|    Apr 23 Mon, 2018 1:38 am
FLASH NEWS

ഹര്‍ത്താല്‍; ജനം വലഞ്ഞു

Published : 14th October 2016 | Posted By: Abbasali tf

കോഴിക്കോട്: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനം അക്ഷരാര്‍ഥത്തില്‍ വലഞ്ഞു. മീഞ്ചന്തയില്‍ ബിജെപി അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കല്ലെറിഞ്ഞു. ബിജെപി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റശ്രമം നടത്തി. സംഘര്‍ഷത്തിലേക്ക് കടക്കും മുമ്പ് നേതാക്കളിടപെട്ട് പ്രശ്‌നം രമ്യതയിലെത്തിച്ചു. ബിജെപിക്കാരുടെ അക്രമം ഭയന്ന് മരുന്നുഷാപ്പുകളും ഹോട്ടലുകളുമടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ തുറന്നിരുന്നില്ല. നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഓടിയിരുന്നു. പന്നിയങ്കരയില്‍ മൂന്ന് മണിയോടെ കെഎസ്ആര്‍ടിസി ബസ്സിന് ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തലശേരിയിലേക്ക് പോവുകയായിരുന്ന കാറിന് നേരെ രാമനാട്ടുകരയില്‍ ആക്രമണമുണ്ടായി. കാറിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് നിസ്സാര പരിക്കേറ്റു. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഹര്‍ത്താല്‍ ഉള്ള വിവരമറിയാതെ ദീര്‍ഘദൂരവണ്ടികളില്‍ സ്‌റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ വീടുകളിലെത്താനാവാതെ പെരുവഴിയില്‍ കുടുങ്ങി. ഓട്ടോറിക്ഷകളും സ്വകാര്യബസുകളും ടാക്‌സികളും അക്രമഭയത്താല്‍ നിരത്തിലിറക്കിയിരുന്നില്ല. മെഡിക്കല്‍ കോളജുകളിലേക്കും റെയില്‍വെ സ്‌റ്റേഷനിലേക്കും മറ്റും പോകേണ്ടിയിരുന്ന യാത്രക്കാര്‍ക്ക് പോലിസ് വാന്‍ സഹായമായി. എല്ലാ ബസ് സ്‌റ്റോപ്പുകളിലും നിര്‍ത്തി പോലിസുകാര്‍ യാത്രക്കാരെ കയറ്റിയാണ് നീങ്ങിയത്. കോഴിക്കോട് പുതിയ ബസ്റ്റാന്റ്, പാളയം സ്റ്റാന്റ് എന്നിവിടങ്ങളില്‍ ദീര്‍ഘദൂര യാത്രക്കെത്തിയവര്‍ രാവിലെ മുതല്‍ വൈകീട്ടുവരേയും കിടന്നുറങ്ങേണ്ട ഗതികേടിലായിരുന്നു. താല്‍ക്കാലിക തട്ടുകളില്‍ ഏഴു രൂപയുടെ ചായക്കും പലഹാരങ്ങള്‍ക്കും 10 രൂപയാണ് ഈടാക്കിയത്. കുടിവെള്ളം പോലുമില്ലാതെ തെരുവിലൂടെ നടന്നാണ് പലരും ഓഫിസുകളിലെത്തിയത്. പ്രസ് ക്ലബ് സംഘടിപ്പിച്ച വാര്‍ത്താചിത്രപ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജനെ മറ്റൊരു ഫോട്ടോഗ്രാഫറായ പി മുസ്തഫ തന്റെ ഇരു ചക്രവാഹനത്തിലായിരുന്നു ചടങ്ങിനെത്തിച്ചത്. നഗരവീഥികളില്‍ കൂട്ടം കൂട്ടമായി നഗരം ചുട്ടെരിക്കാനെന്നോണം ആക്രോശത്തോടെയായിരുന്നു ബിജെപി ക്കാരുടെ തുറന്ന കടകള്‍ പൂട്ടിക്കാനുള്ള തേര്‍വാഴ്ച. ഇരുചക്രവാഹനങ്ങളില്‍ കടന്നുപോയ യാത്രക്കാരാകട്ടെ ഏറെ ഭയത്തോടെയാണ് നീങ്ങിയത്. സംഘപരിവാരക്കാരുടെ തേര്‍വാഴ്ചയാണ് നടന്നത്. സിവില്‍ സ്‌റ്റേഷന്‍, എല്‍ഐസി, പിഡബ്ലുഡി  ഓഫിസുകളില്‍ ജീവനക്കാര്‍ കുറവായിരുന്നു. ജില്ലയിലെ വിവിധ കോടതികളില്‍ 80 ശതമാനം പേര്‍ ജോലിക്കെത്തി. ബീച്ചില്‍ പെട്ടികടകളുള്‍പ്പെടെയുളളവ ബലമായി അടപ്പിച്ചു. നഗരത്തിലെ കേന്ദ്രസംസ്ഥാന ഓഫിസുകളില്‍ 34 ശതമാനം ജീവനക്കാര്‍ ജോലിക്കെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss