|    Apr 24 Tue, 2018 4:52 am
FLASH NEWS

ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം

Published : 14th October 2016 | Posted By: Abbasali tf

കണ്ണൂര്‍: പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ അക്രമം. ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. തലശ്ശേരി പുതിയ ബസ്സ്റ്റാന്റിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസായ എന്‍ ഇ ബലറാം സ്മാരക മന്ദിരത്തിനുനേരെ ആക്രമണമുണ്ടായി. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. ജനല്‍ച്ചില്ലുകളം കൊടിമരവും തകര്‍ത്തു. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഐ നേതൃത്വം ആരോപിച്ചു. പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. സെയ്താര്‍ പള്ളിക്കടുത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന ടി സി ഉമര്‍ സ്മാരക കെട്ടിടത്തിനുനേരെ ബോംബേറുണ്ടായി. കെട്ടിടത്തിന്റെ ജനലും വാതിലും തകര്‍ന്നു. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. പോലിസില്‍ പരാതി നല്‍കി. അതേസമയം, സ്വകാര്യബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും സര്‍വീസ് നടത്തിയില്ല. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ അപൂര്‍വമായി നിരത്തിലിറങ്ങിയത് ഒഴിച്ചാല്‍ പൊതുയാത്രാ സൗകര്യം പൂര്‍ണമായും തടസ്സപ്പെട്ടു. റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിനിറങ്ങിയ ദീര്‍ഘദൂര യാത്രക്കാര്‍ ലക്ഷ്യസ്ഥലങ്ങളിലേക്ക് പോവാന്‍ വാഹനം കിട്ടാതെ വലഞ്ഞു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്‌കൂളുകള്‍, ബാങ്കുകള്‍ ഉള്‍പ്പെടെ സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്നില്ല. ജില്ലാ കലക്ടറേറ്റിലും ജില്ലയിലെ മിനി സിവില്‍ സ്റ്റേഷനുകളിലും ഹാജര്‍നില നന്നേ കുറവായിരുന്നു. ഹോട്ടല്‍ അടക്കം അടച്ചിട്ടതിനാല്‍ വെള്ളവും ഭക്ഷണവും കിട്ടാതെ നഗരങ്ങളിലെത്തിയവര്‍ ദുരിതത്തിലായി. ചിലയടങ്ങളില്‍ നിരത്തിലിറങ്ങിയ വാഹനങ്ങളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. അക്രമസാധ്യത കണക്കിലെടുത്ത് ജില്ലയിലുടനീളം പോലിസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പാര്‍ട്ടി ഓഫിസുകള്‍ക്കും കാവലേര്‍പ്പെടുത്തി. ദ്രുതകര്‍മ സേന, സ്‌ട്രൈക്കിങ് ഫോഴ്‌സുകളെ കൂടാതെ കെഎപി, എആര്‍ ക്യാംപ് എന്നിവിടങ്ങളിലെ പോലിസും സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടു. കൂത്തുപറമ്പ്, പിണറായി എന്നിവിടങ്ങളിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ പോലിസ് പ്രത്യേക പട്രോളിങ് നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss