|    Jul 23 Sun, 2017 2:19 am
FLASH NEWS

ഹര്‍ത്താല്‍ മറവില്‍ വ്യാപക അക്രമം

Published : 14th October 2016 | Posted By: Abbasali tf

പാലക്കാട്:   കണ്ണൂരിലെ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു ബിജെപി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ ജില്ലയില്‍ വ്യാപക അക്രമം. ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ നടത്തിയ ഹര്‍ത്താലില്‍ പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും  കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. ഇരുചക്രവാഹനങ്ങള്‍ പേരിനു മാത്രമെ നിരത്തിലിറങ്ങിയുളളു. ജില്ലയുടെ പല ഭാഗങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.  ഇതേ തുടര്‍ന്ന് ചിലയിടങ്ങളില്‍ വാക്കുതര്‍ക്കങ്ങളും അരങ്ങേറി. പോലിസിന്റെ ഇടപെടലുകള്‍ മൂലമാണ് പലയിടത്തും സംഘര്‍ഷമൊഴിവായത്.   ഒറ്റപ്പാലം കണ്ണിയംപുറത്ത് ബിജെപി-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ  കണ്ണിയംപുറം സ്വദേശികളായ കിരണ്‍, സുജിത്, ശിവരാജ് , കാര്‍ത്തികേയന്‍, വിഷ്ണുരാജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് ഇന്നലെ രാവിലെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രകടനത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചിരുന്നു. ഇതെ തുടര്‍ന്ന് ഇതു ചോദിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചെന്നതാണ് സംഘര്‍ഷത്തിനു കാരണമായത്.ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകനായ കൃഷ്ണദാസിന് ഹര്‍ത്താല്‍  അനുകൂലികളുടെ മര്‍ദനത്തില്‍ കേള്‍വിശക്തി നഷ്ടപ്പെട്ടു. കുഴല്‍മന്ദം ചിതലിയില്‍ കല്ലട എയര്‍ ബസിനുനേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. സംഭവത്തില്‍ ബസിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ആലത്തൂര്‍ പാടൂരില്‍ കോഴിക്കടയ്ക്കു നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമണമുണ്ടായി. നഗരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിലും സംഘര്‍ഷമുണ്ടായി. മറ്റു പാര്‍ട്ടികളുടെ ഫ്‌ളക്‌സുകളും ബാനറുകളും കൊടിതോരണങ്ങളും കീറി നശിപ്പിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് പോലിസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. വാഹനംകിട്ടാതെ വലഞ്ഞവരെ തങ്ങളുടെ വാഹനത്തില്‍ പോലിസ് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു. കാവശ്ശേരി പഞ്ചായത്തില്‍ ഹര്‍ത്താലിന്റെ മറവില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സി പി എം, സി ഐ ടി യു ഡി വൈ എഫ് ഐ സംഘടനകളുടെ കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിച്ചു. കഴനി ചുങ്കം, മന്ദം പറമ്പ് ,കാവശ്ശേരി പഞ്ചായത്ത് എന്നിവടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് നശിപ്പിച്ചത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപി എം നേതൃത്വത്തില്‍ പ്രകടനം നടത്തി. പ്രകടനം സി പി ഐ എം ഏരിയ സെക്രട്ടറി വി ചെന്താമരാക്ഷന്‍ ഉദ്ഘാടനം ചെയ്തു.വി പൊന്നുകുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. കെ എന്‍ നാരായണന്‍, പി സി പ്രമോദ്, കെ രജനീഷ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക