|    Jun 25 Mon, 2018 11:42 am
FLASH NEWS

ഹരിതകേരളം: ജില്ലയില്‍ 12,530 മഴക്കുഴികള്‍ നിര്‍മിച്ചു

Published : 19th January 2017 | Posted By: fsq

 

കല്‍പ്പറ്റ: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 12,530 മഴക്കുഴികള്‍ നിര്‍മിച്ചതായും 62 ചെക്ഡാമുകള്‍ നവീകരിച്ചതായും ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി. ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ. ടി എന്‍ സീമയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍ റിപോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 128 ചെക്ഡാമുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതില്‍ 62 എണ്ണമാണ് പൂര്‍ത്തീകരിച്ചത്. ബാക്കിയുള്ളവയുടെ നവീകരണം പുരോഗമിക്കുന്നു. 75 കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതില്‍ 69 എണ്ണം പൂര്‍ത്തിയാക്കി. കിണര്‍ ശുചീകരണം, മറ്റ് കുടിവെള്ള സ്രോതസ്സുകളുടെ നവീകരണം എന്നീ പ്രവൃത്തികള്‍ 187 എണ്ണം ഏറ്റെടുത്തതില്‍ 61 എണ്ണം പൂര്‍ത്തിയാക്കുകയും 126 പ്രവൃത്തികളുടെ നിര്‍വഹണം നടന്നുവരികയുമാണ്. പദ്ധതിയുടെ ഭാഗമായി ജില്ലയിലാകെ 35,000 വിവിധ പച്ചക്കറിത്തൈകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കി. 30,000 മീറ്റര്‍ നീളത്തില്‍ മണ്‍ കൈയാല നിര്‍മിച്ചു. 22,526 മരത്തൈകള്‍ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുന്നതിന് തദ്ദേശവാസികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ ഏല്‍പ്പിക്കുകയും ചെയ്തു. 23 ഗ്രാമപ്പഞ്ചായത്തുകളിലെയും മൂന്നു മുനിസിപ്പാലിറ്റികളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള നടപടികള്‍ തുടങ്ങി. റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.  പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിനായി എല്ലാ ഗ്രാമപ്പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉറവിട മാലിന്യ സംസ്‌കരണ ബോധവല്‍ക്കരണ പരിപാടികള്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടത്തുന്നുമുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എല്ലാ വീടുകളിലും കംപോസ്റ്റ് കുഴികള്‍ നിര്‍മിക്കാനുള്ള നടപടികളും ബോധവല്‍ക്കരണവും ആരംഭിച്ചു. ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗങ്ങളിലും പൊതു ചടങ്ങുകളിലും പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിവരികയാണ്. ഇതിന്റെ ആദ്യപടിയായി കലക്ടറേറ്റില്‍ നടക്കുന്ന യോഗങ്ങളില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍, പ്ലേറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നതു നിര്‍ത്തലാക്കി. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹാളുകള്‍, മാളുകള്‍ തുടങ്ങിയവയുടെ നടത്തിപ്പുകാരുമായി ചര്‍ച്ച നടത്തുകയും ഉറവിട മാലിന്യ സംസ്‌കരണത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്വയംസഹായ സംഘടനകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ സഹകരണത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍ എന്നിവ മാലിന്യമുക്തമാക്കാനുള്ള പദ്ധതിയുടെ കര്‍മപദ്ധതിക്ക് രൂപം നല്‍കിവരികയാണ്.    ഓഫിസുകളുടെ പരിസര ശുചീകരണം, ചെക്ഡാം നവീകരണം, ജൈവ പുതയിടല്‍, തെങ്ങിന്‍തടം തുറക്കല്‍, ഫാം ബണ്ടിങ്, ശുചിത്വ ക്വിസ് മല്‍സരം, വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍, തോട് ശുചീകരണം തുടങ്ങിയവയും നടത്തിവരുന്നതായി കലക്ടര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss