|    Jul 26 Wed, 2017 8:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹരിയാന നിയമസഭയില്‍ നഗ്നസന്ന്യാസിയുടെ പ്രസംഗം; ശ്രോതാക്കളായി ഗവര്‍ണറടക്കമുള്ളവര്‍

Published : 28th August 2016 | Posted By: SMR

tarun-sagar-sannyasi

ചണ്ഡീഗഡ്: പൂര്‍ണ നഗ്‌നനായി ഹരിയാന നിയമസഭയെ അഭിസംബോധന ചെയ്ത് സന്ന്യാസി. വര്‍ഷകാല സഭാസമ്മേളനത്തിന്റെ ആദ്യദിനമായ ശനിയാഴ്ചയാണ് ജൈനസന്ന്യാസി തരുണ്‍ സാഗര്‍ പ്രസംഗിച്ചത്. ഭാര്യമാരുടെ കടമകള്‍, പെണ്‍ഭ്രൂണഹത്യ, പാകിസ്താന്‍ എന്നീ കാര്യങ്ങള്‍ 40 മിനിറ്റ് നീണ്ട പ്രഭാഷണത്തില്‍ വിഷയമായി. പ്രസംഗം ശ്രവിക്കാന്‍ ഗവര്‍ണറും സഭയിലെത്തിയിരുന്നു. ഗവര്‍ണറുടെ ഇരിപ്പിടത്തിന് തൊട്ടുമുകളില്‍ സജ്ജീകരിച്ച പ്രത്യേക പീഠത്തിലായിരുന്നു സന്ന്യാസിയുടെ പ്രഭാഷണം. വിദ്യാഭ്യാസമന്ത്രി രാംവിലാസ് പാസ്വാന്‍ ശര്‍മയുടെ ക്ഷണം സ്വീകരിച്ചാണ് സാഗര്‍ എത്തിയത്.
ഭാര്യമാരുടെ കര്‍ത്തവ്യങ്ങളെ കുറിച്ച് ഓര്‍മിപ്പിച്ച സന്ന്യാസി രാഷ്ട്രീയത്തില്‍ ധര്‍മത്തിന്റെ നിയന്ത്രണം അനിവാര്യമാണെന്നും ഭര്‍ത്താവ് ധര്‍മമാണെന്നും ഭാര്യ രാഷ്ട്രീയമാണെന്നും സൂചിപ്പിച്ചു. ഭാര്യയുടെ സംരക്ഷണം ഭര്‍ത്താവിന്റെ കര്‍ത്തവ്യമാണ്. ഭര്‍ത്താവിനെ അനുസരിക്കേണ്ടത് ഭാര്യമാരുടെ കര്‍ത്തവ്യവും. പെണ്‍ഭ്രൂണഹത്യയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇത് സമൂഹത്തിന്റെ ക്രമം തെറ്റിക്കും. കുറ്റകൃത്യങ്ങളിലേക്കും ബലാല്‍സംഗങ്ങളിലേക്കും നയിക്കും. ഈ പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയമായും സാമൂഹികമായും മതപരമായും രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍മക്കളുള്ള മാതാപിതാക്കളെ മാത്രമേ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിക്കാവൂ. പെണ്‍കുട്ടികളുള്ള വീടുകളില്‍ നിന്നുള്ളവര്‍ക്ക് മാത്രമേ പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കൂ എന്നും മാതാപിതാക്കള്‍ തീരുമാനിക്കണം. ഈ രീതി പിന്തുടര്‍ന്നാല്‍ ഫലം പ്രതീക്ഷകള്‍ക്കും അപ്പുറമായിരിക്കും- അദ്ദേഹം പറഞ്ഞു.
അയല്‍രാജ്യം തീവ്രവാദം വളര്‍ത്തുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു തവണ തെറ്റുപറ്റുന്നവര്‍ അജ്ഞനാണെങ്കില്‍ രണ്ടു തവണ തെറ്റുപറ്റുന്നവന്‍ നിഷ്‌കളങ്കനാണെങ്കില്‍ മൂന്നു തവണ തെറ്റുപറ്റുന്നവന്‍ പിശാചാണെങ്കില്‍ തുടരെത്തുടരെ തെറ്റുപറ്റുന്നവന്‍ പാകിസ്താനാണ്. തുടര്‍ച്ചയായി മാപ്പുനല്‍കുന്നത് ഇന്ത്യയും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക