|    Oct 17 Tue, 2017 3:49 am
FLASH NEWS
Home   >  Kerala   >  

ഹരിപ്പാട് മെഡിക്കല്‍ കോളേജ് അഴിമതി: ചീഫ് എഞ്ചിനിയര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു

Published : 15th October 2016 | Posted By: mi.ptk

haripad_

ഹരിപ്പാട്: ഹരിപ്പാട് മെഡിക്കല്‍ കോളേജ് അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയറെ ഒന്നാംപ്രതിയാക്കി കേസെടുക്കുമെന്ന് വിജിലന്‍സ്.കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ കോളേജിന് നീക്കം തുടങ്ങിയത്. മെഡിക്കല്‍ കോളേജിനായി കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ കരാര്‍ റദ്ദാക്കുകയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
കണ്‍സള്‍ട്ടന്‍സി കരാറിന് അപേക്ഷിച്ച ആന്‍സണ്‍സ് ഗ്രൂപ്പിന്റെ പരാതിയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. തങ്ങളേക്കാള്‍ കൂടുതല്‍ തുകയുടെ ടെന്‍ഡര്‍ നല്‍കിയ ആര്‍ക്കി മട്രിക്‌സിന് കരാറനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു  ആന്‍സണ്‍സ് ഗ്രൂപ്പിന്റെ ആരോപണം. ഇതുവഴി സര്‍ക്കാറിന് 5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
പൊതുമരാമത്ത് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയിരുന്നു. പ്രാഥമിക പരിശോധനയില്‍ പരാതിയില്‍ കഴമ്പില്ലെന്ന നിഗമനമാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ എല്ലാ രേഖകളും പരിശോധിച്ച് വിശദമായ അന്വേഷണത്തിന് ശേഷമേ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കൂയെന്ന്  വിജിലന്‍സ് അറിയിച്ചിരുന്നു.
വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കരാര്‍ നല്‍കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചീഫ് എഞ്ചിനിയര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
2015 ജനുവരി ഏഴിനാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. ആര്‍ക്കി മട്രിക്‌സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ചട്ടപ്രകാരമല്ല.  കുറഞ്ഞ കരാര്‍ തുക ക്വാട്ട് ചെയ്ത കമ്പനികള്‍ ഉണ്ടായിട്ടും വന്‍ തുക ക്വാട്ട് ചെയ്ത കമ്പനിക്ക് കരാര്‍ കൈമാറുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക