|    Feb 24 Fri, 2017 12:39 am

ഹര്‍ത്താല്‍ പൂര്‍ണം; ജില്ല നിശ്ചലമായി

Published : 29th November 2016 | Posted By: SMR

കൊച്ചി: നോട്ട് പിന്‍വലിച്ച് ജനജീവിതം ദുരിതപൂര്‍ണമാക്കിയ കേന്ദ്രസര്‍ക്കാരിനെതിരേ— എല്‍ഡിഎഫ് നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. സംസ്ഥാനത്തിന്റെ വ്യവസായ തലസ്ഥാനമായ ജില്ലയിലെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫിസുകളുടെയും— സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. കൊച്ചി കോര്‍പറേഷനുള്‍പെടെ 11 നഗരസഭകളിലും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം മുടങ്ങി. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങിയില്ല. കാക്കനാട് സിവില്‍ സ്‌റ്റേഷനിലെ വിവിധ വകുപ്പുകളിലായി 48 ജീവനക്കാരാണ് ജോലിക്കെത്തിയത്. കലക്ടറേറ്റില്‍ 6 പേരും. 2000 ജീവനക്കാരാണ് സിവില്‍ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നത്. അഡ്വക്കേറ്റ് ജനറല്‍ ഓഫിസില്‍ 230 ജീവനക്കാരില്‍ 15 പേരാണ് എത്തിയത്. കമ്മീഷണര്‍ ഓഫിസിലും 15 പേരാണെത്തിയത്. കൊച്ചി, കുഫോസ്, സംസ്‌കൃത സര്‍വകലാശാലകള്‍ ഉള്‍പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. കളമശ്ശേരി, ഏലൂര്‍ വ്യവസായ മേഖലയ്‌ക്കൊപ്പം കാക്കനാട് ഐടി മേഖലയും ഹര്‍ത്താലിനൊപ്പം നിലകൊണ്ടു. ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ മേഖലകളില്‍ ബോട്ട്, ജങ്കാര്‍ സര്‍വീസുകള്‍ നടത്തിയില്ല. ഫോര്‍ട്ട്‌കൊച്ചിയില്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. കൊച്ചി തുറമുഖം, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ എന്നിവയുടെ പ്രവര്‍ത്തനവും മുടങ്ങി. ട്രെയ്‌ലറുകള്‍ സര്‍വീസ് നടത്തിയില്ല. ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും ഇടപാടുകള്‍ കുറവായിരുന്നു. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നും ശബരിമലയ്ക്കുള്ള സര്‍വീസുകള്‍ ഒഴികെ മറ്റ് സര്‍വീസുകളൊന്നും നടത്തിയില്ല. വിവിധ ഡിപ്പോകളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ജോലിക്കെത്തിയത്. വൃശ്ചികോല്‍സവം പ്രമാണിച്ച് തൃപ്പൂണിത്തുറയേയും ശബരിമല ഇടത്താവളമായ ചോറ്റാനിക്കരെയും ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിരുന്നു. മാര്‍ സ്ലീബാ പള്ളിയില്‍— പെരുന്നാള്‍ ആഘോഷിക്കുന്നതിനാല്‍ മഞ്ഞപ്രയേയും ഒഴിവാക്കി. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് എറണാകുളത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. എറണാകുളം ടൗണ്‍ഹാളിന് മുന്നില്‍നിന്നാരംഭിച്ച പ്രകടനം ഹൈക്കോടതി കവലയില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്നയോഗം സിപിഐ ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്തു. ടി എസ് ഷണ്‍മുഖദാസ് അധ്യക്ഷതവഹിച്ചു. സാബുജോര്‍ജ്, പ്രദീപ് പാറപ്പുറം, ടി സി സന്‍ജിത്, വി വി പ്രവീണ്‍, എം പി രാധാകൃഷ്ണന്‍, കുമ്പളം രവി, പി ജെ കുഞ്ഞുമോന്‍, സി എ ഷക്കീര്‍, ബോസ്‌കോ വടുതല, പ്രഭാകര്‍ നായ്ക്, പി ബി റൂസ്‌വെല്‍റ്റ് സംസാരിച്ചു. വൈറ്റിലയില്‍ പ്രകടനവും പൊതുയോഗവും നടന്നു. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനം ചെയ്തു. ടി വി വര്‍ഗീസ് അധ്യക്ഷതവഹിച്ചു. അഡ്വ. എന്‍ സതീഷ്, എം എസ് ഹരിഹരന്‍, എ പി ഷാജി, മനോജ് സംസാരിച്ചു. എല്‍ഡിഎഫ് ഹര്‍ത്താലിന് പിന്തുണയുമായി ശിവസേന ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് പ്രകടനം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക