|    Dec 16 Sat, 2017 8:35 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ : പുതുതായി 1,620അധ്യാപക തസ്തിക

Published : 3rd August 2017 | Posted By: fsq

 

തിരുവനന്തപുരം: 2014-15 അധ്യയനവര്‍ഷം പുതുതായി അനുവദിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 1620 അധ്യാപക തസ്തികയടക്കം 1810 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.ടീച്ചര്‍ 649, ടീച്ചര്‍ ജൂനിയര്‍ 679, പ്രിന്‍സിപ്പല്‍ 125, അപ്ഗ്രഡേഷന്‍ 167, ലാബ് അസിസ്റ്റന്റ് 190 എന്നിങ്ങനെയാണ് തസ്തികകള്‍. 2014-15 വര്‍ഷം പുതിയ ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുമ്പോള്‍ ദിവസവേതനത്തില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍ക്ക് സ്ഥിരം ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നതിന് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു നല്‍കും.  പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 85 അധിക തസ്തികയും പെരിന്തല്‍മണ്ണ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ബ്രെയിന്‍ ട്യൂമര്‍ ചികില്‍സാ യൂനിറ്റ് സജ്ജമാക്കുന്നതിന് ഒരു മെഡിക്കല്‍ ഓഫിസര്‍ തസ്തികയും സൃഷ്ടിക്കും. 1999 ആഗസ്ത് 16നും 2003 ഡിസംബര്‍ 12നും ഇടയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിക്കുകയും സേവന കാലയളവ് 2004 വര്‍ഷത്തേക്ക് നീളുകയും ചെയ്ത 104 അംഗപരിമിതര്‍ക്ക് സൂപ്പര്‍ന്യൂമററി തസ്തികകളില്‍ പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചു. കോടതിവിധി പ്രകാരമുള്ള ജീവനാംശ തുക മതിയായ കാരണങ്ങളില്ലാതെ കൊടുക്കാതിരിക്കുന്നവരില്‍നിന്ന് 12 ശതമാനം പലിശ ഈടാക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളിച്ച് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വകുപ്പ് 125 ഭേദഗതി ചെയ്യും. ഇതുസംബന്ധിച്ച കരടു ബില്ല് മന്ത്രിസഭ അംഗീകരിച്ചു. ‘പരിവര്‍ത്തിത ക്രൈസ്തവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളുടെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെ സാധുതാ കാലയളവ് മൂന്നുവര്‍ഷമാക്കും. ഹൈക്കോടതി സിംഗിള്‍ ജഡ്ജിയുടെ സാമ്പത്തിക അധികാരപരിധി ഒരു ലക്ഷം രൂപയില്‍നിന്ന് 40 ലക്ഷം രൂപയായി ഉയര്‍ത്താന്‍ കേരള ഹൈക്കോടതി നിയമത്തില്‍ ഭേദഗതി വരുത്താനും തീരുമാനിച്ചു. വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ പാസാക്കുന്ന ഏതു വിധിയിലും തുക മാനദണ്ഡമാക്കാതെ അപ്പീല്‍ കേള്‍ക്കുന്നതിന് സിംഗിള്‍ ജഡ്ജിക്ക് അധികാരം നല്‍കുന്ന ഭേദഗതിയും കൊണ്ടുവരും.  പാലക്കാട് പെരിങ്ങന്നൂരില്‍ മേനകത്ത് വീട്ടില്‍ ഗിരീഷിന്റെ മക്കളായ അശ്വിന്‍ രാഘവ് (9), അഞ്ജന (7) എന്നിവരുടെ വിദ്യാഭ്യാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മൂന്നു ലക്ഷം രൂപ അനുവദിച്ചു.  സഹകരണ ബാങ്കിലുള്ള വായ്പാ കുടിശ്ശിക തീര്‍പ്പാക്കി വീട് കുട്ടികള്‍ക്കു ലഭ്യമാക്കുന്നതിന് വായ്പയുടെ മുതല്‍ സര്‍ക്കാര്‍ അടയ്ക്കും. പിഴയും പലിശയും ഒഴിവാക്കാന്‍ സഹകരണ ബാങ്കിന് സഹകരണ വകുപ്പ് മുഖേന നിര്‍ദേശം നല്‍കും. ഓണാഘോഷത്തിന്റെ ഭാഗമായി സപ്തംബര്‍ 3 മുതല്‍ 9 വരെ തിരുവനന്തപുരം കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള പ്രദേശത്തെ ഉല്‍സവ മേഖലയായി പ്രഖ്യാപിച്ചു.  ലേബര്‍ കമ്മീഷണര്‍ കെ ബിജുവിനെ റവന്യൂ വകുപ്പില്‍ അഡീഷനല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. വിവിധ പദ്ധതികളുടെ സ്ഥലമെടുപ്പിന്റെ ചുമതലയായിരിക്കും ബിജുവിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss