|    Jun 23 Sat, 2018 7:46 am
FLASH NEWS

ഹര്‍ത്താലിനിടെ അക്രമം; വാഹനങ്ങള്‍ക്കു കല്ലേറ്

Published : 14th May 2017 | Posted By: fsq

 

പയ്യന്നൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹ് കക്കംപാറയിലെ ചൂരിക്കാട്ട് ബിജു(34)വിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ചിലടിയത്ത് അക്രമം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനിടെ പരിയാരം മെഡിക്കല്‍ കോളജ് പരിസരത്ത് അക്രമവും കല്ലേറും. ആശുപത്രിയുടെ കാഷ്വാലിറ്റിക്ക് നേരെ കല്ലെറിയുകയും രോഗികളുമായി ആശുപത്രിയിലേക്കെത്തിയ ആംബുലന്‍സും മംഗലാപുരത്തേക്കു പോവുകയായിരുന്ന മല്‍സ്യലോറിയും ബൈക്കുകളും തകര്‍ക്കുകയും ചെയ്തു. രണ്ടുമണിക്കൂറോളം മെഡിക്കല്‍ കോളജ് പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഇന്നലെ രാവിലെ 11ഓടെയാണ് അക്രമങ്ങള്‍ അരങ്ങേറിയത്. ദേശീയപാതയോരത്ത് തടിച്ചുകൂടിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇരുചക്ര വാഹനങ്ങളെ പോലും തടഞ്ഞുനിര്‍ത്തി തിരിച്ചയച്ചു. ഇതിനിടയില്‍ മംഗലാപുരത്തേക്ക് മല്‍സ്യവുമായി പോവുകയായിരുന്ന നാഷനല്‍ പെര്‍മിറ്റ് ലോറിക്ക് നേരെ കല്ലെറിഞ്ഞു. ലോറിയുടെ മുന്‍വശത്തെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവറും സഹായിയും ലോറിയില്‍ നിന്ന് ഇറങ്ങിയോടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. റോഡരികില്‍ നിര്‍ത്തിയിട്ട രണ്ട് ബൈക്കുകളും തകര്‍ത്തു. ഇതിനിടെയാണ് രോഗിയുമായെത്തിയ പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ തൃക്കരിപ്പൂരിലെ അബ്ദുര്‍റഹ്്മാനെയും കൊണ്ടെത്തിയ ആംബുലന്‍സ് മെഡിക്കല്‍ കോളജ് കോപൗണ്ടിലെത്തിയപ്പോഴാണ് ആക്രമിച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. ഡ്രൈവര്‍ ആശുപത്രിയിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ ഹര്‍ത്താലനുകൂലികള്‍ കാഷ്വാലിറ്റിയിലെ റെഡ്‌ലൈന്‍ ഏരിയയില്‍ കയറി ചെടിച്ചട്ടികള്‍ കൊണ്ട് എറിഞ്ഞു. കാഷ്വലിറ്റിയുടെ ചില്ല് തകര്‍ന്നു. യുഎസ്ജി മെഷീന് കേടുപാട് സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പോലിസുണ്ടായിരുന്നെങ്കിലും അക്രമികളെ പിന്തിരിപ്പിച്ചില്ല. ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ആര്‍എസ്എസ് നേതാക്കളായ വല്‍സന്‍ തില്ലങ്കേരി, പി വി ഗോപാലന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. സംഭവത്തില്‍ കോളജ് മാനേജിങ് ഡയറകടര്‍ പരിയാരം മെഡിക്കല്‍ കോളജ് പോലിസില്‍ പരാതി നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളിലും വിലാപയാത്ര കടന്നുപോയ റോഡരികിലും സിപിഎമ്മിന്റെയും പോഷകസംഘടനകളുടെയും പതാകകളും കൊടിമരങ്ങളും നശിപ്പിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss