|    Mar 31 Fri, 2017 12:15 am
FLASH NEWS

ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ അലംഭാവം: നടപടിക്കെതിരേ ഉദ്യോഗാര്‍ഥികള്‍

Published : 28th August 2016 | Posted By: SMR

തിരുവനന്തപുരം: ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാത്ത ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു. ഒഴിവു നികത്താന്‍ കാലതാമസം നേരിടുന്നതിനാ ല്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അനിശ്ചിതത്വത്തിലാണെന്ന് ഹയര്‍ സെക്കന്‍ഡറി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവിലുള്ള 80 ശതമാനം റാങ്ക്‌ലിസ്റ്റുകളും ആറുമാസത്തിനുള്ളില്‍ കാലാവധി തീരുന്നവയാണ്. ഇവയില്‍ നിന്ന് 10 മുതല്‍ 20 ശതമാനംവരെ മാത്രമാണ് നിയമനം നടന്നിട്ടുള്ളത്. കേരളത്തിലുടനീളമുള്ള 757 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നൂറുകണക്കിന് ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. ഒഴിവുകള്‍ വരുന്ന മുറയ്ക്ക് ബൈട്രാന്‍സ്ഫര്‍ പ്രമോഷനായി നികത്തുകയാണ് നിലവില്‍ ചെയ്തുവരുന്നത്. 25 ശതമാനം മാത്രമാണ് ബൈട്രാന്‍സ്ഫര്‍ പ്രമോഷനു വേണ്ടി നീക്കിവച്ചിരിക്കുന്നത്.
പിഎസ്‌സി റാങ്ക് ലിസ്റ്റ് വഴി 75 ശതമാനം അധ്യാപകര്‍ വേണമെന്നിരിക്കെയാണ് റാങ്ക്‌ലിസ്റ്റില്‍ നിന്നുള്ള നിയമനത്തില്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പ് അലസത കാണിക്കുന്നത്. ബൈട്രാന്‍സ്ഫര്‍ പ്രമോഷനായി ഒഴിവ് നികത്തുമ്പോള്‍ നിയമിതരായ അധ്യാപകരുടെ നിലവിലുള്ള തസ്തികയിലും അതേരീതിയിലുള്ള നിയമനം തന്നെയാണ് നടക്കുന്നത്. ഇത്തരം നീക്കിയിരിപ്പ് ഒഴിവുകള്‍ വഴി റാങ്ക് ലിസ്റ്റിലുള്ള സംവരണം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളുടെ അവസരമാണ് നഷ്ടമാവുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ തസ്തികകള്‍ 75 ശതമാനം റാങ്ക് ഹോള്‍ഡേഴ്‌സിനായി മാറ്റിവയ്ക്കപ്പെട്ടവയാണെങ്കിലും നിലവില്‍ 50 ശതമാനത്തില്‍ കുറവു മാത്രമാണ് ലഭിക്കുന്നത്. 2011ലെ ബൈട്രാന്‍സ്ഫര്‍ പ്രമോഷന്‍ ലിസ്റ്റ് പ്രകാരമാണ് ഇപ്പോഴും ഒഴിവുകള്‍ നികത്തുന്നത്.
കാലാവധി തീരാന്‍ ആറുമാസം മാത്രമുള്ള 80 ശതമാനം ലിസ്റ്റുകളില്‍ നിന്നും വേഗത്തില്‍ നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day