|    Jul 16 Mon, 2018 6:20 pm
FLASH NEWS

ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം; അങ്ങിങ്ങ് അക്രമം

Published : 14th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറി. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും സര്‍വീസ് നടത്തിയില്ല. ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. ചാല, പാളയം തുടങ്ങിയ പ്രധാനമാര്‍ക്കറ്റുകളിലടക്കം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്‌കൂളുകളും പ്രവര്‍ത്തിച്ചില്ല. ഹര്‍ത്താല്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോലിസ്  ഒരുക്കിയത്.  റെയി ല്‍വെ സ്റ്റേഷനിലെത്തിയ യാത്രക്കാരെ ആര്‍സിസിയിലേക്കും എയര്‍പോര്‍ട്ടിലേക്കും ജനറല്‍ ആശുപത്രിയിലേക്കും എത്തിക്കുന്നതിന് പോലിസ് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടത്തി. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സമരക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു. മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് ഹര്‍ത്താലനുകൂലികള്‍ കൈയേറ്റം ചെയ്യുകയും കാമറ തകര്‍ക്കുകയും ചെയ്തത്. കേരളകൗമുദി ഫോട്ടോഗ്രാഫര്‍ അരുണ്‍ മോഹന്റെ കാമറയുടെ ലെന്‍സ് സമരക്കാര്‍ തകര്‍ത്തു. യുഎന്‍ഐയുടെ ഫോട്ടോഗ്രാഫര്‍ സുനീഷിന്റെ കാമറയും കേടുവരുത്തി. മാര്‍ച്ചിന് ശേഷം സ്റ്റാച്യുവില്‍ തുറന്ന് പ്രവര്‍ത്തിച്ച മെഡിക്കല്‍ സ്റ്റോര്‍ സമരക്കാര്‍ അടപ്പിച്ചു. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ സമരാനുകൂലികള്‍ വാഹനം തടഞ്ഞതും നേരിയ സംഘര്‍ഷങ്ങള്‍ക്കിടയാക്കി. ബിഗ് ബസാറിന് സമീപത്ത് വച്ച് ആംബുലന്‍സ് തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഡിവൈഎഫ്‌ഐ പെരുന്താനി ലോക്കല്‍ കമ്മിറ്റിയുടെ ആംബുലന്‍സാണ് തടഞ്ഞത്. ആംബുലന്‍സ് ഡ്രൈവര്‍ ഷാജിയെ സമരാനുകൂലികള്‍ മര്‍ദിച്ചു. ട്രെയിന്‍ സര്‍വീസുകള്‍ പതിവുപോലെ നടന്നെങ്കിലും പൊതുവേ യാത്രക്കാര്‍ കുറവായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയവരെ സഹായിക്കാന്‍ പൊലിസ് സംവിധാനം ഒരുക്കിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഒ രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ നടക്കുന്നത് സിപിഎം ഫാഷിസമാണെന്ന്  മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് രാജഗോപാല്‍  പറഞ്ഞു. നടപടി സ്വീകരിക്കണം: പത്രപ്രവര്‍ത്തക യൂനിയന്‍തിരുവനന്തപുരം: ബിജെപി സംസ്ഥാനവ്യാപകമായി നടത്തിയ ഹര്‍ത്താലിനിടെ സെക്രട്ടേറിയറ്റ് നടയിലേക്കു നടത്തിയ മാര്‍ച്ച് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിക്കുകയും കാമറ തല്ലിത്തകര്‍ക്കുകയും ചെയ്തതിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സി റഹീം, സെക്രട്ടറി ബി എസ് പ്രസന്നന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കാമറയുടെ നഷ്ടപരിഹാരം ബിജെപിയില്‍ നിന്ന് ഈടാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss