|    Sep 23 Sat, 2017 5:49 am
FLASH NEWS

ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തിക നിര്‍ണയത്തില്‍ ആശങ്ക

Published : 4th August 2017 | Posted By: fsq

 

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തിക നിര്‍ണയം ആശങ്കയില്‍. മന്ത്രിസഭ അംഗീകാരം നല്‍കിയ 1,810 ഹയര്‍സെക്കന്‍ഡറി അധ്യാപക-അനധ്യാപക തസ്തികയില്‍നിന്നു 2015 – 16 വര്‍ഷത്തില്‍ ആരംഭിച്ച സ്‌കൂളുകള്‍ പുറത്താവും.ഒരേ സര്‍ക്കാര്‍ ഉത്തരവിലൂടെ അംഗീകാരം നേടിയ ബാച്ചുകളിലാണ് വൈകി തുടങ്ങിയതു കാരണം കാണിച്ച് മാറ്റി നിര്‍ത്തപ്പെടുന്നത്. ഉത്തരവിറങ്ങിയ 2014ല്‍ തന്നെ തുടങ്ങിയ ബാച്ചുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. 2014 ജൂലൈ 31ന് സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ അധിക ബാച്ചുകള്‍ അനുവദിക്കുകയും ചില ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. വിധി തീര്‍പ്പാക്കി കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുതുക്കിയ ഉത്തരവ് 2014 നവംബര്‍ 24നും പുറത്തിറങ്ങി. വൈകിയെത്തിയ കോടതി വിധി പ്രകാരം പല സ്‌കൂളുകളിലും പുതിയ പ്ലസ്ടു ബാച്ചുകള്‍ 2014 -15 അധ്യയന വര്‍ഷത്തില്‍ തുടങ്ങാനായില്ല. 2015-16 അധ്യയന വര്‍ഷത്തിലാണ് ഇത്തരം സ്‌കൂളുകള്‍ പുതുതായി അനുവദിച്ച സ്‌കൂളുകള്‍ തുടങ്ങിയത്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് 2015ല്‍ ആരംഭിച്ച സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ തസ്ഥിക നിര്‍ണയം നീട്ടി കൊണ്ടുപോവുന്നത്. എന്നാല്‍, 2014 ബാച്ചിലെ ലാബ് അസിസ്റ്റന്റ്, പല വിഷയങ്ങളുടെയും ജൂനിയര്‍ തസ്തികകള്‍ തുടങ്ങിയ ധാരാളം തസ്തികകള്‍ 2015 ലാണ് വരുന്നത്. അവര്‍ക്കും പോസ്റ്റ് അനുവദിക്കുന്നതിലൂടെ യഥാര്‍ഥത്തില്‍ ഒറ്റ ഉത്തരവിലെ ഒരേസമയം ജോലിയില്‍ കയറുന്ന രണ്ട് അധ്യാപകര്‍ക്ക് രണ്ട് നീതിയാണ് നടപ്പില്‍ വരുത്തുന്നതെന്നും കോടതി വിധിയിലൂടെ വന്ന സ്‌കൂളുകള്‍ മാത്രം മാറ്റിനിര്‍ത്തുന്നതില്‍ തികഞ്ഞ അനീതിയാണെന്നും അധ്യാപകര്‍ ആരോപിച്ചു. അധ്യാപകരുടെ ജോലിഭാരം കൂട്ടി ഉത്തരവിറക്കിയതിലൂടെ പല 2014 മുതല്‍ ജോലിയില്‍ പ്രവേശിച്ച പല അധ്യാപകരും പുറത്തുപോവേണ്ടി വരും. മുമ്പ് സീനിയര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന അധ്യാപകന്‍ എടുത്തിരുന്ന പരമാവധി പിരീഡിനു പുറമെ മൂന്ന് പിരീഡുകള്‍ ഉണ്ടെങ്കില്‍ പുതിയ ജൂനിയര്‍ അധ്യാപകനെ നിയമിക്കാമായിരുന്നു. എന്നാല്‍, ഇനി ആറു പിരീഡുണ്ടായാലും തസ്തിക സൃഷ്ടിക്കില്ല. ഇക്കാരണത്താല്‍ മൂന്ന് വര്‍ഷത്തിലധികം ജോലി ചെയ്ത നിരവധി വേതനം പോലും ലഭിക്കാതെ പുറത്തുപോവേണ്ടി വരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക