|    Jan 19 Thu, 2017 6:43 pm
FLASH NEWS

ഹരിയാന പോലിസിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊല; ഞെട്ടിക്കുന്ന വിവരങ്ങളുമായി മുംബൈ പോലിസ്

Published : 7th October 2016 | Posted By: SMR

മുംബൈ: മുംബൈ നഗരത്തില്‍ അന്ധേരിയിലെ ഹോട്ടല്‍മുറിയില്‍ വച്ച് ഹരിയാന പോലിസ് നടത്തിയ ആസൂത്രിത കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മുംബൈ പോലിസ് വെളിപ്പെടുത്തി. സുഹൃത്തുക്കളോടൊപ്പം മുംബൈയിലെത്തിയ ഹരിയാനയിലെ സന്ദീപ് ഗഡോളി എന്ന യുവാവിനെയാണ് ഏറ്റുമുട്ടല്‍ എന്ന പേരില്‍ ഹോട്ടല്‍മുറിയില്‍ വെടിവച്ചുകൊന്നത്.
2016 ഫെബ്രുവരി ഏഴിന് അതിരാവിലെയായിരുന്നു സംഭവം. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത അഞ്ചു പോലിസുദ്യോഗസ്ഥരെയും മറ്റു മൂന്നുപേരെയും പ്രതിയാക്കി മുംബൈ പോലിസ് കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. എട്ടു പ്രതികളില്‍ ആറുപേര്‍ അറസ്റ്റിലായി. രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്.
ഗുഡ്ഗാവ് സ്വദേശിനിയും സന്ദീപിന്റെ കാമുകിയുമായ ദിവ്യാപൂജ എന്ന യുവതിയും ഏതാനും സുഹൃത്തുക്കളുമൊത്താണ് സന്ദീപ് ഫെബ്രുവരി ആറിനു മുംബൈയിലെത്തിയത്. ഹരിയാന പോലിസിലെ ഏതാനും പേരും കൊലപാതകം ലക്ഷ്യമിട്ടെത്തിയ ഒരാളും ചേര്‍ന്ന് പിന്തുടര്‍ന്ന് സന്ദീപിനെ വധിക്കുകയായിരുന്നു. മുംബൈ പോലിസിന്റെ ഇടപെടലാണ് വ്യാജ ഏറ്റുമുട്ടല്‍ കഥ പുറത്തറിയാന്‍ കാരണമായത്.
കാമുകിയുടെയും മാതാവിന്റെയും സഹായത്തോടെയാണ് കൃത്യം നടത്തിയതെന്ന് പോലിസ് കണ്ടെത്തി. ഹോട്ടലില്‍ രണ്ടു മുറി ബുക്ക് ചെയ്തിരുന്നു. ഒന്നില്‍ സുഹൃത്തുക്കളും മറ്റൊന്നില്‍ സന്ദീപും കാമുകിയും താമസിച്ചു. അതിരാവിലെ ഇരച്ചുകയറിയ ഹരിയാന പോലിസുകാര്‍ സുഹൃത്തുക്കളെ ബന്ദിയാക്കി മുറിക്ക് പുറത്ത് കാവല്‍നിന്നു. വിവരമറിഞ്ഞെത്തിയ മുംബൈ പോലിസ് എസിപി ഇരുമുറികളിലേക്കും മാറി മാറി ഇന്റര്‍കോം വഴി വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് മുറിയില്‍ തടവിലായിരുന്ന സുഹൃത്തുക്കളെ മോചിപ്പിച്ചു. മറ്റൊരു മുറിയില്‍ രക്തത്തില്‍ കുളിച്ചുകിടന്ന സന്ദീപിന് അരികെയുണ്ടായിരുന്ന പോലിസുകാരെയും കാമുകിയെയും ഉടന്‍ അറസ്റ്റ് ചെയ്തു.
സന്ദീപിനെ ആസൂത്രിതമായി കൊല ചെയ്യുകയായിരുന്നുവെന്ന് മുംബൈ പോലിസ് അറിയിച്ചു. സന്ദീപിനെ ചുവരിനരികെ ചേര്‍ത്തുനിര്‍ത്തി വെടിവയ്ക്കുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പറയുന്നു. ഹോട്ടല്‍ ജീവനക്കാരാണ് യഥാസമയം മുംബൈ പോലിസിന് വിവരം നല്‍കിയത്. സന്ദീപിന്റെ പേരില്‍ ഹരിയാനയില്‍ നിരവധി കേസുകളുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 671 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക