|    Jun 20 Wed, 2018 11:30 am

ഹര്‍ത്താലിനിടെ ജില്ലയില്‍ വ്യാപക അക്രമം

Published : 14th October 2016 | Posted By: Abbasali tf

കൊല്ലം: സംസ്ഥാനത്ത് ഇന്നലെ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ജില്ലയില്‍ വ്യാപക അക്രമം. വാഹനങ്ങള്‍ തടയരുതെന്ന ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെ രാവിലെ തന്നെ ജില്ലയുടെ പലഭാഗങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. പലയിടത്തും പോലിസിന് കാഴ്ച്ചക്കാരായി നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളു. കരുനാഗപ്പള്ളി തഴവയില്‍ ആയുര്‍വേദ ഡോക്ടറുടെ കാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. അമൃത ആയുര്‍വേദ മെഡിക്കല്‍കോളജ് സൂപ്രണ്ട് വെള്ളിമണ്‍ സ്വദേശി  ഡോ. ശശികുമാറിന്റെ കാറാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തല്ലിതകര്‍ത്തത്.പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം. തഴവ എവിബിഎച്ച് എസ് ജങ്ഷനു സമീപം വച്ചായിരുന്ന സംഭവം. റോഡില്‍ കല്ല് നിരത്തി ഇട്ടിരിക്കുന്നത് കണ്ട് കാര്‍ പിന്നിലേക്ക് എടുത്തപ്പോള്‍  ഒരു സംഘം അക്രമികള്‍  ആയുധങ്ങളുമായെത്തി കാര്‍ തല്ലി തകര്‍ക്കുകയായിരുന്നു. കമ്പിവടിയും മറ്റും ഉപയോഗിച്ച് കാറിന്റെ പെട്രോള്‍ ടാങ്ക് ഉള്‍പ്പടെയാണ് തകര്‍ത്തത്. കാറിലുണ്ടായിരുന്ന ഡോക്ടര്‍ക്ക് പരിക്കില്ല. കൊല്ലം നഗരത്തിലെ ചാമക്കട മാര്‍ക്കറ്റില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് വ്യാപാരികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലിന് ഇടയാക്കി. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഹര്‍ത്താലനുകൂലികള്‍ തകര്‍ത്തു. ഒരു ഹോട്ടലിന് നേരെയും ആക്രമണം ഉണ്ടായി. കല്ലേറില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചാത്തന്നൂരില്‍ ബിജെപി പ്രകടനത്തിന് നേരേ കല്ലേറുണ്ടായത് നേരിയ സംഘര്‍ഷത്തിനിടയാക്കി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എസ് കെ ഷിബു, ബിജു എന്നിവരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. കൊല്ലത്ത് മല്‍സ്യവുമായി വന്ന വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. കൊല്ലം റയില്‍വേ സ്‌റ്റേഷനില്‍ തളര്‍ന്നുവീണ വീട്ടമ്മയെ ആര്‍ പി എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുലര്‍ച്ചെ രണ്ടരയോടെ നീണ്ടകരയില്‍ നിന്നും മല്‍സ്യവുമായി വന്ന പെട്ടിഓട്ടോയ്ക്ക് നേരയും തഴവ അമ്പലമുക്കില്‍ വച്ച്  ആക്രമണം ഉണ്ടായി. പുത്തന്‍ തെരുവ് പനമൂട്ടില്‍ പ്ലാശ്ശേരി തെക്കതില്‍ ഹുസൈന്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോയുടെ ഹെഡ് ലൈറ്റും മുന്‍ ഗ്ലാസും അക്രമികള്‍ അടിച്ച് തകര്‍ത്തു. പുതിയകാവ് ചിറ്റുമൂലയില്‍ കടകള്‍ അടപ്പിക്കുന്നതിനെ ചൊല്ലി ഹര്‍ത്താല്‍ അനകൂലികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. കരുനാഗപ്പള്ളി സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് എത്തി പ്രവര്‍ത്തകരെ വിരട്ടിയോടിക്കുകയായിരുന്നു. മല്‍സ്യത്തൊഴിലാളി യൂനിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച കൊടികളും ബോര്‍ഡുകളും അടിച്ചു തകര്‍ത്തു. അതോടപ്പം രാവിലെ ദേശീയപാതയില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. പലയിടത്തും വഹനങ്ങള്‍ക്ക് നേരെ കല്ലേറും ഉണ്ടായി. പുതിയകാവ്-ചക്കുവള്ളി റോഡിലെ വാഹനങ്ങള്‍ക്ക് നേരെയാണ് അക്രമങ്ങള്‍ ഉണ്ടായത്. പോലിസ് വാഹനങ്ങള്‍ തകര്‍ത്തവര്‍ക്കെതിരേ കേസെടുത്തു. മൂന്നാംകുറ്റിയില്‍ കെഎസ്ഇബി കിളികൊല്ലൂര്‍ സെക്ഷന്‍ ഓഫിസ് ബിജെപി പ്രവര്‍ത്തകര്‍ അടപ്പിച്ചു. രാവിലെ 11ഓടെയാണ് സംഭവം. വൈദ്യുതി സംബന്ധമായ തകരാറുകളുണ്ടായാല്‍ അത് പരിഹരിക്കാനായി അഞ്ചേിലധികം ജീവനക്കാര്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകരെത്തി ഓഫിസ് അടപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഓഫിസിന്റെ സംരക്ഷണത്തിനായി ഉണ്ടായിരുന്ന പോലിസുകാരും അക്രമ സാധ്യത കണക്കിലെടുത്ത് ഓഫിസ് അടക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതോടെയാണ് ഓഫിസ് അടച്ചത്. കല്ലുംതാഴത്ത് ദേശീയപാതയില്‍ കുത്തിയിരുന്ന് ബിജെപി പ്രവര്‍ത്തകര്‍ വഴി തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. നഗരത്തില്‍ ബിഷപ്പ് ജെറോം നഗറിലെ എസ്ബിടിയിലും ഹര്‍ത്താലനുകൂലികള്‍ അക്രമം നടത്തുകയും ഇടപ്പാടുകാരെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൂടാതെ ബാങ്കിന്റെ ജനല്‍ച്ചില്ലകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ആനന്ദവല്ലീശ്വരത്ത് എസ്ബിഐ ശാഖയും ബലമായി അടപ്പിച്ചു. കെഎസ്എഫ്ഇ ശാഖയും ബലമായി അടപ്പിച്ചു.ആര്യങ്കാവ് ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചു. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നിരവധി ചരക്കു വാഹനങ്ങളാണ് കാത്തുകിടന്നത്. എന്നാല്‍ ചെക്ക് പോസ്റ്റില്‍ ഒഴികെ ആര്യങ്കാവ്, അച്ചന്‍കോവില്‍ മേഖലയില്‍ ഹര്‍ത്താല്‍ ബാധിച്ചില്ല. കടകള്‍ ഉള്‍പ്പടെ പ്രവര്‍ത്തിച്ചു. എന്നാല്‍ പുനലൂരില്‍ നിന്നും അച്ചന്‍കോവിലിലേക്ക് സര്‍വീസ് നടത്തിയല്ല. അതേസമയം പുനലൂരില്‍ സിവില്‍ സ്‌റ്റേഷന്‍ ഉള്‍പ്പടെ പ്രവര്‍ത്തിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ പുനലൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിന് മുമ്പ് ചിലയിടങ്ങളില്‍ പ്രവര്‍ത്തകരും റോഡ് യാത്രികരും തമ്മില്‍ വാക്കേറ്റമുണ്ടായി. ചവറ തട്ടാശ്ശേരി കമ്പോളത്തില്‍ മല്‍സ്യം വില്‍ക്കാന്‍ എത്തിയവരും  ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടായി.കൊട്ടാരക്കരയില്‍ അര്‍ധരാത്രിയിലുണ്ടായ കല്ലേറില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട്മണിയോടെ എംസി റോഡില്‍ സദാനന്ദപുരത്താണ് സംഭവം. ഗുരുവായൂര്‍ വഴി തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന തിരുവനന്തപുരം ഡിപോയിലെ ബസ്സിനു നേരെ ആയിരുന്നു കല്ലേറ്. മുന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണമായി തകര്‍ന്നു. തുടര്‍ന്ന് സര്‍വീസ് അവസാനിപ്പിച്ച ബസ് കൊട്ടാരക്കര ഡിപ്പോയിലേക്കു മാറ്റി. കൊട്ടാരക്കര പോലിസ് കേസെടുത്തു.കടയ്ക്കല്‍ കുറ്റിക്കാട് ജങ്ഷനില്‍ വില്‍പ്പനയ്ക്കായി വച്ചിരുന്ന മല്‍സ്യം ബിജെപി പ്രവര്‍ത്തകര്‍ ഓടയിലേക്ക് വലിച്ചെറിഞ്ഞു. ചരിപ്പറമ്പില്‍ മല്‍സ്യവ്യാപാരത്തിനായി വന്ന വാഹനം തടഞ്ഞു മല്‍സ്യം വലിച്ചെറിയുകയും വ്യാപാരിയെ ആക്രമിക്കുകയും ചെയ്തു. ഇദ്ദേഹത്തിന് കാലിന് പരിക്കേറ്റു. എയര്‍പോര്‍ട്ടിലേക്കുള്ള വാഹനങ്ങളെ തടയില്ലെന്ന് ബിജെപി നേതൃത്വം വ്യക്തിമാക്കിയിരുന്നെങ്കിലും ഉമയനല്ലൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ എയര്‍പോട്ടിലേക്ക് ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ ടയറിന്റെ കാറ്റഴിച്ചുവിട്ടു.ഹര്‍ത്താലിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ ,ടാക്‌സി  ഓട്ടോറിക്ഷ എന്നീ വാഹനങ്ങളും നിരത്തില്‍ ഇറങ്ങിയില്ല. മിക്ക സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. കെഎംഎംഎല്‍, ഐആര്‍ഇ എന്നി പൊതു മേഖലാ സ്ഥാപനങ്ങളില്‍ തലേ ദിവസം ജോലിയില്‍ പ്രവേശിച്ചിരുന്ന വരെ വച്ച് ഭാഗികമായി പ്രവര്‍ത്തിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss