|    Nov 20 Mon, 2017 11:22 am
FLASH NEWS

ഹരിത കേരളത്തിലെ പ്രധാന പങ്കാളികള്‍ വിദ്യാര്‍ഥികള്‍: ഡോ. ടി എന്‍ സീമ

Published : 9th November 2017 | Posted By: fsq

 

കോട്ടയം: ഹരിത കേരള മിഷന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളുടെ വാഹകരും പങ്കാളികളും വിദ്യാര്‍ഥികളാണെന്ന് ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സന്‍  ഡോ. ടി എന്‍ സീമ  പറഞ്ഞു. മലയാളം ശ്രേഷ്ഠഭാഷാദിനം ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല സമാപനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം  ചെയ്യുകയായിരുന്നു അവര്‍. സര്‍ക്കാരിന്റെ ഹരിത വിദ്യാലയം എന്ന സങ്കല്‍പം തന്നെ സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന് വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതാണ്. സര്‍ക്കാര്‍ നയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സ്വീകരിച്ചിട്ടുള്ള പുതിയ രീതികള്‍ ഏറെ പ്രശംസനീയമാണ്. വിദ്യാര്‍ഥികളുടെ സര്‍ഗശേഷി പോഷിപ്പിക്കുന്നതിന് ഭാഷാവാരത്തിന്റെ ഭാഗമായി നടത്തിയ എഴുത്തോല രചനാ ക്യാംപും മുമ്പ് സംഘടിപ്പിച്ച നാട്ടറിവ് ശേഖരണവും ഇത്തരത്തില്‍ എടുത്തിട്ടുളള മികച്ച ശ്രമങ്ങളാണ്. ചടങ്ങില്‍ മലയാള ഭാഷയ്ക്ക് മികച്ച സംഭാവന നല്‍കിയ ഭാഷാ അധ്യാപകനും  സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഈ വര്‍ഷത്തെ അക്ഷരജ്വാല പുരസ്‌കാര ജേതാവുമായ ഡോ. ജയിംസ്  മണിമലയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ചു. എഴുത്തോല ക്യാംപില്‍ തയ്യാറാക്കിയ കുട്ടികളുടെ കൈയെഴുത്തു മാസിക കലക്ടര്‍ ഡോ. ബി എസ് തിരുമേനി പ്രകാശനം ചെയ്തു. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുല്‍ റഷീദ്, അസി. ഡവലപ്പ്‌മെന്റ് കമ്മീഷനര്‍ പി എസ് ഷിനോ, പൂഞ്ഞാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമേഷ്, പിആര്‍ഡി അസി.എഡിറ്റര്‍ സിനി കെ തോമസ്,സീനിയര്‍ ക്ലര്‍ക്ക് വിനു കെ ഉതുപ്പ് സംസാരിച്ചു.  കോട്ടയം, പൂഞ്ഞാര്‍ എന്നിവിടങ്ങളിലായി നടത്തിയ എഴുത്തോല രചനാക്യാംപില്‍ പങ്കെടുത്തവര്‍ക്കും മികച്ച രചനകള്‍ നടത്തിയവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും  വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക