|    Apr 25 Wed, 2018 4:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹര്‍ത്താല്‍ ദിനത്തിലെ അക്രമം; സമാധാനജീവിതത്തിന് വെല്ലുവിളിയെന്ന് കോടിയേരി; താക്കീതെന്ന് കുമ്മനം

Published : 14th October 2016 | Posted By: SMR

തിരുവനന്തപുരം: അക്രമാസക്തമായ ബിജെപി ഹര്‍ത്താല്‍ കേരളീയരുടെ സമാധാനജീവിതത്തിന് വെല്ലുവിളിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഹര്‍ത്താലിന്റെ മറവില്‍ ജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വാഹനങ്ങള്‍ക്കും കടകള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പോലിസിനും നേരെ നികൃഷ്ടമായ ആക്രമണങ്ങളാണ് ബിജെപിയും ആര്‍എസ്എസും വ്യാപകമായി നടത്തിയത്. ജനങ്ങള്‍ തള്ളിയ ഹര്‍ത്താലിനെ കായികബലംകൊണ്ട് വിജയിപ്പിക്കാനായിരുന്നു ശ്രമമെന്നും കോടിയേരി ആരോപിച്ചു. അതേസമയം, സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ ജനങ്ങളുടെ താക്കീതാണ് സംസ്ഥാനത്തുണ്ടായതെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അവകാശപ്പെട്ടു. രമിത്തിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റെടുത്തു. ഇതൊരു മുന്നറിയിപ്പായി കണക്കാക്കാന്‍ സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും തയ്യാറാവണമെന്നും കുമ്മനം പറഞ്ഞു.
ഹര്‍ത്താലില്‍ നിന്ന് മെഡിക്കല്‍ സേവനരംഗത്തെയും മാധ്യമങ്ങളെയും ഒഴിവാക്കിയെന്ന് പ്രഖ്യാപിച്ചിതിനുശേഷം അവര്‍ക്ക് നേരെ പോലും വ്യാപകമായി ബിജെപിക്കാര്‍ അക്രമം നടത്തിയത് കാടത്തമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ് ചെയ്തത്. ഇവര്‍ക്കെതിരേ കര്‍ശന നടപടി വേണം. കണ്ണൂരിലെ നിലയ്ക്കാത്ത രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒരുഭാഗത്ത് ബിജെപിയുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ചു പ്രവര്‍ത്തകരെ അരുംകൊലചെയ്തതിന് മറയിടാനാണ് ബിജെപി ഹര്‍ത്താല്‍ നടത്തിയതെന്നും ഇത് പരിഹാസ്യമായെന്നും കോടിയേരി പറഞ്ഞു. വഴിപിഴച്ച ഹര്‍ത്താലിലൂടെ സംഘപരിവാരത്തിന്റെ തനിനിറം ജനങ്ങള്‍ കൂടുതലായി മനസ്സിലാക്കിയിരിക്കുകയാണ്. തൊടുപുഴയില്‍ ജില്ലാ ലേബര്‍ ഓഫിസ് അടിച്ച് തകര്‍ത്തവരെ കസ്റ്റഡിയിലെടുത്തപ്പോള്‍ പോലിസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ് ബിജെപി ചെയ്തത്. സെക്രട്ടേറിയറ്റിന് മുമ്പില്‍ സിപിഎമ്മിന്റെ ഫഌക്‌സ് ബോര്‍ഡ് തകര്‍ത്തത് കാമറയില്‍ പകര്‍ത്തിയവരെ അക്രമിച്ചു. സംസ്ഥാനത്തിന്റെ പലഭാഗത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടു. ബിജെപിയും ആര്‍എസ്എസും നടത്തിയ ആക്രമണങ്ങളില്‍ പ്രകോപിതരാവാതെ ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
തലശ്ശേരിയില്‍ എന്‍ ഇ ബാലറാം സ്മാരക മന്ദിരത്തിനുനേരെയും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അപലപിച്ചു. ക്രമസമാധാനനില തകര്‍ന്നുവെന്നു വരുത്തിത്തീര്‍ത്ത് കേന്ദ്ര ഇടപെടലിന് വഴിവയ്ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും കാനം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss