|    Jun 24 Sat, 2017 10:45 pm
FLASH NEWS
Home   >  Pravasi   >  

ഹമദ് എയര്‍പോര്‍ട്ടിന് വീണ്ടും അംഗീകാരം ; ലോകത്തെ മികച്ച ആറാമത്തെ വിമാനത്താവളം

Published : 16th March 2017 | Posted By: fsq

 

ദോഹ: തുടര്‍ച്ചയായി മൂന്നാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു. സ്‌കൈട്രാക്‌സിന്റെ ലോകത്തെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങളുടെ പട്ടികയിലും ഹമദ് ഉണ്ട്. ഈ വര്‍ഷം സൂറിച്ച്, ഹീത്രൂ, ഫ്രാങ്ക്ഫര്‍ട്ട വിമാനത്താവളങ്ങളെ കവച്ച് വച്ച് എച്ച്‌ഐഎ നാലു സ്ഥാനങ്ങള്‍ മുന്നേറി. പുതിയ പട്ടികയില്‍ ആറാം സ്ഥാനമാണ് ഹമദിന്. അതേ സമയം, സിംഗപ്പൂരിലെ ചാംഗി എയര്‍പോര്‍ട്ട് വീണ്ടും ലോകത്ത് ഒന്നാമതെത്തി. ജപ്പാനിലെ ടോക്കിയോ ഹാനെഡ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, ദക്ഷിണ കൊറിയയുടെ ഇന്‍ചിയോണ്‍ ഇന്റര്‍നാഷനല്‍ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഏതാനും മാസം മുമ്പ് സ്‌കൈട്രാക്‌സ് ഹമദിന് പഞ്ചനക്ഷത്ര പദവി നല്‍കിയിരുന്നു. ലോകത്ത് ഈ പദവിയുള്ള ആറ് വിമാനത്താവളങ്ങള്‍ മാത്രമാണുള്ളത്. മിഡില്‍ ഈസ്റ്റില്‍ പഞ്ചനക്ഷത്ര പദവിയുള്ള ഏക വിമാനത്താവളം കൂടിയാണ് ഹമദ്. 2014ല്‍ വിമാനത്താവളം തുറന്നതു മുതല്‍ സ്‌കൈട്രാക്‌സ് റാങ്കിങില്‍ എച്ച്‌ഐഎ തുടര്‍ച്ചയായി സ്ഥാനം മെച്ചപ്പെടുത്തി വരികയാണ്. ഈ നേട്ടം കരസ്ഥമാക്കുന്നതിന് പിന്തുണച്ച ജീവനക്കാര്‍ക്കും പാര്‍ട്ണര്‍മാര്‍ക്കും നന്ദി അറിയിക്കുന്നതായി വിമാനത്താവളം അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. ചെക്ക് ഇന്‍, അറൈവല്‍, ട്രാന്‍സ്ഫര്‍, ഷോപ്പിങ്, സെക്യൂരിറ്റി, ഇമിഗ്രേഷന്‍ ഉള്‍പ്പെടെ 39 പ്രകടന സൂചികകള്‍ അടിസ്ഥാനമാക്കിയാണ് സ്‌കൈട്രാക്‌സ് ഏറ്റവും മികച്ച വിമാനത്താവളത്തെ നിശ്ചയിക്കുന്നത്. ലോകത്തെ വാസ്തു ശില്‍പ്പകലയ്ക്ക് ഏറ്റവും പ്രാധാന്യം നല്‍കുന്നതും ഏറ്റവും ആഡംബരപൂര്‍ണവുമായ വിമാനത്താവളമാണ് ഹമദെന്ന് സ്‌കൈട്രാക്‌സ് വെബ്‌സൈറ്റ് പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക