|    Apr 27 Fri, 2018 6:33 am
FLASH NEWS

ഹരിത കേരളം; ജില്ലയില്‍ 1499 വാര്‍ഡുകളില്‍ ജലസംരക്ഷണ പരിപാടി

Published : 30th November 2016 | Posted By: SMR

തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ ഉദ്ഘാടന ദിവസമായ ഡിസംബര്‍ എട്ടിന് ജില്ലയിലെ 1499 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഓരോ ജലസംരക്ഷണ പരിപാടി വീതം സംഘടിപ്പിക്കും. നീരുറവകളുടെയും ജലാശയങ്ങളുടെയും നവീകരണം, പുനരുജ്ജീവനം താല്‍ക്കാലിക തടയണകളുടെ നിര്‍മാണം തുടങ്ങിയവയാണ് തൊഴിലുറപ്പ് പദ്ധതി ഏകോപനത്തോടെ ഹരിതകേരളം മിഷന്റെ ഭാഗമായി അന്നേ ദിവസം നടപ്പാക്കുക.   നവകേരളം ജില്ലാ മിഷന്‍ ടാസ്‌ക് ഫോഴ്‌സുമായി ജില്ലാ കലക്ടറേറ്റില്‍ നടന്ന മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിലാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇക്കാര്യം അറിയിച്ചത്.  ഒരു തുള്ളി വേനല്‍മഴ പോലും നഷ്ടമാകാത്ത തരത്തില്‍ ജില്ലയിലെ ജലസംരക്ഷണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും ഇതിനോടകം 62000 മഴക്കുഴികള്‍ തയ്യാറാക്കിക്കഴിഞ്ഞതായും തൊഴിലുറപ്പ് പ്രോഗ്രാം ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബി പ്രേമാനന്ദ് പറഞ്ഞു. കിണറുകള്‍ റീചാര്‍ജ്ജ് ചെയ്യുന്ന പണികള്‍ എംജിഎന്‍ആര്‍ഇജിഎസ് വഴി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക  – സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ഡിസംബര്‍ എട്ടിന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ആരോഗ്യ വകുപ്പ് സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.  ഉറവിട ശുചീകരണം സംബന്ധിച്ച് സര്‍വേ നടത്തുന്നതിനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ശുചിത്വമിഷന്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍, എന്‍എസ്എസ്, എന്‍സിസി, സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റുകള്‍, മതസ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവരെ ഒന്നിച്ചു ചേര്‍ത്ത് ഒരുദിവസം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കാനാണ് തീരുമാനം. മൊബൈല്‍ഫോണ്‍ ആപ്പ് വഴിയാകും സര്‍വേ നടത്തുക. 30 വീടിന് ഒരു സര്‍വേ ടീം എന്ന നിലയില്‍ 30000 ടീമുകളാണ് ജില്ലയില്‍ ഇതിനായി സജ്ജമാകുന്നത്. ഒരു വിദ്യാര്‍ഥിയും മുതിര്‍ന്ന വ്യക്തിയും അടങ്ങുന്നതായിരിക്കും ടീം.  വിവരശേഖരണത്തോടൊപ്പം ഓരോ കുടുംബത്തിനും അനുയോജ്യമായ മാലിന്യസംസ്‌ക്കരണ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. വിഷമുക്തമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സമഗ്രപദ്ധതിയാണ്  കൃഷി വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കുക.  ഇതിനായി ഇന്ന് ഉദേ്യാഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്ന് കര്‍മ പദ്ധതി രൂപീകരിക്കുമെന്നും കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു. പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഒന്നിന് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഹരിതകേരളം അജണ്ടയാക്കി അടിയന്തര ഭരണസമിതി യോഗം ചേരുന്നതിന് ജില്ലാ മിഷന്‍ യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.   പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിപുലമായ പ്രചാരണ പരിപാടികളാണ് നടത്തുക. ഡിസംബര്‍ അഞ്ചിന് ജില്ലയിലുടനീളം വിളംബരഘോഷയാത്രകള്‍ സംഘടിപ്പിക്കും. കോര്‍പറേഷന്‍ ഓഫിസില്‍ നിന്നും തുടങ്ങി ഗാന്ധിപാര്‍ക്കില്‍ അവസാനിക്കുന്ന പ്രധാന ഘോഷയാത്രയില്‍ ജില്ലയിലെ പ്രമുഖ വ്യക്തികള്‍, കലാ സാംസ്‌കാരിക നായകന്മാര്‍ പങ്കെടുക്കും. മുനിസിപ്പാലിറ്റികളിലും സ്‌കൂളുകളിലും ഇത്തരത്തില്‍ വിളംബര ജാഥകള്‍ സംഘടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ചിത്രരചന, പ്രബന്ധരചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കും.  ഡിസംബര്‍ എട്ട് വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ ഹരിതകേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.  യോഗത്തില്‍ മേയര്‍ വി കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി, ജില്ലാമിഷന്‍ ടാസ്‌ക് ഫോഴ്‌സ് നോഡല്‍ ഓഫിസര്‍, വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ വി ആര്‍ വിനോദ് സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss