|    Nov 17 Sat, 2018 8:26 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഹരിയുദ്ധ സമാപ്തിക്കു മുമ്പ്‌

Published : 11th August 2018 | Posted By: kasim kzm

നാട്ടുകാര്യം കുന്നത്തൂര്‍ – രാധാകൃഷണന്‍
രാജ്യസഭാ ഉപാധ്യക്ഷന്‍ എന്ന പദവിയിലേക്കുള്ള പ്രയാണം ഇത്ര കടുത്തതാവുമെന്ന് പ്രതിപക്ഷം കരുതിയിരുന്നില്ല. സംഗതി വശപ്പിശകാവുമെന്ന് മുന്‍കൂട്ടിക്കണ്ട വാലും തലയുമില്ലാത്ത എന്‍സിപി, ആദ്യമേ തന്നെ പിന്നാക്കംപാഞ്ഞു. വന്ദന ചൗഹാന്‍ എന്ന മഹതിയെ മുടി ചീകി പൊട്ടു തൊടുവിച്ച് ആദ്യം ആനയിച്ചു. മോദിയാശാനെ ദിവസവും നിര്‍ത്തിപ്പൊരിക്കുന്ന ശിവസേന, ഒഡീഷയിലെ കസേരകളിയില്‍ റെക്കോഡ് സൃഷ്ടിച്ച നവീന്‍ കുട്ടന്റെ ബിജു പാര്‍ട്ടി (ക്ലിപ്തം) എന്നീ അഖിലലോക സംഘടനകളുടെ പിന്തുണ കിട്ടിയാല്‍ വന്ദനപ്പെണ്ണ് കസേരയില്‍ ഇരിക്കുമായിരുന്നു. പഞ്ചാരമില്ലുകാരുടെ അരുമയായ പവാര്‍ അദ്ദേഹത്തിന്റെയും കൂട്ടരുടെയും സ്വപ്‌നം എങ്ങനെ ദുഃഖഗാനമായി എന്നു കോരന്‍ എന്ന മാധ്യമമഹാനുഭാവന്‍ കണ്ടുപിടിച്ചിരിക്കുന്നു. ച്ചാല്‍, പ്രതിപക്ഷത്ത് നുഴഞ്ഞുകയറിയ പശുവാദികളുടെ ചാരന്‍ സംഭവങ്ങളടങ്ങിയ സിഡി കോരന്റെ മേശയില്‍ ഉപേക്ഷിച്ച് അപ്രത്യക്ഷനായിരിക്കുന്നു.
പതിവുപോലെ ചിരിയും ഗൗരവവും കലര്‍ന്ന മുഖം കാണിച്ചുകൊണ്ടാണ് ആര്യബ്രാഹ്മണര്‍ പപ്പു എന്നു വിളിക്കുന്ന രാഹുലന്‍ രംഗപ്രവേശം ചെയ്തത്:
”അപ്പോള്‍ മ്മളെ സ്ഥാനാര്‍ഥി കണ്ണെഴുതി പൊട്ടുതൊട്ട് സുന്ദരിയായി അഭിനയിക്കുന്ന വന്ദന തന്നെയല്ലേ?”
അപ്പോള്‍ എന്‍സിപി എന്ന പെട്ടിയിലിരുന്ന ആള്‍ എഴുന്നേറ്റ് ഇപ്രകാരം മൊഴിചൊല്ലി:
”ഓക്ക് വയറുവേദനയാണ്. ശിവസേനന്‍, നവീന്‍ചേട്ടന്‍ തുടങ്ങിയ മുറിവൈദ്യന്‍മാര്‍ ചികില്‍സിച്ചാല്‍ വേദന മാറുമെന്ന് പറയുന്നുണ്ട്.”
”വൈദ്യന്‍മാര്‍ എന്തു പറയുന്നു?”
”അവര്‍ ഹരിവംശന്‍ എന്ന മഹാമാന്ത്രികന് ശക്തി പകരുന്ന തിരക്കിലാണ്. അതായത്, വന്ദനയുടെ വയറുവേദന മാറില്ല. അതിനാല്‍ ഓക്ക് മല്‍സരിക്കാനാവില്ല.”
ഈ സമയമത്രയും വംഗനാട്ടിലെ സിംഹിണി മമതാ ദീദിയുടെ പ്രതിനിധി മഹാമൗനത്തിലായിരുന്നു. സീതയെയും രാമനെയും ഒരുപോലെ ഭജിക്കാന്‍ ആഗ്രഹിക്കുന്ന അരിവാള്‍ യെച്ചുമാമനാവട്ടെ, വിദൂരതയിലേക്കു ദൃഷ്ടി പായിച്ച് നിദ്രയുടെ അഗാധതയിലേക്കു വഴുതിവീണു. ഈ മഹാസന്ദര്‍ഭത്തില്‍ ഡല്‍ഹിയില്‍ ഇടയ്ക്കിടെ ആപ്പിലാവുന്ന കെജ്‌രി വെളിച്ചപ്പാടായി ഉറഞ്ഞു:
”ആരെ വേണമെങ്കിലും ഞങ്ങള് തുണയ്ക്കാം. ങ്ങള് സാധാരണക്കാരല്ലെങ്കിലും ആം ആദ്മികള്‍ തുണയ്ക്കും. എന്നാല്‍, രാഹുലന്‍ കൊഞ്ചിക്കൊഞ്ചി മുട്ടുകുത്തി ഞങ്ങളെ ക്ഷണിക്കണം. അതാണ് ഞങ്ങളുടെ ഐഡിയോളജി.”
രാഹുലന്‍ കെജ്‌രിയുടെ തിരുവചനം കേട്ടില്ലെന്നു ഭാവിച്ച് ഡെക്കാന്‍ ഹെറാള്‍ഡിലേക്കു മുഖം പൂഴ്ത്തി. അപ്പോള്‍ സമവായ അശരീരി മുഴങ്ങി:
”രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനാര്‍ഥിയെ അഴിമതി കാംഗ്രസും രാഹുലനും തീരുമാനിക്കട്ടെ.”
അശരീരി വേദവാക്യമായി സ്വീകരിച്ച് ബിരിയാണി കഴിക്കാന്‍ മറന്ന് അംഗങ്ങള്‍ സ്ഥലംവിട്ടു.
അങ്ങനെ ഹരിപ്രസാദ് എന്ന പയ്യനെ പ്രതിപക്ഷത്തെ പടക്കുതിരയുടെ വേഷം കെട്ടിച്ചു.
ഒരു ഹരിയെ തകര്‍ക്കുന്നത് മറ്റൊരു ഹരിയാവട്ടെ എന്ന തത്ത്വമനുസരിച്ചാണ് രാഹുലന്‍ പയ്യനെ അണിയിച്ചൊരുക്കിയത്. വംശമോ ജാതിയോ ഇല്ലാത്ത വെറും സിങായ ഹരിവംശനെ ഹരിപ്രസാദ് കീഴടക്കും എന്നു വിചാരിച്ചിരിക്കയല്ലേ കലൈഞ്ജറുടെ മരണം സംഭവിച്ചത്. രാഹുലനും കൂട്ടരും ദുഃഖിച്ചിരിക്കെ മോദി, അമിതന്‍, രാജനാഥന്‍ എന്നീ ത്രിമൂര്‍ത്തികള്‍ പകിടകളി തീവ്രമാക്കി. മൊബൈല്‍ ഫോണുകള്‍ക്ക് പണി കൂട്ടി. വിജയപ്രദമായ ആ നയതന്ത്രകോളുകളിലെ ചടുലമായ സംഭാഷണങ്ങള്‍ കരുണാനിധിയുടെ തിരക്കഥയേക്കാള്‍ ചടുലമാണെന്നാണ് പറയപ്പെടുന്നത്.
മോദിയാശാന്‍: ”നവീന്‍ പൊന്നുകുട്ടനല്ലേ? ങ്ങളെ വോട്ട് മാധ്യമ വിശാരദനായ മ്മളെ ഹരിവംശന് കൊടുക്കണം. ഓന്‍ അസ്സല് കുട്ടിയാണ്. പോരാത്തതിന് മുന്‍ പ്രധാനി എസ് ചന്ദ്രശേഖറുടെ അരുമയുമായിരുന്നു.”
നവീന്‍ചേട്ടന്‍: ”വോട്ട് തരാം. നന്ദിയും ഓര്‍മയുമുണ്ടായിരിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പാണ് വരുന്നത്.”
മോദി: ”ഒക്കെ ഞാനേറ്റു. ഭാരതം എത്ര സുന്ദരമായ പദം!” ശിവസേനാ മാന്ത്രികന്‍ ഉദ്ധവനാണ് അമിതന്റെ ഫോണെടുത്തത്. ഉദ്ധവന്‍: ”ആരാണ് സ്മാര്‍ട്ട് ഫോണ്‍ കറക്കിയത്? എന്തു വേണം?”
”ഞാന്‍ അമിതനാണ്. ഹരിക്കുട്ടനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.”
‘ഏതു ഹരി?’ ”ഹരിപ്രസാദിനല്ല, ഹരിവംശനാണ് വോട്ട് നല്‍കേണ്ടത്.”
”കല്‍പിക്കരുത്; അപേക്ഷിച്ചാല്‍ വോട്ട് പരിഗണിക്കാം.” ‘അങ്ങനെ സങ്കല്‍പിച്ചുകൊള്ളുക.’ ”വോട്ട് തരാം. മോദിയെയും അന്നെയും നിര്‍ത്തിപ്പൊരിക്കുന്നത് സാമ്‌ന ആജീവനാന്തം തുടരും.”
”തീര്‍ച്ചയായും. നിര്‍ത്തിപ്പൊരിക്കലില്ലെങ്കില്‍ ഞങ്ങള്‍ക്കും ഒരു രസമില്ല. ജനാധിപത്യത്തിന്റെ അതിജീവനത്തിന് അതു കൂടിയേ തീരൂ.”
”അപ്പോള്‍ ഹരിക്ക് വോട്ട് കുത്തുമെന്ന് ഉറപ്പിച്ചോ. പകരം എന്തുതരും?”
”ഒരു പുതിയ സിന്ധിപ്പശുവിനെ മാതോശ്രീയിലേക്ക് അയക്കാം. 50 ഇടങ്ങഴി പാല്‍ ചുരത്തും. ഗോമാതാ കീ ജയ്.”
അങ്ങനെയാണ് ബലാലേ, കാവിപ്പട ജയിച്ച ഹരിയുദ്ധം വലിയ പരിക്കില്ലാതെ പര്യവസാനിച്ചത്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss