|    Apr 22 Sun, 2018 8:42 am
FLASH NEWS

ഹര്‍ത്താലില്‍ സാധാരണക്കാര്‍ വലഞ്ഞു

Published : 18th February 2016 | Posted By: SMR

പൂച്ചാക്കല്‍: പള്ളിപ്പുറത്ത് ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലഞ്ഞു.
ബസ് സര്‍വീസുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ പെരുവഴിയിലായി. ചിലയിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ തന്നെ യാത്രക്കാരെ സ്വകാര്യവാഹനങ്ങളില്‍ കയറ്റിവിട്ടുവെങ്കിലും പല സ്ഥലങ്ങളിലും യാത്രക്കാര്‍ക്ക് വാഹന സൗകര്യമില്ലാതിരുന്നതിനാല്‍ കിലോമീറ്ററുകളോളം നടക്കേണ്ടി വന്നു.
ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാവിലെ ഒമ്പതോടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ചേര്‍ത്തല താലൂക്കിലെ പല പ്രദേശങ്ങളും നിശ്ചലാവസ്ഥയിലായി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ബസ് സര്‍വീസുകളും പലതും പാതിവഴിയില്‍ അവസാനിപ്പിച്ചു. ഹോട്ടലുകളും മറ്റും ഉച്ചയോടെ പ്രവര്‍ത്തകരെത്തി ബലഹമായി അടപ്പിക്കുകയായിരുന്നു. ഇതിനെതിരേ പ്രതിഷേധവും ഉയര്‍ന്നു.
ഷിബുവിനെ ഇരുട്ടിന്റെ മറവില്‍ ആക്രമിച്ച് കൊലപ്പെടുത്തിയത് സംഘപരിവാര ശക്തികളാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. ആര്‍എസ്എസുകാരനായ മയക്കുമരുന്ന് മാഫിയയുടെ സ്വതന്ത്ര വിഹാരത്തിന് ഷിബു തടസ്സം നിന്നതാണ് കൊലപാതകത്തിന് കാരണമെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് ഏഴാംവാര്‍ഡ് തുമ്പേച്ചിറയില്‍ ടി സുരേഷ് (ഷിബു-38)ആണ് ഇന്നലെ രാവിലെ മരിച്ചത്. ഞായറാഴ്ച വൈകീട്ട് 7.30ന് വീടിനു സമീപത്തെ തവണക്കടവില്‍ അഞ്ചംഗ സംഘം ഷിബുവിനെ ആക്രമിക്കുകയായിരുന്നു. ഷിബുവിന്റെ വീട്ടില്‍ കയറി ഭാര്യയെയും മാതാവിനെയും ഭീഷണിപ്പെടുത്തുകയും സുഹൃത്ത് അരുണ്‍ പ്രകാശിനെയും സിപിഎം തവണക്കടവ് ബ്രാഞ്ച് സെക്രട്ടറി സുനില്‍ക്കുമാറിനെയും മര്‍ദ്ദിക്കുകയും ചെയ്തു.
തലയ്ക്ക് അടിയേറ്റ ഷിബുവും മറ്റ് രണ്ട് പേരും ഞായറാഴ്ച്ച ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച്ച ആശുപത്രിവിട്ടു. ഇന്നലെ രാവിലെയാണ് വീട്ടില്‍ ഷിബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ ഉറക്കത്തില്‍ നിന്നെഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ വിളിച്ചപ്പോള്‍ മരിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
തുടര്‍ന്ന് മൃതദേഹം ബന്ധുക്കളേറ്റു വാങ്ങി സംസ്‌കരിച്ചു. ഷൈനിയാണ് ഭാര്യ. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസുണ്ടെന്നും ഷിബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സര്‍ജന്‍ ഇന്ന് മൊഴി നല്‍കിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് ചേര്‍ത്തല സിഐ ടോമി സെബാസ്റ്റ്യന്‍ പറഞ്ഞു.
സിപിഎം തവണക്കടവ് ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായിരുന്നു ഷിബു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss