|    Mar 28 Tue, 2017 11:50 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹരിത കെട്ടിടങ്ങളുടെ നിര്‍മാണം: ഖത്തര്‍ മുന്‍നിരയിലേക്ക്

Published : 30th September 2016 | Posted By: SMR

ദോഹ: പരിസ്ഥിതി സൗഹൃദ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഒരുക്കുന്ന ഹരിത കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ ലോകത്ത് തന്നെ ഖത്തര്‍ ഒന്നാം സ്ഥാനത്തേക്കു കുതിക്കുന്നു. ലീഡ് രൂപകല്‍പനയില്‍ (ലീഡര്‍ഷിപ് ഇന്‍ എനര്‍ജി ആന്റ്എന്‍വയണ്‍മെന്റല്‍ ഡിസൈന്‍) ലോകത്ത് ഏറ്റവുമധികം കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നതു ദോഹയിലെ മുശെയ്‌രിബിലാണ്. ലീഡ് സര്‍ട്ടിഫിക്കേഷനുള്ള നൂറു കെട്ടിടങ്ങളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. ഖത്തറിലെ പരമ്പരാഗത കെട്ടിടങ്ങള്‍ സംരക്ഷിച്ചിരിക്കുന്ന മേഖലയാണ് ദോഹ ഡൗണ്‍ടൗണ്‍ എന്നറിയപ്പെടുന്ന മുശെയ്‌രിബ്.
ഇപ്പോള്‍ നിര്‍മാണത്തിലുള്ള കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പരിസ്ഥിതിസൗഹൃദ കെട്ടിടങ്ങളുടെ ലോകത്തിലെ ഏറ്റവുംവലിയ കേന്ദ്രമായി മുശെയ്‌രിബ് മാറുമെന്ന് ഖത്തര്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ (ക്യുജിബിസി) ഡയറക്ടര്‍ മിഷാല്‍ അല്‍ഷമാരി പറഞ്ഞു. മധ്യപൗരസ്ത്യ, ഉത്തരാഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മെന മേഖലയില്‍ പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങളില്‍ (ഗ്രീന്‍ ബില്‍ഡിങ്) ഖത്തര്‍ രണ്ടാംസ്ഥാനത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
220 പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങളാണ് ഖത്തറില്‍ ഇപ്പോഴുള്ളത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളിലാണ് ഖത്തര്‍ ഇവയെല്ലാം നിര്‍മിച്ചത്. 2030ഓടെ പൂര്‍ണമായും പരിസ്ഥിതി സൗഹൃദ നിര്‍മിതികളിലേക്കു മാറുകയാണു ഖത്തറിന്റെ ലക്ഷ്യം. ഹരിത കെട്ടിടങ്ങളില്‍ ഒന്നാംസ്ഥാനം ഇപ്പോള്‍ യുഎഇയ്ക്കാണ്. പൊതുമരാമത്തു വകുപ്പായ അശ്ഗാല്‍, ഖത്തര്‍ ഫൗണ്ടേഷന്‍, മുശെയ്‌രിബ്, കഹ്‌റമ എന്നിവയെല്ലാം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പരിസ്ഥിതി സൗഹൃദസൗധങ്ങളാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്.
ലുസൈല്‍ നഗരവികസനം പൂര്‍ത്തിയാകുമ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്ന ലോകത്തിലെ ആദ്യനഗരമായി ലുസൈല്‍ മാറുമെന്നും ഷമാരി അറിയിച്ചു. സ്വകാര്യ നിര്‍മാണ കമ്പനികള്‍ അവരുടെ പദ്ധതികള്‍ പരിസ്ഥിതി സൗഹൃദമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക നിയമം വൈകാതെ നടപ്പാക്കും. പരിസ്ഥിതി സൗഹൃദ നിര്‍മിതികള്‍ക്ക് സാധാരണ കെട്ടിടങ്ങളേക്കാള്‍ 70 ശതമാനംഅധിക ഊര്‍ജക്ഷമതയുണ്ട്. ഗ്രീന്‍ ബില്‍ഡിങ്ങുകള്‍ സര്‍വസാധാരണമാക്കിയാല്‍ ഖത്തറിന്റെ ഊര്‍ജാവശ്യം ഗണ്യമായി കുറയ്ക്കാനുമാവും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day