|    Aug 22 Tue, 2017 2:33 pm
FLASH NEWS

ഹരിത കേരളം: മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തി

Published : 30th November 2016 | Posted By: SMR

കൊല്ലം:  ഹരിതകേരളത്തിന്റെ ജില്ലകളിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി. മന്ത്രി വി എസ് സുനില്‍കുമാര്‍ ഹരിത കേരളം മിഷന്റെ ജില്ലാതല പദ്ധതിയുടെ സംക്ഷിപ്ത രൂപം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. ശുചിത്വത്തിനും കാര്‍ഷികാഭിവൃദ്ധിക്കും മുന്‍ഗണന നല്‍കുന്ന പദ്ധതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മേല്‍നോട്ടം വഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികമായ തടസങ്ങള്‍ പരിഹരിക്കേണ്ട ചുമതല ജില്ലാകലക്ടറുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സിനായിരിക്കും. ഉറവിടമാലിന്യ സംസ്‌ക്കരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം, നീര്‍ത്തട പരിപാലനം, ജൈവകൃഷി തുടങ്ങിയവയ്ക്ക് പദ്ധതിയില്‍ പ്രാമുഖ്യം നല്‍കണം. ഹരിതകേരളത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടക്കുന്ന ഡിസംബര്‍ എട്ടിന് പദ്ധതിയുടെ സന്ദേശം ഓരോ വീടുകളിലും എത്തുന്നതിന് ആവശ്യമായ നടപടികള്‍ കൂട്ടായി ആലോചിച്ച് കണ്ടെത്തണം. ഇതിന് ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ സമഗ്രമായ പദ്ധതിരേഖ തയ്യാറാക്കണം. ഓരോ വാര്‍ഡിലും കുറഞ്ഞത് ഒരു പരിപാടിയെങ്കിലും പദ്ധതി സംബന്ധിച്ച് നടത്തണം. സ്‌കൂളുകള്‍, കോളജുകള്‍, സന്നദ്ധസേവനസംഘടനകള്‍ എന്നിവയുടെ സഹകരണവും ഉറപ്പുവരുത്തണം. ഓരോ ജില്ലയ്ക്കും അനുയോജ്യമായ പദ്ധതികളും നടത്തിപ്പും ഉണ്ടാകണം.നീര്‍ച്ചാലുകള്‍, കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ പരിപാലനത്തിനാണ് പദ്ധതിയുടെ അദ്യഘട്ടത്തില്‍ ഊന്നല്‍ നല്‍കുക. കായലുകള്‍, പുഴകള്‍, മറ്റുജലാശയങ്ങള്‍ എന്നിവയുടെ ശുചീകരണവും പരിപാലനവും രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളുടെയും ശുചിത്വമിഷന്റെയും സേവനം പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎല്‍എമാരായ പി അയിഷാ പോറ്റി, എം നൗഷാദ്, ആര്‍ രാമചന്ദ്രന്‍, മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കലക്ടര്‍ മിത്ര ടി, സബ് കലക്ടര്‍ എസ് ചിത്ര, തദ്ദേശസ്വയം ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക