|    Oct 23 Tue, 2018 6:14 am
FLASH NEWS

ഹരിത എക്‌സ്പ്രസ് ഇന്ന് മുതല്‍ ജില്ലയില്‍

Published : 19th January 2017 | Posted By: fsq

 

തിരുവനന്തപുരം: ഹരിതകേരളമിഷന്റെ സന്ദേശവുമായി ഹരിത എക്‌സ്പ്രസും കലാജാഥയും ഇന്ന് മുതല്‍ മൂന്നു ദിവസം ജില്ലയില്‍ പര്യടനം നടത്തും.  ഇന്നു രാവിലെ 9 മണിക്ക് പട്ടം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം 21 ന് വൈകുന്നേരം ശംഖുംമുഖം ബീച്ചില്‍ സമാപിക്കും. ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങളും സന്ദേശങ്ങളും കാര്‍ഷികത്തനിമയിലേക്കുള്ള തിരിച്ചുപോക്കിന്റെ അനിവാര്യതയും  ജനങ്ങളിലെത്തിക്കുന്നതിനായി വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച കലാജാഥയും ഹരിത എക്‌സ്പ്രസും  കാസര്‍ഗോഡുമുതല്‍ കൊല്ലം വരെ യുള്ള പര്യടനം പൂര്‍ത്തിയാക്കിയാണ് ഇന്ന് ജില്ലയിലെത്തുന്നത്. ഹരിത  എക്‌സ്പ്രസിനൊപ്പമുള്ള കടമ്പനാട് ജയചന്ദ്രനും കൂട്ടരും  നാടന്‍പാട്ടുകളും ശീലുകളും കവിതകളുമായി പ്രത്യാശയുടെ ഉത്സവഛായ പകരുന്ന കലാവിരുന്ന് ഓരോ പര്യടന ഇടങ്ങളിലും കാഴ്ചവയ്ക്കും. പ്രത്യേക രീതിയില്‍ സജ്ജീകരിച്ച ലോ ഫ്‌ളോര്‍ ബസില്‍ ഹരിതകേരളമിഷന്‍ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍, വാര്‍ത്തകള്‍, റിപ്പോര്‍ട്ടുകള്‍,പദ്ധതി വിശദാംശങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ്, മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ  സന്ദേശശകലങ്ങളുടെ വീഡിയോ പ്രദര്‍ശനവും വാഹനത്തിലൊരുക്കിയിട്ടുണ്ട്. സ്വീകരണകേന്ദ്രങ്ങളില്‍ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക ഫോട്ടോ എക്‌സിബിഷനും നടത്തും.      ജില്ലയിലെ 15 കേന്ദ്രങ്ങളിലാണ് ഒരു മണിക്കൂറോളം നീളുന്ന കലാവിരുന്നും പ്രദര്‍ശനവുമായി ഹരിത എക്‌സ്പ്രസ് എത്തുക.  അതത് ബ്ലോക്ക്  പഞ്ചായത്തുകള്‍ക്കാണ് സ്വീകരണസ്ഥലങ്ങളിലെ ഏകോപനചുമതല. ഇന്ന് രാവിലെ 9.30 ന് പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പര്യടനം ഉദ്ഘാടനം ചെയ്യും.  ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, കെ. മുരളീധരന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു, ജില്ലാ കളക്ടര്‍ എസ് വെങ്കടേസപതി, സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ സംബന്ധിക്കും.  തുടര്‍ന്ന് ബാലരാമപുരം  ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അതിയന്നൂര്‍ ബ്ലോക്ക് ഓഫീസ് അങ്കണം, പാറശ്ശാല ബ്ലോക്ക് മിനി സിവില്‍ സ്റ്റേഷന്‍, പെരുങ്കടവിള ജങ്ഷന്‍  എന്നിവിടങ്ങളിലാണ് പര്യടനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss