|    Mar 28 Tue, 2017 11:55 am
FLASH NEWS

ഹരിത എസികള്‍ വൈദ്യുതി ബില്ല് കുറയ്ക്കും

Published : 11th July 2016 | Posted By: sdq

ദോഹ: വിപണിയില്‍ എത്തിത്തുടങ്ങിയ പുതിയ ഹരിത എയര്‍ കണ്ടീഷണറുകള്‍ ഉപഭോക്താക്കളുടെ വൈദ്യുതി ബില്ല് കുറക്കും. ഈ മാസം ഒന്നുമുതല്‍ ഖത്തറില്‍ പരമ്പരാഗത എസികള്‍ വില്‍ക്കുന്നതിന് ഖത്തര്‍ സാമ്പത്തിക വാണിജ്യകാര്യ മന്ത്രാലയം നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നിലവില്‍ ഊര്‍ജക്ഷമത ഉറപ്പു വരുത്തുന്ന എസി കളാണ് വിപണിയിലുള്ളത്.
വില അല്‍പ്പം കൂടുതലാണെങ്കിലും കൂടുതല്‍ സുരക്ഷിതവും വൈദ്യുതി ബില്ലില്‍ ഗണ്യമായ കുറവുമാണ് ഇവ നല്‍കുന്നത്. എല്ലാ പ്രമുഖ വിതരണക്കാരും പരമ്പരാഗത വിന്‍ഡോ, സ്പ്ലിറ്റ് എസികള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് പുതിയ ഊര്‍ജക്ഷമത ഉറപ്പാക്കുന്ന എസികളാണ് വില്‍ക്കുന്നത്. ഖത്തറിലെ പ്രമുഖ എസി വില്‍പ്പനശാലകളിലെല്ലാം പുതിയ ഹരിത എസികളുടെ സ്റ്റോക്കുകള്‍ എത്തിത്തുടങ്ങി.
വിപണിയില്‍ ഹരിത എസികള്‍ മാത്രമേ വില്‍ക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്താന്‍ അധികൃതര്‍ പരിശോധന ശക്തമാക്കും.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവും. പുതിയ എസികളുടെ വില പരമ്പരാഗത എസിയുടേതിനേക്കാള്‍ കൂടുതലാണ്. ഖത്തര്‍ വിപണിയില്‍ സ്പ്ലിറ്റ് എസിക്ക് ഏകദേശം 500 റിയാലും വിന്‍ഡോ എസിക്ക് 300 റിയാലുമാണ് വില കൂടിയിരിക്കുന്നത്.
പ്രമുഖ കമ്പനികളുടെ ഊര്‍ജക്ഷമത നക്ഷത്ര റേറ്റിങ് സംവിധാനമുള്ള ഒന്നര ടണ്‍ യൂണിറ്റ് സ്പ്ലിറ്റ് എസിക്ക് 2,600 നും 3,000ത്തിനും ഇടയിലാണ് വില. രണ്ട് ടണ്ണിന്റേതിന് 3,000 റിയാലിനും 3,500 നും ഇടയിലാണ് വില. വിന്‍ഡോ എസിക്ക് ഒന്നര ടണ്‍ യൂണിറ്റിന് 1,200 റിയാലിനും 1,500നും ഇടയിലും രണ്ട് ടണ്‍ യൂണിറ്റിന്റേതിന് 1,500വരെയുമാണ് വില.
ചില പ്രമുഖ ബ്രാന്‍ഡുകളുടെ ഊര്‍ജക്ഷമത ഉറപ്പു വരുത്തുന്ന പുതിയ എസികള്‍ക്ക് ഇനിയും ഖത്തര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍സ് ആന്‍ഡ് മെട്രോളജിയുടെ (ക്യുഎസ്) ഇറക്കുമതി അനുമതി ലഭിച്ചിട്ടില്ല.
എസിയുടെ കാലാവധി, ബ്രാന്‍ഡ്, നിര്‍മാണ സ്ഥലം, മോഡല്‍, വോള്‍ട്ടേജ്, നക്ഷത്രം, ഊര്‍ജക്ഷമത നിരക്ക് തുടങ്ങി നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിശദമായ കത്ത് വിതരണക്കാര്‍ ക്യുഎസിന് നല്‍കണം. ഇത്തരം നടപടിക്രമങ്ങള്‍ക്ക് ശേഷമേ അനുമതി ലഭിക്കുകയുള്ളുവെന്ന് വ്യാപാരികള്‍ പറയുന്നു. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്‌റമ), നഗരസഭപരിസ്ഥിതി മന്ത്രാലയം, സാമ്പത്തിക വാണിജ്യ മന്ത്രാലയം, ക്യുഎസ് എന്നിവ സംയുക്തമായി എടുത്ത തീരുമാനപ്രകാരമാണ് ഊര്‍ജക്ഷമത കുറഞ്ഞ എസികള്‍ വിപണിയില്‍ നിരോധിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day