|    Nov 18 Sat, 2017 9:20 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് ജൂനിയര്‍ ലിസ്റ്റ് കാലാവധി ദീര്‍ഘിപ്പിക്കണം : മനുഷ്യാവകാശ കമ്മീഷന്‍

Published : 30th June 2017 | Posted By: fsq

 

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് ജൂനിയര്‍ ടീച്ചര്‍ പിഎസ്‌സി റാങ്ക്‌ലിസ്റ്റിന്റെ കാലാവധി ആറുമാസം ദീര്‍ഘിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് പിഎസ്‌സി സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്. എച്ച്എസ്എസ്ടി ഇംഗ്ലീഷ് ജൂനിയര്‍ (കാറ്റഗറി നമ്പര്‍ 110/10) ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. 2014 ജനുവരി ഒന്നിനു നിലവില്‍ വന്ന റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി ആറുമാസം നീട്ടിക്കൊടുത്തപ്പോള്‍ 2013 ഡിസംബര്‍ 31ന് നിലവില്‍ വന്ന ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് ജൂനിയര്‍ ടീച്ചര്‍ ലിസ്റ്റിന്റെ കാലാവധി നീട്ടാതിരിക്കുന്നത് അനീതിയാണെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. ഓരോ പിഎസ്‌സി റാങ്ക്‌ലിസ്റ്റും സ്വാഭാവികമായി അവസാനിക്കുന്ന തിയ്യതി മുതല്‍ ആറുമാസം കൂടി നീട്ടിക്കൊടുക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും തുല്യഅവസരവും നീതിയും ലഭിക്കും. റാങ്ക്‌ലിസ്റ്റില്‍ ഒരുദിവസത്തെ വ്യത്യാസം വന്നതുകൊണ്ട് പരാതിക്കാര്‍ ഉള്‍പ്പെട്ട ലിസ്റ്റ് നീട്ടാതിരിക്കുന്നത് കടുത്ത അനീതിയും മനുഷ്യാവകാശലംഘനവുമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. 2016 ഡിസംബര്‍ 28ലെ മന്ത്രിസഭായോഗമാണ് നിലവിലുള്ള പിഎസ്‌സി റാങ്ക്‌ലിസ്റ്റുകളില്‍ കാലാവധി നീട്ടാത്തതും 2017 മാര്‍ച്ച് 31നു കാലാവധി പൂര്‍ത്തിയാക്കുന്നതുമായ ലിസ്റ്റുകള്‍ 2017 ജൂണ്‍ 30 വരെ നീട്ടാന്‍ പിഎസ്‌സിയോട് ശുപാര്‍ശ ചെയ്തത്. സര്‍ക്കാര്‍ തീരുമാനം പിഎസ്‌സി അംഗീകരിച്ചു. ഹയര്‍ സെക്കന്‍ഡറിയിലെ മറ്റു ലിസ്റ്റുകളുടെ കാലാവധി നീട്ടിക്കിട്ടിയപ്പോള്‍ 2013 ഡിസംബര്‍ 31ന് നിലവില്‍ വന്നതും ഇതുവരെ കാലാവധി നീട്ടാത്തതുമായ ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് ജൂനിയര്‍ ലിസ്റ്റിന് കാലാവധിയുടെ ആനുകൂല്യം ലഭിക്കാതെപോയി. തുടര്‍ന്നാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പിഎസ്‌സിയാണെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഉത്തരവ് വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിക്കും പിഎസ്‌സി സെക്രട്ടറിക്കും അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക