|    Dec 15 Sat, 2018 12:19 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹരേന്‍ പാണ്ഡ്യ വധം വീണ്ടും ചര്‍ച്ചയാവുന്നു

Published : 26th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി ബന്ധപ്പെട്ട സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണവിധേയനായ ഹരേന്‍ പാണ്ഡ്യ കൊലക്കേസ് വീണ്ടും ചര്‍ച്ചയാവുന്നു. സുഹ്‌റബുദ്ദീന്‍ കേസിലെ പ്രധാന സാക്ഷികളിലൊരാളായ അഅ്‌സംഖാന്‍ മുംബൈയിലെ പ്രത്യേക കോടതിയില്‍ ഇതു സംബന്ധിച്ച് മൊഴിനല്‍കിയതോടെയാണിത്. സുഹ്‌റബുദ്ദീനെ കൊലപ്പെടുത്താന്‍ കേസിലെ പ്രതിയും ഐപിഎസ് ഉദ്യോഗസ്ഥനുമായ ഡിജി വന്‍സാരയ്ക്ക് നിര്‍ദേശം നല്‍കിയത് അന്ന് ഗുജറാത്തിലെ മോദി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്‍പാണ്ഡ്യയാണെന്നാണ് അഅ്‌സംഖാന്‍ മൊഴി നല്‍കിയത്.
2010ല്‍ തന്നെ ഇക്കാര്യം കേസന്വേഷിക്കുന്ന സിബിഐക്ക് താന്‍ മൊഴി നല്‍കിയെന്നും എന്നാല്‍ ഈ ഭാഗം തന്റെ മൊഴിയില്‍ ഉള്‍പ്പെടുത്താന്‍ സിബിഐ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും അഅ്‌സംഖാന്‍ പറഞ്ഞു. കാര്യമായ പുരോഗതിയൊന്നുമില്ലാതിരുന്ന ഹേരന്‍ പാണ്ഡ്യ വധക്കേസ് സുഹ്‌റബുദ്ദീന്‍, തുളസീ റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ക്കൊലക്കേസുകളുടെ അന്വേഷണത്തോടെയാണു ചുരുളഴിയാന്‍ തുടങ്ങുന്നത്. പാണ്ഡ്യ കേസില്‍ അസ്ഗര്‍ അലിയെന്നയാളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും 2011ല്‍ ഇയാളെ കോടതി കുറ്റവിമുക്തനാക്കി. 2003ല്‍ അഹ്മദാബാദിലെ ലോ ഗാര്‍ഡന് മുന്നില്‍ വച്ചാണ് ഹരേന്‍ പാണ്ഡെ വെടിയേറ്റു മരിക്കുന്നത്.
കേസ് തുടക്കത്തില്‍ ഗുജറാത്ത് പോലിസ് ഉദ്യോഗസ്ഥനായ വൈ എ ശെയ്ഖ് ആണ് അന്വേഷിച്ചിരുന്നത്. പിന്നീട് എല്‍ കെ അഡ്വാനി കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെ സിബിഐ—ക്ക് കൈമാറി. പാണ്ഡെയെ കൊലപ്പെടുത്തിയതു ഗുജറാത്ത് പോലിസ് തന്നെയായിരുന്നുവെന്നും അത് മോദിക്ക് വേണ്ടിയായിരുന്നെന്നും “തെഹല്‍ക’ ലേഖികയോട് സംസാരിക്കവെ ശെയ്ഖ്് വെളിപ്പെടുത്തിയിരുന്നു. ഉന്നത പോലിസ് ഉദ്യോഗസ്ഥനായിരുന്ന അഭയ് ചുദാസമയ്ക്കും അതില്‍ പങ്കുണ്ടായിരുന്നു. കൊല നടത്തുന്നതിന് മുമ്പുതന്നെ അസ്ഗര്‍ അലിയെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നെന്നും പിന്നീട് അയാളെ പ്രതിയാക്കുകയായിരുന്നുവെന്നും ശെയ്ഖ് പറഞ്ഞു. കേസില്‍ മോദിയെ രക്ഷിക്കാനാണ്് സിബിഐക്ക് അന്വേഷണം കൈമാറിയതെന്നും ശെയ്ഖ് വെളിപ്പെടുത്തി.
സമാനമായ മൊഴിയാണ് ഇപ്പോള്‍ അഅ്‌സംഖാനും നല്‍കിയിരിക്കുന്നത്. സിബിഐ—ക്ക് ഈ മൊഴി നല്‍കി ഒരു മാസത്തിനു ശേഷം ഉദയ്പൂരില്‍ വച്ച് അഅ്‌സംഖാനെതിരേ വധശ്രമമുണ്ടായി. തുടര്‍ന്ന് ഇക്കാര്യം കോടതിയില്‍ വെളിപ്പെടുത്തും വരെ അഅ്‌സംഖാന്റെ മൊഴി സംബന്ധിച്ച് ചര്‍ച്ചയൊന്നും നടന്നിരുന്നില്ല. ഹേരന്‍ പാണ്ഡെയെ കൊലപ്പെടുത്താന്‍ തനിക്കു വന്‍സാര ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നു സുഹ്‌റബുദ്ദീന്‍ തന്നോടു പറഞ്ഞിരുന്നതായി അഅ്‌സംഖാന്റെ മൊഴിയില്‍ പറയുന്നു. നഈം ഖാന്‍, ഷാഹിദ് രാംപുരി എന്നീ തന്റെ സംഘാംഗങ്ങളുമായി ചേര്‍ന്നു താനാണു കൊല നടത്തിയതെന്നു സുഹ്‌റബുദ്ദീന്‍ പറഞ്ഞതായും അഅ്‌സംഖാന്‍ പറഞ്ഞു. ഇക്കാര്യം പുറത്താവാതിരിക്കാനാണു സുഹ്‌റബുദ്ദീനെ കൊന്നത്. സുഹ്‌റബുദ്ദീനെ കൊന്നതു പുറത്താവാതിരിക്കാന്‍ അതിനു സഹായിച്ച തുളസീറാം പ്രജാപതിയെയും കൊന്നു. പാണ്ഡെയെ കൊലപ്പെടുത്തിയതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നു ഭാര്യ ജാഗൃതി പാണ്ഡെ, പിതാവ് വിത്തല്‍ പാണ്ഡെ എന്നിവര്‍ ആരോപിച്ചിരുന്നു.
ഗുജറാത്ത് വംശഹത്യയില്‍ മോദി—ക്കുള്ള പങ്ക് സംബന്ധിച്ച് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സമിതിക്കു മുമ്പാകെ പാണ്ഡ്യ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അയാളെ കൊലപ്പെടുത്തുന്നത്. മോദിക്കു മുമ്പ് ഗുജറാത്ത് ഭരിച്ച കേശുഭായി പട്ടേലിന്റെ വലംകൈയായിരുന്നു ഹരേന്‍പാണ്ഡെ. ശങ്കര്‍സിങ് വഗേല-കേശുഭായി പട്ടേല്‍ എന്നീ ഗ്രൂപ്പുകളുടെ കൈയിലായിരുന്ന ഗുജറാത്ത് ബിജെപിയില്‍ റോളില്ലാതിരുന്ന നരേന്ദ്രമോദി ദേശീയ സെക്രട്ടറിയായി “ഉയര്‍ത്തപ്പെട്ട’ സമയമായിരുന്നു അത്. 2001ലെ ഭൂകമ്പത്തെത്തുടര്‍ന്ന് കേശുഭായി രാജി വച്ച ശേഷം എംഎല്‍എ അല്ലാതിരുന്ന മോദി കരുനീക്കങ്ങളിലൂടെ മുഖ്യമന്ത്രിയാവുക—യായിരുന്നു. മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് സുരക്ഷിത മണ്ഡലം തേടിയ മോദി, ഹേരനിന്റെ എല്ലിസ്ബ്രിഡ്ജ് പരിഗണിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ മോദിക്ക് രാജ്—കോട്ടില്‍ നിന്നു മല്‍സരിക്കേണ്ടി വന്നു. ഇതിനിടെയാണ് വംശഹത്യയുണ്ടാവുന്നതും പാണ്ഡെ മോദി—ക്കെതിരേ മൊഴി നല്‍കുന്നതും. സമിതിക്കു മുമ്പാകെ ഹേരന്‍ വെളിപ്പെടുത്തിയ മൊഴികള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ന്നുകിട്ടി. ആ വര്‍ഷം അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ പാണ്ഡ്യക്കു സീറ്റ് ലഭിച്ചില്ല. ഭാവിവാഗ്ദാനമായി അറിയപ്പെട്ട ഹേരനു സീറ്റ് നിഷേധിച്ചത് പാര്‍ട്ടിയില്‍ ചര്‍ച്ചയായി. പിന്നീട് രാജ്യസഭയിലേക്കും ദേശീയ നേതൃത്വത്തിലേക്കും പാണ്ഡെയുടെ പേര് ഉയര്‍ന്നു. രാജ്യസഭാ സീറ്റ് വാഗ്ദാനവും ദേശീയ നിര്‍വാഹക സമിതിയിലേക്കു നിയമിക്കപ്പെട്ട അറിയിപ്പും അടങ്ങിയ ഫാക്സ് സന്ദേശം ബിജെപി ആസ്ഥാനത്തു നിന്നു ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഹേരന്‍ വെടിയേറ്റ് മരിച്ചത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss