|    Jan 21 Sat, 2017 5:43 am
FLASH NEWS

ഹരിപ്പാട് മെഡിക്കല്‍ കോളജ്: നിര്‍മാണം ഫെബ്രുവരിയില്‍ ആരംഭിക്കും

Published : 4th January 2016 | Posted By: SMR

ഹരിപ്പാട്:സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ ആദ്യ പൊതു-സ്വകാര്യ സംരംഭമായ ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി അവസാനവാരം ആരംഭിക്കും. മെഡിക്കല്‍ കോളജ് നിര്‍മാണത്തിന്റെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നിര്‍മാണം സംബന്ധിച്ച സമയക്രമം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് മണ്ണ് പരിശോധന ഇന്ന് തന്നെ തുടങ്ങും. 14ന് വിശദമായ പ്രോജക്ട് റിപോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് സാങ്കേതിക അനുമതിക്ക് വിധേയമായി ടെന്‍ഡര്‍ നടപടികള്‍ ജനുവരി 25ന് ആരംഭിക്കും. ഫെബ്രുവരി 15ന് ടെന്‍ഡറുകള്‍ സമര്‍പ്പിക്കുന്നതിനും 19ന് തുറക്കുന്നതിനുമാണ് തീരുമാനം. സമയക്രമം കൃത്യതയോടെ പാലിച്ച് 25ന് പണികള്‍ ആരംഭിക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. അംഗീകരിക്കപ്പെട്ട മാസ്റ്റര്‍പ്ലാന്‍ മെഡിക്കല്‍ കോളജ് നിര്‍മാണത്തിന്റെ ആര്‍ക്കിടെക്ട് കണ്‍സര്‍ട്ടന്റായി നിയമിതരായ ആര്‍ക്കി മെട്രിക്‌സ് ഇന്ത്യ ഡിസൈന്‍സ് കമ്പനിയുടെ പ്രതിനിധികള്‍ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുമ്പാകെ അവതരിപ്പിച്ചു.
ഏറ്റെടുക്കുന്ന ഭൂപ്രകൃതിയുടെ തനിമ നിലനിര്‍ത്തി പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമായ ഗ്രീന്‍ കാംപസാണ് മെഡിക്കല്‍ കോളജിനായി വിഭാവനം ചെയ്യുന്നത്. സ്വാഭാവിക ജലസ്രോതസ്സുകളെ അതേപടി നിലനിര്‍ത്തിക്കൊണ്ട് രാജ്യത്തിനാകെ മാതൃകയായ മെഡിക്കല്‍ കോളജാകും ഹരിപ്പാട്ട് ഉയര്‍ന്നുവരുന്നത്. ഒന്നാംഘട്ടത്തില്‍ 10.65 ലക്ഷം ചതുരശ്രഅടിയില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തില്‍ 100 വിദ്യാര്‍ഥികളുടെ പ്രവേശനത്തിനുള്ള കോളജ്, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ലൈബ്രറി, ലെക്ചറര്‍ ഹാളുകള്‍, എട്ട് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയ്‌ക്കൊപ്പം 500 കിടക്കകളുള്ള വിപുലമായ ആശുപത്രിയും ഒരുക്കും. പത്ത് ഡിപ്പാര്‍ട്ടുമെന്റുകളുടെ ഐപി വാര്‍ഡുകള്‍, നാല് ഐസിയുകള്‍, 14 വിഭാഗങ്ങളുടെ പരിശോധനാ സൗകര്യം എന്നിവയും ഉണ്ടാകും. അത്യാഹിത വിഭാഗം, ബ്ലഡ്ബാങ്ക് തുടങ്ങി ആറ് ഡയഗ്നോസ്റ്റിക് സംവിധാന സൗകര്യവും ബയോമെഡിക്കല്‍ മുതല്‍ ഹൗസ് കീപ്പിങ് വരെയുള്ള സേവന വിഭാഗങ്ങളും കെട്ടിട സമുച്ചയത്തിന്റെ ഭാഗമാകും.
പ്രധാന കെട്ടിടത്തിന്റെ മുകളില്‍ ഹെലിപ്പാഡ് സൗകര്യം ഒരുക്കുമെന്നതും ഒരു സവിശേഷതയാണ്. 265 കോടി രൂപയാണ് ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയിരിക്കുന്നത്. 80 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ 345 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിട്ടുള്ളത്. നബാര്‍ഡ് നല്‍കിയ 90 കോടി രൂപ വായ്പ ആശുപത്രിയുടെ നിര്‍മാണത്തിനാകും വിനിയോഗിക്കുക. മെഡിക്കല്‍ കോളജ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്നിവ ഇന്‍ഫ്രാമെഡിന്റെ നേതൃത്വത്തില്‍ സമാന്തരമായി നിര്‍മിക്കും. ഓഹരി പങ്കാളിത്തത്തിലൂടെ സ്വരൂപിക്കുന്ന ഫണ്ട് ഈ നിര്‍മാണത്തിന് പ്രധാനമായും ഉപയുക്തമാക്കും.
45 കോടി രൂപ നിലവില്‍ സമാഹരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിന് ആദ്യഘട്ടത്തില്‍ ആവശ്യമായ 25 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍ അറിയിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തഹസില്‍ദാരെ സഹായിക്കുന്നതിനായി ഒരു ഡപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.
ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഏഴിന് ചേരും. ആരോഗ്യ വകുപ്പുമന്ത്രി വി എസ് ശിവകുമാറിന്റെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 111 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക