|    Oct 15 Mon, 2018 4:41 pm
FLASH NEWS

ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം: വാഹനങ്ങള്‍ തടഞ്ഞു; നേരിയ സംഘര്‍ഷം

Published : 10th April 2018 | Posted By: kasim kzm

പാലക്കാട്: ദലിത് സംഘടനകള്‍ സംസ്ഥാന വ്യാപകമായി ആഹ്വനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ അരങ്ങേറി. നഗരത്തിലും മറ്റും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും റോഡുപരോധിക്കുകയും ചെയ്തു. കൊല്ലങ്കോട്, പുതുനഗരം, ചിറ്റൂര്‍, വാളയാര്‍, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി ഭാഗങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നെങ്കിലും മണ്ണാര്‍ക്കാട്ട് ഭാഗികമായിരുന്നു. ഇവിടെ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങി, കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു.
രാവിലെ പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അവധി കഴിഞ്ഞുള്ള ദിവസമായതിനാല്‍ ദൂരെ നിന്നു വരുന്ന യാത്രക്കാരുടെ വന്‍ തിരക്കുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പോലിസ് സംരക്ഷണത്തോടെ 20 കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തി. ഇതിനായി സ്റ്റാന്റിന്റെ പിന്‍വശത്തുള്ള ഗേറ്റില്‍നിന്ന് പ്രതിഷേധക്കാരെ പോലിസ് നീക്കം ചെയ്തു. തുടര്‍ന്ന് 19 പേരെ ടൗണ്‍ സൗത്ത് പോലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഉച്ചയോടെ ബൈക്കുകളിലെത്തി നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ച നാലുപേരെയും പോലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. പലയിടത്തും കട അടപ്പിച്ചതിനെ ചൊല്ലി വ്യാപാരികളും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി.
സ്വകാര്യ ബസ്സുകള്‍ ഹര്‍ത്താലുമായി സഹകരിക്കാതെ സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഒന്നുംതന്നെ നിരത്തിലിറങ്ങിയില്ല. അവധി കഴിഞ്ഞുള്ള ദിവസമായതിനാല്‍ കോയമ്പത്തൂരിലേക്ക് യാത്രക്കാരുടെ വന്‍തിരക്ക് അനുഭവപ്പെട്ടതോടെ വാളയാര്‍ വരെ പോലിസ് സംരക്ഷണയോടെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തി. പാലക്കാട് ഡിപ്പോയില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് സാധാരണ പോലെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കുറവായതിനാല്‍ പല സര്‍വീസുകളും നിര്‍ത്തിവയ്ക്കുകയായിരുന്നുവെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ബാങ്കുകളിലെയും സര്‍ക്കാര്‍ ഓഫിസുകളിലെയും ഹാജര്‍നില കുറവായിരുന്നു.
ദലിത് സംഘടനകളോടൊപ്പം യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും എസ്ഡിപിഐയും യുവജനതാദളും പിന്തുണയുമായി എത്തിയിരുന്നു.
ആലത്തൂര്‍: രാവിലെ ടൗണില്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ തുറന്നെങ്കിലും ഹര്‍ത്താലനുകൂലികള്‍  അടപ്പിച്ചു. ദേശീയപാത അണക്കപ്പാറയില്‍ ഹര്‍ത്താലനുകൂലികള്‍ ടയര്‍ കത്തിച്ച് തടസം സൃഷ്ടിച്ചത് പോലിസെത്തി നീക്കം ചെയ്തു. ടൗണില്‍ കടയടപ്പിക്കാന്‍ കേരള ദലിത് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ആറുമുഖന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുദര്‍ശന്‍,ജനറല്‍ സെക്രട്ടറി ഷാഹിദ്  ആലത്തൂര്‍,സതീഷ്,സുരേഷ് ബാബു, മധു കാട്ടുശേരി, ഫവാസ്, ഹാഷിം, ഷംസുദീന്‍  എന്നിവര്‍ നേതൃത്വം നല്‍കി.
കൊല്ലങ്കോട്: ഹര്‍ത്താല്‍ കൊല്ലങ്കോട് പുതുനഗരം കൊടുവായൂര്‍ മുതലമടയിലും പൂര്‍ണമായിരുന്നു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ഓട്ടോ-ടാക്‌സികളും വ്യാപാര സ്ഥാപനങ്ങളും ആറുമണിക്ക് ശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്.
അന്തര്‍ സംസ്ഥാന പാതയായ ഗോവിന്ദാപുരം മംഗലം പാതയില്‍ ചരക്ക് വാഹനങ്ങളെ കടത്തിവിട്ടു. കല്യാണ ആവശ്യത്തിനായി ഓടിയ വാഹനത്തേയും സമരക്കാര്‍ തടഞ്ഞില്ല. രാവിലെ പത്തു മണിയോട് കൊല്ലങ്കോട് ടൗണില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി.
പട്ടാമ്പി: പട്ടാമ്പിയില്‍ സ്വകാര്യ ബസ്സുകള്‍ ഓടാതിരുന്നെങ്കിലും കെഎസ്ആര്‍ടിസി ബസ്സുകള്‍ വല്ലപ്പോഴും ഓരോന്നായി ഓടി. കൊപ്പത്ത് സമരാനുകൂലികള്‍ ഓട്ടോറിക്ഷ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പട്ടാമ്പിയില്‍ ഞായറാഴ്ച രാത്രി ബസ്സിന് നേരെ കല്ലേറും ഉണ്ടായി. എന്നാലിത് സമരക്കാരല്ലെന്നാണ് പോലിസ് പറയുന്നത്. അങ്ങിങ്ങായി ചിലയിടങ്ങളില്‍ ഓരോ കടകള്‍ തുറന്നിരുന്നത് കൊണ്ട് അത്യാവശ്യ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല.
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ ഹര്‍ത്താലിനെ അനുകൂലിക്കില്ലെന്ന് പ്രഖ്യാപിച്ച സ്വകാര്യ ബസ്സുകാരും വ്യാപാര സംഘടനകളും അവസാനം ഹര്‍ത്താലിനെ അനുകൂലിക്കാന്‍ നിര്‍ബന്ധിതമായത് തന്നെ തങ്ങളുടെ നിലപാടുകളുടെ വിജയമാണെന്ന് വിവിധ ദലിത് സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കൊപ്പം, കൂറ്റനാട്, തൃത്താല എന്നിവിടങ്ങളില്‍ വിവിധ സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ദലിത് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രകടനവും നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss