|    Mar 20 Tue, 2018 7:37 pm
FLASH NEWS

ഹര്‍ത്താല്‍ പൂര്‍ണം, ശാന്തം

Published : 29th November 2016 | Posted By: SMR

കോഴിക്കോട്: നോട്ട് അസാധുവാക്കിയ കേന്ദ്രനടപടിക്കെതിരെ എല്‍ഡിഎഫിന്റെ പന്ത്രണ്ടു മണിക്കൂര്‍ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. ഇടതുപക്ഷ പാര്‍ട്ടികളുടെ അഖിലേന്ത്യാ പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന ഹര്‍ത്താലിന് എസ്ഡിപിഐയുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചതിലുള്ള പ്രതിഷേധം കൂടിയായിരുന്നു ഇന്നലെ നടത്തിയ ഹര്‍ത്താല്‍. ബാങ്കിങ് മേഖലയിലെ പ്രത്യേക സാഹചര്യം മുന്‍ നിര്‍ത്തി ബാങ്കുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു. ചെറുകിട വ്യാപാര മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഇതര സംസ്ഥാന ജോലിക്കാരടക്കമുള്ള ദിവസകൂലിക്കാരേയും ഹര്‍ത്താല്‍ വലച്ചു. വലിയങ്ങാടി, മിഠായ്‌ത്തെരുവ്, ചെറുവണ്ണൂര്‍ പാളയം, മാവൂര്‍റോഡ്, മാങ്കാവ്, നടക്കാവ്, മീഞ്ചന്ത തുടങ്ങിയ വ്യവസായ, വാണിജ്യ,വ്യാപാരമേഖലകളില്‍ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. വൈകിട്ട് ആറിന് ഹര്‍ത്താല്‍ അവസാനിച്ചിരുന്നുവെങ്കിലും പിന്നീട് വളരെ കുറച്ചു കടകള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്. ഇന്നലെത്തെ ഹര്‍ത്താലിലും പോലിസ് സേനയും വിവിധ സന്നദ്ധ സംഘടനകളും ‘വഴിയാധാരമായ’ വര്‍ക്കുവേണ്ടി രംഗത്തുണ്ടായിരുന്നു. ദീര്‍ഘദൂരയാത്ര കഴിഞ്ഞ് എത്തിയവരെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് വ്യത്യസ്ത ഭാഗങ്ങളിലേക്ക് പോലിസ് വാനില്‍ യാത്രക്കാരെ കൊണ്ടുപോയി. ഏറെ പ്രയാസമനുഭവിക്കുന്ന മെഡിക്കല്‍ കോളജാശുപത്രിയടക്കമുള്ള ആതുരസേവന കേന്ദ്രങ്ങളിലേക്ക് പോലിസ് വാനുകള്‍ തുടര്‍ച്ചയായി സര്‍വീസ് നടത്തിയത് ഏറെ ആശ്വാസമേകി. കല്ലായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സേവസംഘം അംഗങ്ങള്‍ ഇരുചക്രവാഹനങ്ങളിലാണ് വഴിയില്‍ കുടുങ്ങിയവരെ അവര്‍ക്കാവശ്യമായ ഇടങ്ങളില്‍ എത്തിച്ചത്. പൊതുവെ റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ യാത്രക്കാരുടെ വലിയ തിരക്കുണ്ടായിരുന്നില്ല. മുന്‍കൂട്ടി ഹര്‍ത്താല്‍ ദിനം പ്രഖ്യാപിച്ചതുകൊണ്ട് തന്നെ ജനം വീട് വിട്ടിറങ്ങിയിരുന്നില്ല. സ്വകാര്യ വാഹനങ്ങള്‍ യഥേഷ്ടം സഞ്ചരിച്ചു. ഇരു ചക്രവാഹനങ്ങളാണ് ഏറെയും നിരത്തിലിറങ്ങിയത്. കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തണമെന്ന് എംഡിയുടെ നിര്‍ദേശം ഉണ്ടായിരുന്നുവെങ്കിലും രാവിലെ മാത്രം ചില ദീര്‍ഘദൂര സര്‍വീസുകള്‍ സര്‍വീസ് നടത്തി. സ്വകാര്യ ബസ്സുകള്‍ പൂര്‍ണമായും പണിമുടക്കി. പല റോഡുകളും ഇരുചക്രവാഹന പഠിതാക്കളുടെ ഗ്രൗണ്ടായിമാറി. പുതിയ സ്റ്റാന്റ്, പാളയം സ്റ്റാന്റ് ഭാഗങ്ങളില്‍ താല്‍ക്കാലിക ചായക്കച്ചവടം നഗരത്തിലെ ലോഡ്ജ് മുറികളിലും മറ്റും പാര്‍ക്കുന്നവര്‍ക്ക് ആശ്വാസമായിരുന്നു. വടകര: കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി നിരോധനത്തിനെതിരെ എല്‍ഡിഎഫ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയ ഹര്‍ത്താല്‍ വടകരയില്‍ പൂര്‍ണമായിരുന്നു. നഗരത്തിലെ കടകമ്പോളങ്ങള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ ഒന്നും പ്രവര്‍ത്തിച്ചില്ല. ബസ് സ്റ്റാന്റുകളും മറ്റും വിജനമായികിടന്നു. ദീര്‍ഘ ദൂര യാത്ര കഴിഞ്ഞ് എത്തിയ ചിലര്‍ ഹോട്ടലുകള്‍ അടച്ചിട്ടതിനാല്‍ ഭക്ഷണം കഴിക്കാന്‍ പ്രയാസപ്പെട്ടു. എന്നാല്‍ ഹര്‍ത്താലില്‍ നിന്ന് ബേങ്കുകളെ ഒഴിവാക്കിയതിനാല്‍ വടകരയിലെ എല്ലാ ബേങ്കുകളും പ്രവര്‍ത്തിച്ചു. വടകരയിലെ മിക്ക ബാങ്കുകളുടെ സമീപത്തും ബൈക്കുകളും സ്വകാര്യ വാഹനങ്ങളും കൊണ്ട് നിറഞ്ഞത് ശ്രദ്ധേയമായി. പ്രധാന ബേങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, കനറാ ബാങ്ക്, എസ്ബിഐ, വിജയ ബാങ്ക് തുടങ്ങി ഒട്ടുമിക്ക ദേശസാല്‍കൃത ബാങ്കിനകത്തും പുറത്തും കറന്‍സി നിരോധന ദിവസം മുതലുണ്ടായിരുന്ന പോലെ ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു.  ശനി, ഞായര്‍ ദിവസങ്ങളിലെ ബാങ്ക് അവധി മൂലം മനപ്രയാസത്തിലായിരുന്ന ബാങ്ക് ഇടപാടുകാര്‍ ഹര്‍ത്താല്‍ ദിനത്തില്‍ ബാങ്ക് പ്രവര്‍ത്തിക്കുമെന്നുള്ള പ്രഖ്യാപനം ഏറെ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. അതു കൊണ്ട് തന്നെ ബാങ്കിലെത്തി കൈവശമുള്ള പഴയ 1000, 500 ന്റെ നോട്ടുകള്‍ അക്കൗണ്ടിലിട്ട് പകരം ലഭിക്കുന്ന 24,000 വാങ്ങി പെട്ടെന്ന് വീട്ടിലേക്ക് മടങ്ങാമെന്ന് കരുതി ബാങ്കിലെത്തിയവരെ ഞെട്ടിക്കുന്ന ക്യൂവായിരുന്നു എതിരേറ്റത്. കാലത്ത് എസ്ബിടിയിലെത്തിയവര്‍ക്കു പോലും 200 മേലെയുള്ള ടോക്കണ്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മണിക്കൂറുകള്‍ കഴിഞ്ഞ് ഉച്ചയോടെ മാത്രമെ ഇടപാടുകാര്‍ക്ക് ബാങ്കില്‍ നിന്ന് ഒഴാവാവായത്. ചില ബേങ്കുകളില്‍ ഉച്ചക്കു മുമ്പ് എത്തിയവര്‍ക്ക് ടോക്കണ്‍ ലഭിക്കാതെയും നിരവധി പേര്‍ നിരാശരായോടെയും മടങ്ങേണ്ടി വന്നു. അതേസമയം പണം പിന്‍വലിക്കാന്‍ കുറച്ചൊക്കെ പരിഹാരമാവുന്ന എടിഎമ്മുകള്‍ മിക്കവയും ഷട്ടറിട്ട നിലയിലാണുള്ളത്. മാത്രമല്ല എടിഎമ്മുകളിലാവട്ടെ 2,000 രൂപയുടെ കറന്‍സി മാത്രമെ ഉണ്ടായിരുന്നുള്ളു. അതും വേഗത്തില്‍ തീര്‍ന്നത് പലരെയും വിഷമിപ്പിച്ചു. രണ്ട് ദിവസം അവധിയിലായതിനു ശേഷം തിങ്കളാഴ്ചത്തെ പ്രവൃത്തി ദിവസത്തിലെങ്കിലും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാമെന്ന് കരുതിയവരെ ബാങ്ക് അധികൃതര്‍ നിരാശരാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss