|    Feb 22 Wed, 2017 11:56 pm
FLASH NEWS

ഹര്‍ത്താല്‍ ജനം ഏറ്റെടുത്തു

Published : 29th November 2016 | Posted By: SMR

പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിലുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഇടതുമുന്നണി ആഗ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണമായിരുന്നു. കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളുമടക്കം 16 പ്രതിപക്ഷപാര്‍ട്ടികളാണ് ദേശവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരായി നടന്ന ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റെടുത്ത പ്രതീതിയായിരുന്നു ജില്ലയില്‍ ദൃശ്യമായത്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. പെട്രോള്‍ പമ്പുകളും വൈകുംവരെ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കെ എസ് ആര്‍ ടി സി രാവിലെ രണ്ടുസര്‍വ്വീസുകള്‍ മാത്രമാണ് നടത്തിയത്. വൈകീട്ട് ആറോടെ കോഴിക്കോട്, പൊള്ളാച്ചി, കോയമ്പത്തൂര്‍, തൃശൂര്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു. മരുന്നുവില്‍പന കടകളുള്‍പ്പടെ പാലക്കാട് നഗരത്തില്‍ അടഞ്ഞുകിടന്നു. ഹര്‍ത്താലില്‍ എവിടേയും അക്രമസംഭവങ്ങളുണ്ടായില്ല. ഹര്‍ത്താല്‍ ട്രെയിന്‍ ഗതാഗതത്തേയും ബാധിച്ചു. ട്രെയിനുകള്‍ യാത്രികര്‍ വളരേ കുറവായിരുന്നു. ഒറ്റപ്പെട്ട ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളും മാത്രമാണ് നിരത്തിലിറങ്ങിയത്. ദേശീയപാതയില്‍ ചുരുക്കംചില  ചരക്കുവാഹനങ്ങളും കണ്ടയ്‌നര്‍ ലോറികളും ഗതാഗതം നടത്തി. ഷൊര്‍ണൂരില്‍ നടന്ന ശാസ്ത്രമേളയില്‍ പാലക്കാട് വിജയികളായതിനാല്‍ ഇവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ അവധിയായിരുന്നു. മറ്റ് സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍ നില വളരേ കുറവായിരുന്നു. ഹര്‍ത്താലില്‍ നിന്ന് ബാങ്കുകളെ ഒഴിവാക്കിയിരുന്നുവെങ്കിലും അതിന്റെ തിരക്കൊന്നും ബാങ്കുകളില്‍ അനുഭവപ്പെട്ടില്ല. എന്നാല്‍ അവിടെയും ഹാജര്‍ നില കുറവായിരുന്നു. വിവിധ ബാങ്കുകളുടെ എടിഎമ്മുകള്‍ ആളൊഴിഞ്ഞുകിടന്നു. ഹര്‍ത്താലനുകൂലികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. പാലക്കാട് നഗരത്തില്‍ എല്‍ഡിഎഫ് നടത്തിയ പ്രതിഷേധ മാര്‍ച്ച് വിക്‌ടോറിയാ കോളജിന് സമീപത്തു നിന്നും ആരംഭിച്ച് അഞ്ചു വിളക്കിന് സമീപം സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ പാലക്കാട് മണ്ഡലം സെക്രട്ടറി കെ വേലു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, എല്‍ഡിഎഫ് കണ്‍വീനര്‍ വി ചാമുണ്ണി, എന്‍ സി പി ജില്ലാ പ്രസിഡന്റ് ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍, സിപിഎം പാലക്കാട് ഏരിയ സെക്രട്ടറി കെ വിജയന്‍ സംസാരിച്ചു. മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, തൃത്താല, പട്ടാമ്പി, ആലത്തൂര്‍, വടക്കഞ്ചേരി, തരൂര്‍, കൊല്ലങ്കോട്, നെന്മാറ, പുതുശ്ശേരി, മലമ്പുഴ, മുണ്ടൂര്‍, കോങ്ങാട് തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി.പാലക്കാട്: ഐഎന്‍ടിയു സി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഐഎന്‍ടിയു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് ചീങ്ങനൂര്‍ മാനോജിന്റെ നേതൃത്വത്തില്‍ ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ നിന്ന് പ്രകടനം ആരംഭിച്ചു. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന നിലപാട് കേരള സമൂഹത്തെ ഒന്നാകെ ബാധിക്കുമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നിലപാട് എടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രകടനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പിരായിരി, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ഗീതമ്മ ടീച്ചര്‍, ജില്ലാ സെക്രട്ടറിമാരായ സിദ്ദിഖ് ഇരുപ്പശ്ശേരി, സജിത മലമ്പുഴ, സാജു ചാക്കോ, നൗഷാദ്, ഗഫൂര്‍ കല്ലിങ്കല്‍, യൂത്ത്‌വിംഗ് പ്രസിഡന്റ് സനോജ് ഉണ്ണികൃഷ്ണന്‍, റീജണല്‍ പ്രസിഡന്റ് സുഭാഷ് യാക്കര, മോനു ജെ, മണ്ഡലം പ്രസിഡന്റുമാരായ സഹീര്‍, സതീഷ്, അബ്ദുള്‍ ജബ്ബാര്‍, ഉണ്ണികൃഷ്ണന്‍, മണികണ്ഠന്‍, അനില്‍കുമാര്‍, നിക്കോളാസ്, അനില്‍ ബാലന്‍ സംസാരിച്ചു. പാലക്കാട്: നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്രത്തിലെ മോഡി സര്‍ക്കാരിനെതിരെ കോ ണ്‍ഗ്രസ് അഖിലേന്ത്യാ തലത്തില്‍ ആവിഷ്‌കരിച്ച പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ജനകീയ പ്രതിഷേധ കൂട്ടായ്മ നടത്തി.ദുരിതത്തിലായ ജനങ്ങളെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്നതും ദുരിതങ്ങളെയും കഷ്ടപ്പാടുകളെയും കുറിച്ചു സംസാരിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്യുന്ന നടപടി തികച്ചും അപലപനീയമാണെന്നും ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ നിശ്ചലമായിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അതിനെക്കുറിച്ച് ഒരക്ഷരംപോലും പറയാത്ത പ്രധാനമന്ത്രി മോഡിയുടെ നടപടി ഭാരതത്തിലെ ജനങ്ങള്‍ക്ക് അംഗീകരിക്കാനാവാത്തതാണെന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ പ്രസ്താവിച്ചു. കെ പിസിസി സെക്രട്ടറി സി ചന്ദ്രന്‍, യുഡിഎഫ് ചെയര്‍മാന്‍ എ രാമസ്വാമി, ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ അപ്പു, എഐസിസി അംഗം വിജയന്‍ പൂക്കാടന്‍, ഡിസിസി ഭാരവാഹികളായ പി വി രാജേഷ്, എ സുമേഷ്, വി രാമചന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പുത്തൂര്‍ രാമകൃഷ്ണന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക