|    Dec 12 Wed, 2018 6:14 pm
FLASH NEWS

ഹര്‍ത്താല്‍; ലക്ഷ്യവും രാഷ്ട്രീയവും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍

Published : 25th April 2018 | Posted By: kasim kzm

റജീഷ് കെ സദാനന്ദന്‍
മഞ്ചേരി: കഠ്‌വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ഹര്‍ത്താലിന്റെ മുഖ്യ സൂത്രധാരര്‍ അറസ്റ്റിലായതോടെ സംഭവത്തിനു പിന്നിലെ ലക്ഷ്യവും രാഷ്ട്രീയവും രണ്ടാംഘട്ടത്തില്‍ അന്വേഷണ വിഷയമാവും. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കൊല്ലം സ്വദേശിയടക്കം അഞ്ചുപേര്‍ ഹര്‍ത്താലിന്റെ മറവില്‍ കലാപം ലക്ഷ്യമിട്ടതിന് അറസ്റ്റിലായി ഇപ്പോള്‍ റിമാന്റിലാണ്. മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ടുള്ള അറസ്റ്റുകള്‍ തുടരുന്നതിനിടെ പോലിസ് നടപടിക്കെതിരേ രാഷ്ട്രീയ പ്രതിരോധം തീര്‍ത്ത് വിവിധ പാര്‍ട്ടികള്‍ രംഗത്തുണ്ട്. ഹര്‍ത്താലിനെ എതിര്‍ത്തു രംഗത്തുണ്ടായിരുന്ന മുഖ്യധാരാ കക്ഷികള്‍ പോലും സ്വന്തം പ്രവര്‍ത്തകര്‍ പിടിയിലായതോടെ നയം മാറ്റുകയാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ജില്ലാ പോലിസ് മേധാവിയുടെ കീഴില്‍ രൂപീകരിച്ച രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഹര്‍ത്താലിനു സാഹചര്യം സൃഷ്ടിച്ചവരെ നിയമത്തിനു മുന്നില്‍ കണ്ടുവന്നത്.
ഇവര്‍ക്കുള്ള സംഘപരിവാര ബന്ധംകൂടി പുറത്തുവന്നതോടെ മുസ്‌ലിം സംഘടനകളില്‍ ഹര്‍ത്താലിന്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ലക്ഷ്യത്തിലെത്താതെ അവസാനിച്ചു. ആദ്യഘട്ട അന്വേഷണത്തില്‍ ഹര്‍ത്താല്‍ അക്രമാസക്തമാവുന്നതിനു കാരണക്കാരായവരെ മാത്രമാണ് പിടികൂടിയതെന്നാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. പ്രതികള്‍ക്കുണ്ടായിരുന്ന സംഘപരിവാര ബന്ധം വെളിച്ചത്തായതോടെയാണിതെന്നും വിലയിരുത്തലുകളുണ്ട്. രണ്ടാംഘട്ടത്തില്‍ കേസന്വേഷണം ഏറ്റെടുക്കുന്ന ൈക്രം ബ്രാഞ്ചിന്റെ പ്രധാന അന്വേഷണ വിഷയം ബോധപൂര്‍വമായി കലാപമുണ്ടാക്കാന്‍ നടത്തിയ ഹര്‍ത്താലിന്റെ ലക്ഷ്യമായിരിക്കും. ഇതിലെ രാഷ്ട്രീയ ഉദ്ദേശങ്ങളും രണ്ടാംഘട്ടത്തില്‍ മാത്രമായിരിക്കും അന്വേഷിക്കുക എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ആശങ്കയിലായിരിക്കുന്നത് ആദ്യം ഹര്‍ത്താലിനെ എതിര്‍ത്തു രംഗത്തുവന്നിരുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ തന്നെയാണ്. വിവിധ ജില്ലകളില്‍ പോലിസ് നടപടികള്‍ക്കെതിരേ ശക്തമായി പ്രതികരിച്ച് മുസ്‌ലിം ലീഗടക്കമുള്ള പാര്‍ടികള്‍ രംഗത്തുണ്ട്. നിരപരാധികളെ വേട്ടയാടുന്നതിനെതിരേയാണ് ഇപ്പോള്‍ ഉയരുന്ന പ്രതിഷേധങ്ങള്‍. നിരപരാധികളെ ഇരകളാക്കി ഹര്‍ത്താലിന്റെ പേരിലുള്ള പോലിസ് നടപടി തുടക്കം മുതല്‍ എതിര്‍ത്ത എസ്ഡിപിഐയുടെ നിലപാടിലേക്കാണ് സ്വന്തം പ്രവര്‍ത്തകരും പിടിക്കപ്പെടുന്നതോടെ വിവിധ കക്ഷികള്‍ എത്തുന്നത്.
മുഖം രക്ഷിക്കാന്‍ ഹര്‍ത്താലില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് മുസ്്‌ലിംലീഗും സിപിഎമ്മും രഹസ്യമായി അന്വേഷിക്കുന്നുമുണ്ട്. സംസ്ഥാന വ്യാപകമായി കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഹര്‍ത്താലിനു വഴിയൊരുക്കിയ ബുദ്ധികേന്ദ്രങ്ങള്‍ കഠ്‌വ സംഭവത്തിന്റെ മറവില്‍ ശ്രമിച്ചതെന്നു പോലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഹര്‍ത്താലിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്ന് നേരത്തെതന്നെ  ആരോപണമുയര്‍ന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss