|    Apr 27 Fri, 2018 6:05 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഹരിത ട്രൈബ്യൂണല്‍ വിധി പ്രതീക്ഷ പകരുന്നു

Published : 11th March 2016 | Posted By: SMR

ശ്രീ ശ്രീ രവിശങ്കര്‍ നയിക്കുന്ന ജീവനകല ഫൗണ്ടേഷന്റെ ത്രിദിന ആഗോള സാംസ്‌കാരിക ഉല്‍സവം രാജ്യത്തെ എല്ലാ നിയമങ്ങളും അതിലംഘിച്ച് ന്യൂഡല്‍ഹിയില്‍ ഇന്ന് ആരംഭിക്കുന്നത് വിവാദങ്ങള്‍ക്കു നടുവിലാണ്. യമുനാനദിയിലും തീരത്തുമായി നേരിടുന്ന പരിസ്ഥിതിനാശത്തിന് അഞ്ചുകോടി രൂപ പ്രാഥമിക പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ കടുത്ത ഉപാധികളോടെയാണ് പരിപാടിക്ക് അനുമതി നല്‍കിയത്. പരിസ്ഥിതിക്ക് വരുത്തിയ ആഘാതവും പൂര്‍വസ്ഥിതിയിലാക്കുന്നതിനു വേണ്ടിവരുന്ന ചെലവും വിലയിരുത്തി നാലാഴ്ചയ്ക്കകം അന്തിമ പിഴത്തുക നിശ്ചയിക്കും. ചടങ്ങിന് അനുമതി നല്‍കിയ ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിക്ക് അഞ്ചുലക്ഷം രൂപയും ഡല്‍ഹി മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഒരുലക്ഷം രൂപയും ട്രൈബ്യൂണല്‍ പിഴ ചുമത്തി. മേലില്‍ യമുനാതീരം ഇത്തരം പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന കര്‍ശന നിര്‍ദേശവും ട്രൈബ്യൂണല്‍ നല്‍കി.

യമുനാനദീതീരത്ത് ഫഌഡ് പ്ലൈന്‍ (വെള്ളപ്പൊക്കമുണ്ടാവുമ്പോള്‍ നദി കരകവിയാതിരിക്കാന്‍ പ്രത്യേകം മാറ്റിവച്ച ഭാഗം) പ്രദേശത്ത് ഏഴ് ഏക്കറിലാണ് പ്രധാന വേദി. ഫഌഡ് പ്ലൈന്‍ പ്രദേശത്തെ കൈയേറ്റങ്ങള്‍ ഭൂഗര്‍ഭ ജലസ്രോതസ്സിനെ ഗൗരവമായി ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രൂക്ഷമായ വരള്‍ച്ചയിലേക്കാണ് ഇതു നയിക്കുക. തങ്ങളുടെ അനുമതി ആവശ്യമില്ലെന്ന പരിസ്ഥിതിമന്ത്രാലയത്തിന്റെ നിലപാട് തള്ളിയ ഹരിത ട്രൈബ്യൂണല്‍ നിശ്ശബ്ദ പ്രേക്ഷകനായി നില്‍ക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
യമുനയ്ക്ക് കുറുകെ താല്‍ക്കാലിക പാലം പണിതുനല്‍കാന്‍ നിയമവിരുദ്ധമായി കരസേനയെ ഉപയോഗിച്ചതിനെതിരേ പാര്‍ലമെന്റില്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. ഈ വിവാദങ്ങള്‍ക്ക് പുറമേയാണ് ഉല്‍സവം സൃഷ്ടിക്കുന്ന പരിസ്ഥിതിപ്രശ്‌നം കൂടി ഉയര്‍ന്നിരിക്കുന്നത്. ജനലക്ഷങ്ങള്‍ മൂന്നുനാള്‍ യമുനാതീരത്ത് ഒത്തുകൂടുമ്പോഴുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ ഏതാണ്ട് 120 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് സമിതിയുടെ കണക്ക്. അഞ്ചു കോടി മാത്രമാണ് ഇപ്പോള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴയിട്ടിരിക്കുന്നത്. പിഴയടക്കില്ലെന്നാണ് ആള്‍ദൈവത്തിന്റെ പ്രഖ്യാപനം.
മോദി സര്‍ക്കാരിന്റെ സര്‍വ പിന്തുണയോടെയും അരങ്ങേറുന്ന മേളയുടെ നടത്തിപ്പുകാരായ വ്യക്തിവികാസ് കേന്ദ്ര ട്രസ്റ്റിന് കേന്ദ്ര സാംസ്‌കാരികമന്ത്രാലയം 2.25 കോടി രൂപയാണ് അനുവദിച്ചത്. യമുനാതീരത്ത് നിരവധി നിര്‍മിതികളും മാറ്റങ്ങളും നടത്തിക്കഴിഞ്ഞെന്നും ഇനി മേള നിര്‍ത്തിവയ്ക്കുന്നത് ഫലശൂന്യമാണെന്നും വിദഗ്ധസമിതി അഭിപ്രായപ്പെട്ടിരുന്നു. സാധ്യമായത് പിഴ ഈടാക്കലും പരിപാടിക്കുശേഷം പ്രദേശത്തെ സ്ഥിതി പുനസ്ഥാപിക്കാന്‍ ആവശ്യപ്പെടലും മാത്രമാണ്. നിയമങ്ങളും നികുതികളും പിഴകളും സാധാരണക്കാരന്റെ നിത്യജീവിതം ദുരിതമയമാക്കുന്നു. ആള്‍ദൈവങ്ങള്‍ക്കും ഉന്നതങ്ങളില്‍ പിടിപാടുള്ളവര്‍ക്കും നിയമവും വ്യവസ്ഥകളും ബാധകമല്ലെന്ന് വരുന്നത് രാജ്യത്തിന്റെ ഭാവിക്ക് നല്ലതല്ല. നിയമലംഘനങ്ങള്‍ക്ക് ഭരണകൂടം ചൂട്ടുപിടിക്കുന്ന കാലത്ത് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി പ്രതീക്ഷ പകരുന്നതാണ്, ആശ്വാസകരവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss