|    Oct 18 Wed, 2017 4:52 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹരിത ട്രൈബ്യൂണല്‍ വിധി: 65,000 വാഹനങ്ങളെ ബാധിക്കും

Published : 13th July 2016 | Posted By: SMR

vehicle

തിരുവനന്തപുരം: 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവു നടപ്പായാല്‍ ഏകദേശം 61,000 ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും 4000 നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും പൊതുനിരത്തില്‍ നിന്ന് അപ്രത്യക്ഷമാവുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
നിലവില്‍ കേരളത്തിലെ നിരത്തുകളില്‍ സര്‍വീസ് നടത്തുന്ന 6600ഓളം വരുന്ന സ്‌റ്റേറ്റ് ഗാരേജുകള്‍ പത്തിലധികം വര്‍ഷം കഴിഞ്ഞതാണ്. കെഎസ്ആര്‍ടിസിയുടെ 1102 ബസ്സുകളും 117 ലോറി, വാന്‍ മുതലായ വാഹനങ്ങളും പിന്‍വലിക്കേണ്ടിവരും. പകരം ബസ്സുകള്‍ നിരത്തിലിറക്കുന്നതിന് ഏകദേശം 272 കോടി രൂപയുടെ അധികബാധ്യത ഏറ്റെടുക്കേണ്ടിവരും.
റോഡ്, റെയില്‍, ജല ഗതാഗതത്തിന് ഏകീകൃത സംവിധാനം ഒരുക്കാനുള്ള ആദ്യനടപടിയായി ഏകീകൃത മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(യുഎംടിഎ) രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. ജന്റം രണ്ടാംഘട്ട പദ്ധതിയില്‍ ലഭിക്കാനുള്ള 117 ബസ്സുകള്‍ നിരത്തില്‍ ഇറക്കാനുള്ള നടപടി സ്വീകരിച്ചു.
തീരദേശ, കടല്‍ ഗതാഗത പദ്ധതിയുടെ നടത്തിപ്പിനായി ഡിലോയിറ്റ് കണ്‍സള്‍ന്‍സി തയ്യാറാക്കിയ കര്‍മപദ്ധതി അംഗീകരിച്ചിട്ടുണ്ടെന്നും ആദ്യഘട്ടത്തില്‍ കൊല്ലം, അഴീക്കല്‍, വിഴിഞ്ഞം, കൊടുങ്ങല്ലൂര്‍, ബേപ്പൂര്‍ തുറമുഖങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കണ്‍സെഷന്‍ നല്‍കിയതിലൂടെ 2015-16 വര്‍ഷത്തില്‍ 106 കോടി രൂപയുടെ നഷ്ടം കെഎസ്ആര്‍ടിസിക്ക് ഉണ്ടായിട്ടുണ്ട്.
7000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകള്‍ ഷെഡ്യൂളുകളുടെ പ്രാധാന്യം അനുസരിച്ച് പുനക്രമീകരിക്കും. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കണക്ടിവിറ്റി സര്‍വീസുകള്‍ ആരംഭിക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും നിയമസഭയില്‍ പി ബി അബ്ദുല്‍ റസാഖ്, പി കെ ബഷീര്‍, ടി വി ഇബ്രാഹിം, എം ഉമര്‍ എന്നിവരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക