|    Sep 21 Fri, 2018 3:06 pm
FLASH NEWS

ഹരിപ്പാട് വണ്‍വെ യാഥാര്‍ഥ്യമായി

Published : 21st January 2017 | Posted By: fsq

 

ഹരിപ്പാട്: ഹരിപ്പാട്് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഇന്നലെ മുതല്‍ വണ്‍വേ സംവിധാനം യാഥാര്‍ഥ്യമായി. രാവിലെ എട്ടു മുതലാണ് വണ്‍വേ നടപ്പായത്. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും ഇടറോഡുകള്‍ നഗരത്തിലേക്ക് കയറുന്ന ഭാഗങ്ങളിലും പോലിസ് ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിരുന്നു. ഇതിനാല്‍ വാഹനങ്ങള്‍ ഒന്നും നിയമം തെറ്റിച്ച് കടന്നു പോയില്ല. പാര്‍ക്കിങ് ഏരിയയില്‍ തെറ്റായ രീതിയില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ നമ്പര്‍ പോലിസ് രേഖപ്പെടുത്തി. ട്രാഫിക് നിയമം തെറ്റിക്കുന്നവരെ ഒരാഴ്ചത്തേക്ക് ബോധവല്‍ക്കരണം നല്‍കി വിടുകയാണ് ചെയ്യുന്നതെന്നും ശേഷം പെറ്റികേസ് എടുക്കുമെന്നും പോലിസ് പറഞ്ഞു. വണ്‍വേ സംവിധാനം വന്നതോടെ നഗരത്തില്‍ സാധാരണ കാണാറുള്ള ഗതാഗതക്കുരുക്ക് ഇല്ലാതായി. വാഹനങ്ങള്‍ക്ക് തിരക്കില്‍ പെടാതെ കടന്നുപോവാന്‍ സാധിക്കുന്നത് ജനങ്ങളെ വണ്‍വേ സംവിധാനത്തോട് മാനസികമായി അടുപ്പിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ കച്ചവടം കുറഞ്ഞതായി വ്യാപാരികള്‍ പരാതി പറയുന്നുണ്ട്. എന്നാല്‍ ആളുകള്‍ വണ്‍വേയുമായി പരിചിതമാകുന്നതോടെ ഈ പ്രശ്‌നത്തിനും പരിഹാരമാവുമെന്നാണ് പ്രതീക്ഷ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ കൂടിയ സര്‍വകക്ഷി യോഗത്തില്‍ എടുത്ത തീരുമാന പ്രകാരമാണ് വണ്‍ വേ സംവിധാനം ഇന്നലെ മുതല്‍ നിലവില്‍ വന്നത്.പള്ളിപ്പാട് ഭാഗത്തുനിന്നു പടിഞ്ഞാറോട്ട് വരുന്ന വാഹനങ്ങള്‍ എഴിയ്ക്കകത്ത് ജങ്ഷനില്‍ നിന്നും തെക്കോട്ട് തിരിഞ്ഞാണ് പോവുന്നത്. വീയപുരം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ടൗണ്‍ഹാള്‍ ജങ്ഷനിലെത്തിയ ശേഷം ഏഴിയ്ക്കകത്ത് ജങ്ഷന്‍ വഴിയോ മാധവാ ജങ്ഷന്‍ വഴിയോ പോവുന്നുണ്ട്.സര്‍ക്കാര്‍ ഏജന്‍സിയായ നാറ്റ്പാക്ക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ടൗണ്‍ഹാള്‍ ജങ്ഷന്‍ മുതല്‍ ആശുപത്രി ജങ്ഷന്‍ വരെ റോഡിന് ഇരുവശവും ഓടകള്‍ നിര്‍മിച്ച് ഫുഡ്പാത്ത് ഒരുക്കിയത്. നഗരത്തില്‍ അനുഭവപ്പെടുന്ന തിരക്കും ട്രാഫിക് ബ്ലോക്കും ഒഴുവാക്കാന്‍ മറ്റ് മാര്‍ഗം ഇല്ലാത്ത സാഹചര്യത്തിലാണ് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുന്നത്. തിരക്കുള്ള സമയത്ത് റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ചരക്ക് കയറ്റിയിറക്കുന്നതിനും നിയന്ത്രണമുണ്ട്. അതേസമയം വണ്‍വേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss