|    Jul 20 Thu, 2017 10:12 pm
FLASH NEWS

ഹര്‍ത്താലില്‍ വലഞ്ഞ് ജനം

Published : 14th October 2016 | Posted By: Abbasali tf

കൊച്ചി: പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനം വലഞ്ഞു. പലയിടത്തും ചെറിയ തോതിലുള്ള അക്രമ സംഭവങ്ങളുണ്ടായി. കളമശ്ശേരി, കോലഞ്ചേരി, പട്ടിമറ്റം എന്നിവിടങ്ങളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും തുറന്ന കടകള്‍ അടപ്പിക്കുകയും ചെയ്തു. ഇവിടങ്ങളില്‍ നിന്ന് രണ്ട് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പലയിടത്തും സിപിഎം കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ടു. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തിയില്ല. സ്വകാര്യ കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. പല സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍നില കുറവായിരുന്നു. കാക്കനാട് ഇന്‍ഫോ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടു. റെയില്‍വെ സ്റ്റേഷനുകളിലും മറ്റും എത്തിയ യാത്രക്കാരെ സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകര്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു. ചിലയിടങ്ങളില്‍ സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകരുടെ കാറുകള്‍ തടഞ്ഞു നിര്‍ത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ സ്റ്റിക്കറുകള്‍ നശിപ്പിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. സേ നോ ടു ഹര്‍ത്താലിന്റെ പോസ്റ്റര്‍ പതിച്ച 18 വാഹനങ്ങളാണ് ഇന്നലെ നഗരത്തില്‍ സേവനത്തിനിറങ്ങിയത്. രോഗികളും ടൂറിസ്റ്റുകളുമടക്കം അഞ്ഞൂറോളം പേരെ ഇവര്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വെ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും ജനറല്‍ ആശുപത്രിയും കേന്ദ്രീകരിച്ചായിരുന്നു ഹര്‍ത്താല്‍ വിരുദ്ധര്‍ വാഹന സേവനം ലഭ്യമാക്കിയത്. യാത്രക്കാരുമായി പോവുന്നതിനിടെ തോപ്പുംപടി, കച്ചേരിപ്പടി, വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍ അനൂകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത്. കൊച്ചി മെട്രൊ റെയിലിന്റെ3 നിര്‍മാണ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടു. നോര്‍ത്ത്, സൗത്ത് റെയില്‍വെ സ്റ്റേഷനുകളിലെത്തിയവര്‍ വാഹനങ്ങള്‍ കിട്ടാതെ മണിക്കൂറുകളോളം കുടുങ്ങി. കെഎസ്ആര്‍ടിസി സര്‍വീസും കുറവായിരുന്നു. ഹര്‍ത്താലിന്റെ ഭാഗമായി എറണാകുളത്ത് ടൗണ്‍ഹാളിനു മുന്നില്‍ നിന്ന് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം ഹൈക്കോടതി ജങ്ഷനു സമീപം അവസാനിച്ചു. തൃപ്പൂണിത്തുറ, ഉദയംപേരൂര്‍, മരട് എന്നീ പ്രദേശങ്ങളില്‍ രാവിലെ തുറന്ന ചായക്കടകള്‍, പെട്ടി കടകള്‍ മുതലായവ ബലം പ്രയോഗിച്ചടപ്പിക്കാന്‍ ശ്രമിച്ചത് ചെറിയ സംഘര്‍ഷത്തിനിടയാക്കി. രാവിലെ റെയില്‍വേ സ്റ്റേഷനിലേക്ക് കാറില്‍ യാത്ര തിരിച്ച മരട് സ്വദേശി ഇക്ബാലിനെയും കുടുംബത്തെയും മരട് കൊട്ടാരത്തിനു സമീപം ഹര്‍ത്താലനുകൂലികള്‍ തടഞ്ഞതും തര്‍ക്കത്തിനിടയാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക