസ്സ്.ടി വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള മറ്റ് സാമ്പത്തികപരിഷ്‌കരണങ്ങളോടൊപ്പം അതിക്രമം തടയല്‍ നിയമവും(1989) പാസ്സാക്കിയത്. ഇരകള്‍ക്ക് വേണ്ടി നീതിനിര്‍വ്വഹണം നടത്താന്‍ മേല്‍പറഞ്ഞ നിയമത്തില്‍ നിയുക്തമായത് ഉത്തരവാദിത്വമുള്ള പോലീസും, ഉദ്യോഗസ്ഥരും, കോടതിയുമാണ്. ജാതീയമായ മുന്‍വിധി ഇത്തരം സംവിധാനങ്ങളെ സ്വാധീനിക്കാതിരിക്കാന്‍ ശിക്ഷാനടപടി വൈകിക്കുന്ന ഉദ്യോഗസ്ഥരെ കൂടി പ്രതിയാക്കാനും, കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നത് എളുപ്പമാക്കാന്‍ കുറ്റങ്ങളെ ജാമ്യമില്ലാത്തവയാക്കിയതും നിയമത്തിന്റെ പ്രത്യേകതകളാണ്. ഇവയെല്ലാം ഉണ്ടായിട്ടും കേസുകളില്‍ പ്രതികളാക്കപ്പെടുന്നവര്‍ കൂട്ടത്തോടെ കുറ്റവിമുക്തമാക്കപ്പെടുന്നതായാണ് കണ്ടുവരുന്നത്. നിയമം ഫലപ്രദമായി നടപ്പാക്കാന്‍ പോലീസും, എകിസിക്യൂട്ടീവും, ജുഡീഷ്യറിയും നാളിതുവരെ ശ്രമിച്ചിട്ടില്ല എന്നതാണ് നിയമനിര്‍മ്മാണം നടത്തിയതിന് ശേഷമുള്ള നിരീക്ഷണം. നിയമം കര്‍ക്കശമാക്കാന്‍ 2015ല്‍ പാര്‍ലമെന്റ് ചിലഭേദഗതികള്‍ കൊണ്ടുവരികയും ചെയ്തു. വസ്തുത ഇതായിരിക്കെ, നിഷ്‌കളങ്കരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നത് എന്ന കോടിതിയുടെ നിരീക്ഷണം ഏകപക്ഷീയമാണ്. നീതിവ്യവസ്ഥയ്ക്കും ജനാധിപത്യവ്യവസ്യ്ക്കും നേരെ സുപ്രീം കോടതി നടത്തിയ കൈയ്യേറ്റം രാജ്യമെമ്പാടും അക്രമത്തെ പ്രോത്സാഹിപ്പിച്ചിരിക്കയാണ്.  വിധിമറികടക്കാനും, ജനാധിപത്യത്തെ സംരക്ഷിക്കാനും പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തണം. ഇതിനായി ദേശീയ തല ക്യാമ്പയില്‍ ശക്തിപ്പെടുത്തും. കേരളത്തില്‍ ഏപ്രില്‍ 25ന് രാജ്ഭവന്‍മാര്‍ച്ച് സംഘടിപ്പിക്കുമെന്നും എം.ഗീതാനന്ദന്‍ (കോഓര്‍ഡിനേറ്റര്‍, ഗോത്രമഹാസഭ),സി.ജെ.തങ്കച്ചന്‍(ഭൂ അധികാര സമിതി) പി.ലീലമാമ്മ (കേരള ചേരമര്‍ സംഘം) ടി.പി.കുട്ടപ്പന്‍ (സാംബവര്‍ മഹാസഭ, ജില്ലാസെക്രട്ടറി) സി.എം.ദാസപ്പന്‍ (ആദിജനസഭ) കെ.കെ.വിജയന്‍   (വി.ജി.എം.എസ്) എന്നിവര്‍ സംയുക്തവാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss