|    Sep 26 Tue, 2017 4:34 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹമദ് വിമാനത്താവളത്തില്‍ രണ്ട് കലാസൃഷ്ടികള്‍ കൂടി

Published : 8th August 2016 | Posted By: SMR

ദോഹ: ഖത്തറിന്റെ പൈതൃകം വിളിച്ചോതുന്ന പുതിയ രണ്ട് കലാസൃഷ്ടികള്‍ കൂടി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ചു. ഖത്തര്‍ മ്യൂസിയവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും ചേര്‍ന്നാണ് അപൂര്‍വ കലാസൃഷ്ടികള്‍ സ്ഥാപിച്ചത്.
ഖത്തറിലെ കലാകാരന്മാരുടെ പങ്കാളിത്തത്തോടെ സന്നദ്ധസംഘടനയായ റീച്ച് ഔട്ട് ടു ഏഷ്യയിലെ പ്രവര്‍ത്തകര്‍ തയാറാക്കിയ കലാസൃഷ്ടിയായ അല്‍കൂറ(ദി ബോള്‍)യും പ്രമുഖ ഖത്തരി കലാകാരനായ അലി ഹസ്സന്റെ മരുഭൂമിയിലെ കുതിരയുമാണ് കലാ ശേഖരത്തിലെ പുതിയ അതിഥികള്‍. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നേരത്തെ സ്ഥാപിച്ച കലാസൃഷ്ടികള്‍ കൂടുതലും വിദേശ കലാകാരന്‍മാരുടെതായിരുന്നു. എന്നാല്‍, പ്രാദേശിക കലാകാരന്‍മാരുടെ ചിത്രങ്ങളും ശില്‍പ്പങ്ങളുമാണ് പുതുതായി സ്ഥാപിക്കുന്നത്. പെയിന്റിങ്, ശില്‍പ്പങ്ങള്‍ എന്നിവയുടെ ശേഖരത്തിലേക്ക് പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുമുള്ള കലാകാരന്മാരുടെ കൂടുതല്‍ സൃഷ്ടികള്‍ താമസിയാതെ എത്തും. നിലവില്‍ അമല്‍ അല്‍റാബന്‍, അലി ഹസ്സന്‍, മുബാറക് അല്‍ മാലിക്, സല്‍മാന്‍ അല്‍മാലിക് എന്നീ നാല് പ്രമുഖ ഖത്തറി കലാകാരന്മാരുടെ സൃഷ്ടികളാണ് വിമാനത്താവളത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ ഒറിക്‌സ്, അല്‍മഹ ലോഞ്ചുകളിലാണ് കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഖത്തറിലെ നിവാസികളുടേയും സന്ദര്‍ശകരുടേയും ജീവിതം സമ്പന്നമാക്കുന്നതില്‍ ഖത്തര്‍ മ്യൂസിയം പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തര്‍ മ്യൂസിയം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മന്‍സൂര്‍ ബിന്‍ ഇബ്രാഹിം അല്‍മഹ്മൂദ് പറഞ്ഞു. മ്യൂസിയത്തിന് പുറത്ത് വിമാനത്താവളം പോലുള്ള പ്രധാന കേന്ദ്രങ്ങളില്‍ സാംസ്‌കാരിക അനുഭവങ്ങള്‍ സമ്മാനിക്കുന്നതിനുള്ള പബ്ലിക് ആര്‍ട്ട് പദ്ധതിയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലൂടെ കടന്നു പോകുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രചോദനം എന്ന നിലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അപൂര്‍വ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമ്പരാഗത മ്യൂസിയം മാതൃകയില്‍ നിന്നു വ്യത്യസ്തമായി പൊതുസ്ഥലങ്ങളിലേക്കും സാംസ്‌കാരിക അനുഭവങ്ങള്‍ പ്രദാനം ചെയ്യുകയാണ് പബ്ലിക് ആര്‍ട്ട് പദ്ധതിയിലൂടെ ഖത്തര്‍ മ്യൂസിയം ലക്ഷ്യമിടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക