|    Apr 25 Wed, 2018 8:40 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹരിയാന പോലിസിന്റെ ബിരിയാണി വേട്ടയില്‍ പൊറുതിമുട്ടി വ്യാപാരികള്‍

Published : 11th September 2016 | Posted By: SMR

southlive_2016-09_09518386

ഛണ്ഡീഗഡ്: ഹരിയാന പോലിസിന്റെ ബീഫ് ബിരിയാണി വേട്ടയില്‍ പൊറുതിമുട്ടി സംസ്ഥാനത്തെ മുസ്‌ലിം ഭുരിപക്ഷ ജില്ലയായ മേവത്തിലെ തെരുവോര വില്‍പനക്കാര്‍. ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ബീഫ് വില്‍പനയ്ക്കുള്ള നിരോധനത്തിന്റെ മറവിലാണ് പോലിസ് വേട്ട. കഴിഞ്ഞ ദിവസം മുതല്‍ മേവത്തിലെ തെരുവ് ഭോജന ശാലകളില്‍നിന്നു പരിശോധനയ്‌ക്കെന്ന പേരില്‍ ബിരിയാണി സാംപിളുകള്‍ ശേഖരിക്കാന്‍ മല്‍സരിക്കുകയാണ് പോലിസ്.
ഗോവധവും ഗോമാംസ വില്‍പനയും നിരോധിച്ച സംസ്ഥാനത്ത് ഗോവധത്തിന് പത്ത് വര്‍ഷമാണ് ശിക്ഷ. പോലിസ് കടന്നുകയറ്റം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥമൂലം ആട്ടിറച്ചിയും പോത്തിറച്ചിയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ‘ഗോഷ്തും വില്‍ക്കാനാവാത്ത സ്ഥിതിയിലാണ് മേവത്തിലെ വ്യാപാരികള്‍. പോലിസ് നടപടിമൂലം ബിരിയാണി പ്രേമികളും ഈ വഴി വരുന്നില്ലെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കുന്നു. നേരത്തേ 30ഓളം കച്ചവടക്കാരാണ് നുഹ് മേഖലയില്‍ ബിരിയാണി വില്‍പന നടത്തിയിരുന്നത്. ഇതില്‍ പാതി കടകളും ഇപ്പോള്‍ നഷ്ടത്തിലാണെന്ന് കച്ചവടക്കാരനായ മുഹമ്മദ് അക്ബര്‍ പറയുന്നു. പോലിസ് നടപടി ഭയന്ന ഗോഷ്തിന്റെ വില്‍പനയും നിര്‍ത്തിവച്ചു. ദിനേന പോലിസെത്തി സാംപിള്‍ ശേഖരിച്ച് ചിത്രമെടുത്തു പോവുകയാണ്. പോലിസ് റെയ്ഡ് ആരംഭിച്ചതിനു ശേഷം കച്ചവടത്തില്‍ 50 ശതമാനം ഇടിവുണ്ടായതായി നുഹ് മേഖലയിലെ മറ്റൊരു ബിരിയാണി വില്‍പനക്കാരന്‍ മുഹമ്മദ് ഷാഹിദും സാക്ഷ്യപ്പെടുത്തുന്നു. ഡിഐജി ഭാരതി അറോറയാണ് റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പോലിസുകാര്‍ ബിരിയാണി കളഞ്ഞ് പാത്രങ്ങള്‍ കണ്ടുകെട്ടുകയാണ്. പോത്ത് ബിരിയാണിയാണ് വില്‍ക്കുന്നതെന്ന് പലയാവര്‍ത്തി വ്യക്തമാക്കിയിട്ടും പോലിസ് ചെവികൊള്ളുന്നില്ലെന്ന് ബിരിയാണി കച്ചവടക്കാരനായ ഷൗക്കത്ത് പരാതിപ്പെടുന്നു. ലോറിയല്ലാത്ത ഏതൊരു വാഹനം കണ്ടാലും ഭയന്ന് ഇപ്പോള്‍ കടയ്ക്ക് താഴിടാറാണ് പതിവെന്നും ഇയാള്‍ വ്യക്തമാക്കുന്നു. ഈ മാസം മാത്രം തങ്ങളുടെ 22 ബിരിയാണി പാത്രങ്ങള്‍ പോലിസ് പിടിച്ചെടുത്തെന്ന് ഇര്‍ഫാന്‍ എന്ന വ്യാപാരി പറയുന്നു.
അതേസമയം, ഗോ ദൗത്യസേനയുടെ ചുമതലയുള്ള ഡിഐജി ഭാരതി അറോറ റെയ്ഡിനെ ന്യായീകരിക്കുകയാണ്. പരാതികള്‍ വര്‍ധിച്ചതോടെയാണ് പോലിസ് തിരച്ചില്‍ ശക്തമാക്കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഹിസാറിലെ ലാലാ ലജ്പതി റായ് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലാണ് ബിരിയാണി സാമ്പിളുകള്‍ പരിശോധിക്കുന്നത്. പോലിസ് നടപടിയെ മേവത്തിലെ കോണ്‍ഗ്രസ് നേതാവ് അഫ്താബ് അഹ്മദ് വിമര്‍ശിച്ചു.
അതിനിടെ, സാംപിള്‍ പരിശോധനയില്‍ ഏഴെണ്ണത്തില്‍ ബീഫ് അടങ്ങിയതായി കണ്ടെത്തിയെന്ന് ഹരിയാന മന്ത്രി അനില്‍ വിജ് അവകാശപ്പെട്ടു. തങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരല്ലെന്നും മന്ത്രി പറഞ്ഞു. ഹരിയാനയിലെ മേവത്ത് മേഖലയില്‍ ബിരിയാണി സാമ്പിളുകള്‍ ശേഖരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ സിപിഎം അപലപിച്ചു. സാമ്പിള്‍ ശേഖരണം നിര്‍ത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss