|    Dec 12 Wed, 2018 7:44 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹര്‍ത്താലിലൂടെ സംഘപരിവാരം വിശ്വാസികളെ ബുദ്ധിമുട്ടിക്കുന്നു

Published : 18th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഹര്‍ത്താലിലൂടെ സംഘപരിവാരം വിശ്വാസികളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൃശ്ചികം ഒന്നാം തിയ്യതി തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്. ബിജെപിക്ക് ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊന്നും പ്രശ്‌നമല്ലെന്നും കടകംപള്ളി വ്യക്തമാക്കി.
ഹര്‍ത്താല്‍മൂലം കുടിവെള്ളം പോലും കിട്ടാതെ വിശ്വാസികള്‍ ബുദ്ധിമുട്ടുകയാണ്. തുലാം ഒന്നാം തിയ്യതിയും ഹര്‍ത്താല്‍ നടത്തി വിശ്വാസികളെ ബിജെപി ബുദ്ധിമുട്ടിച്ചു. വര്‍ഗീയ വിഷം ചീറ്റി ശബരിമലയെ കലാപഭൂമിയാക്കാനാണ് കെ പി ശശികലയുടെ ശ്രമം. ഇതിനായാണ് ശശികല നിരന്തരം ശബരിമല സന്ദര്‍ശിച്ചത്. ഗത്യന്തരമില്ലാതെയാണ് പോലിസ് ശശികലയെ അറസ്റ്റ് ചെയ്തത്. എന്തിനാണ് ഒരുമാസം നാലുതവണ ശശികല ശബരിമല സന്ദര്‍ശിക്കുന്നതെന്നും മന്ത്രി ചോദിച്ചു. ഗുരുസ്വാമിമാര്‍ പോലും ഇത്തരത്തില്‍ ശബരിമല സന്ദര്‍ശനം നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവില്‍ ജനങ്ങളെ പറ്റിക്കുകയാണ് സംഘപരിവാരം ചെയ്യുന്നത്. രക്തവും മൂത്രവുമൊഴുക്കി നട അടപ്പിക്കുമെന്നു പറഞ്ഞ ഒരു മാന്യനുണ്ടായിരുന്നു. അദ്ദേഹത്തെ ഇപ്പോള്‍ കാണുന്നില്ല. ഇദ്ദേഹം തൃപ്തി ദേശായിയുമായി നില്‍ക്കുന്ന ഒരു ചിത്രം തന്റെ വാട്—സ്ആപ്പിലേക്ക് ഒരു സുഹൃത്ത് അയച്ചുതന്നിരുന്നു. ഇത്തരക്കാരുടെയെല്ലാം ലക്ഷ്യമെന്താണെന്ന് ഇതിലൂടെ വ്യക്തമാണ്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിലെത്തിയ തൃപ്തി ദേശായിയുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയാണു ചെയ്തത്.
അവരുടെ സുരക്ഷയോര്‍ത്താണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കാതിരുന്നത്. രാജ്യാന്തര വിമാനത്താവളത്തില്‍ പ്രശ്‌നമുണ്ടാക്കാനായിരുന്നു പ്രതിഷേധക്കാരുടെ ശ്രമം.
രാജ്യാന്തര വിമാനത്താവളത്തില്‍ പ്രശ്‌നമുണ്ടാക്കുക എന്നതായിരുന്നു ബിജെപിയുടെ പ്ലാന്‍ എ. ശശികല ടീച്ചറെ ഉപയോഗിച്ച് പ്രശ്‌നമുണ്ടാക്കുക എന്നതാണ് പ്ലാന്‍ ബി. ഇനി പ്ലാന്‍ സിയുമായി ബിജെപിയും സംഘപരിവാര ശക്തികളും എത്തുമെന്നും കോടതിവിധിയെ സുവര്‍ണാവസരമായി കാണുന്നവര്‍ക്ക് ഭക്തരോട് യാതൊരു പ്രതിബദ്ധതയുമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss