|    Mar 29 Wed, 2017 8:55 pm
FLASH NEWS

ഹരജി കോടതി തള്ളി; വിദ്യാര്‍ഥികള്‍ക്ക് അധ്യയനവര്‍ഷം നഷ്ടമായി

Published : 5th August 2016 | Posted By: SMR

പത്തനംതിട്ട: കേരള സര്‍വകലാശാലയുടെ പരിധിയിലുള്ള സമാന്തര വിദ്യാഭ്യാസമേഖലയില്‍ 2015-16 വര്‍ഷം പഠിച്ച പിജി വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യയനവര്‍ഷം നഷ്ടമായി. പിജി പ്രൈവറ്റ് രജിസ്‌ട്രേഷന് വിജ്ഞാപനമിറക്കാത്ത കേരള സര്‍വകലാശാലയുടെ നടപടി ചോദ്യംചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്. ഇതാദ്യമായാണ് പിജി വിദ്യാര്‍ഥികള്‍ക്ക് പ്രൈവറ്റ് പഠനത്തിനുള്ള അവസരം നിഷേധിച്ചത്. പാരലല്‍ കോളജുകളില്‍ പഠിച്ചുവന്ന കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ ഏകദേശം മൂവായിരത്തിലേറെ വിദ്യാര്‍ഥികള്‍ക്കാണ് അധ്യയനവര്‍ഷം നഷ്ടമായത്.
കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളുടെ അംഗീകാരം 2015ല്‍ യുജിസി പിന്‍വലിച്ചിരുന്നു. സര്‍വകലാശാലയുടെ പ്രവര്‍ത്തനപരിധിക്ക് പുറത്ത് വിദൂര വിദ്യാഭ്യാസകേന്ദ്രങ്ങള്‍ അനുവദിക്കരുതെന്ന യുജിസി നിബന്ധന ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഇതേത്തുടര്‍ന്ന് ഇടക്കാലത്ത് നിര്‍ത്തിവച്ചിരുന്ന കോഴ്‌സുകള്‍ ഉള്‍പ്പെടെ പ്രാക്റ്റിക്കല്‍ ഇല്ലാത്ത എല്ലാ കോഴ്‌സുകള്‍ക്കും ബിരുദതലത്തിലും പിജി തലത്തിലും പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ മൂന്നു സര്‍വകലാശാലകളും തീരുമാനിച്ചു. നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കാലിക്കറ്റ് സര്‍വകലാശാല 2015 ആഗസ്തിലും എംജി യൂനിവേഴ്‌സിറ്റി നവംബറിലും പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള സര്‍വകലാശാല ബിരുദതലത്തിലെ കോഴ്‌സുകള്‍ക്കു മാത്രമേ വിജ്ഞാപനം ഇറക്കിയുള്ളൂ. വിജ്ഞാപനം ഇറങ്ങുന്നത് കാത്തിരിക്കാതെ അക്കാദമിക് വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യോഗ്യതയ്ക്കനുസരിച്ചുള്ള കോഴ്‌സുകളില്‍ പഠിക്കുന്ന രീതിയാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍, പിജി പ്രൈവറ്റ് രജിസ്‌ട്രേഷന് വിജ്ഞാപനം ഇറങ്ങുംമുമ്പേ സിലബസ് പോലുമറിയാതെ വിദ്യാര്‍ഥികള്‍ സമാന്തരമേഖലയില്‍ പഠിച്ചതിന്റെ ഉത്തരവാദിത്തം സര്‍വകലാശാലയ്ക്കില്ലെന്ന ന്യായമാണ് വിസിയും സിന്‍ഡിക്കേറ്റും പറയുന്നത്.
വിദ്യാര്‍ഥികളുടെ ഒരുവര്‍ഷം നഷ്ടപ്പെടുത്തിയ വിസിയെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും ഭരണത്തില്‍ തുടരാന്‍ അനുവദിക്കരുതെന്നു ചൂണ്ടിക്കാട്ടി ചാന്‍സലറായ ഗവര്‍ണര്‍ക്കും പ്രോ ചാന്‍സലറായ വിദ്യാഭ്യാസമന്ത്രിക്കും അസോസിയേഷ ന്‍ ഭീമഹരജി നല്‍കുമെന്ന് സംസ്ഥാന ജന. സെക്രട്ടറി കെ ആര്‍ അശോക് കുമാര്‍ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day