|    Dec 12 Tue, 2017 4:31 am
FLASH NEWS

ഹബീബ് മാസ്റ്ററുടെ നാടക സമാഹാരം പുസ്തക രൂപത്തില്‍

Published : 11th November 2015 | Posted By: SMR

പൊന്നാനി: കുട്ടികള്‍ക്കായുള്ള തിയേറ്റര്‍ എന്നത് സ്വപ്‌നം മാത്രമായൊരു കാലത്ത് കുട്ടികള്‍ക്കായി നാടകമെഴുതിയും കളിച്ചും കളിപ്പിച്ചും നാടകത്തിനായി ജിവിതം മാറ്റി വച്ച പൊന്നാനി എംഐയുപി സ്‌കൂളിലെ അധ്യാപകന്‍ ഹബീബ് മാസ്റ്ററുടെ നാടകങ്ങള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നു. ‘ഞങ്ങള്‍ നാടകം കളിക്കുകയാണ്’ എന്നാണ് പുസ്തകത്തിന്റെ പേര്. സംസ്ഥാന അവാര്‍ഡുകള്‍ വരെ വാങ്ങിയ നാടകങ്ങളാണ് സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നവംബര്‍ 14 ന് എവി ഹൈസ്‌കൂളിലാണ് പ്രകാശന ചടങ്ങ്.
നാടകത്തിലൂടെ മൂല്യവല്‍ക്കരണവും നാടകം ഒരു പഠന വേദിയുമാണെന്ന് വിശ്വസിക്കുകയും അങ്ങനെ പ്രവര്‍ത്തിക്കുകയും ചെയ്തതാണ് പൊന്നാനി എംഐയുപി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായ ഹബീബ് റഹ്മാനെ കഴിഞ്ഞ തവണത്തെ സംസ്ഥാന അവാര്‍ഡും തേടിയെത്തിയിരുന്നു. മൂന്നാം തവണയാണ് ഹബിബ് മാസ്റ്റര്‍ക്ക് മികച്ച നാടകമെഴുതിയ അധ്യാപകനുള്ള അവാര്‍ഡ് ലഭിക്കുന്നത്. ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നാടക രചനക്കുള്ള വിദ്യാരംഗം കലാ സാഹിത്യ വേദി അവാര്‍ഡ് പൊന്നാനിക്കാരനായ ഹബീബ് മാസ്റ്റര്‍ക്കായിരുന്നു.’എലിക്കാര്യം’ എന്ന നാടകമാണ് അവാര്‍ഡ് നേടിക്കൊടുത്തത്. ദലിതന്റെ പ്രതീകമാണ് നാടകത്തില്‍ എലി. വീടും പാടവും നഷ്ടപ്പെട്ട എലികള്‍ കൂട്ടത്തോടെ ആകാശം പങ്കുവയ്ക്കുന്ന ഫഌറ്റുകള്‍ കൊള്ളയടിക്കുന്നതും എലികളെ തുരത്താന്‍ മുതലാളിത്തം കോയ നല്‍കി ദലിതുകളെ നിശബ്ദമാക്കുന്നതുമാണ് എലിക്കാര്യത്തിന്റെ പ്രമേയം.
കഴിഞ്ഞ തവണ ജില്ലാ കലോല്‍സവത്തില്‍ മികച്ച നാടകമായി തിരഞ്ഞെടുത്തതും എലിക്കാര്യം തന്നെ. മൂന്നാം തവണയാണ് ഹബീബ് മാഷിന് മികച്ച നാടക രചനയ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിക്കുന്നത്.
2007 ല്‍ ‘ ഞങ്ങള്‍ നാടകം കളിക്കുകയാണ് ‘ എന്ന നാടകത്തിലൂടെയും, 2009 ല്‍ കുട്ടിക്കാര്യം എന്ന നാടകത്തിലൂടെയും മികച്ച നാടക രചയിതാവായ അധ്യാപകനുള്ള പുരസ്‌കാരം ഈ 39 കാരന് ലഭിച്ചിരുന്നു . സബ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകമാണ് ‘ ഞങ്ങള്‍ നാടകം കളിക്കുകയാണ്’ എന്നത് . കളിസ്ഥലങ്ങള്‍ നഷ്ടപ്പെടുന്ന ബാല്യവും അത് വീണ്ടെടുക്കാനുള്ള ശ്രമവുമാണ് കുട്ടിക്കാര്യം എന്ന നാടകത്തിലൂടെ പറഞ്ഞുവെച്ചത്. ഇതും ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഈ നാടകമാണ് സമാഹാരത്തിന് ടൈറ്റില്‍ ആയി നല്‍കിയിരിക്കുന്നത്.
സാമൂഹ്യമായ പ്രശ്‌നങ്ങളെ വിഷയമാക്കിയാണ് ഹബീബിന്റെ എല്ലാ നാടകങ്ങളും. കഴിഞ്ഞ 15 വര്‍ഷമായി എംഐയുപി സ്‌കൂളില്‍ സര്‍ഗവേദി എന്ന പേരില്‍ നാടക പരിശീലന ക്യാമ്പ് നടത്തുന്ന ഹബീബ് മാസ്റ്ററുടെ 60 നാടകങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ച അപൂര്‍വ്വ വിജയത്തിന് ഉടമയാണ്.
മല്‍സരങ്ങളില്‍ വിജയിക്കാതെ പോയ ഒരു നാടകവും ഈ അധ്യാപകനില്‍ നിന്ന് ഉണ്ടായിട്ടില്ല. സര്‍ഗവേദിയിലൂടെ അഭിനയത്തിന്റെ പാഠഭേദങ്ങള്‍ പഠിച്ച പലരും സംസ്ഥാന കലോത്സവത്തില്‍ മികച്ച വിജയം നേടിയിട്ടുണ്ട് .മിമിക്രിയിലും മികച്ച നടനായും നടിയായും അങ്ങനെ ഒത്തിരിപേര്‍….വരച്ച വര, കേരളപാഠാവലി, കുഞ്ഞിക്കാദറിന്റെ നാടകം , ഹലാക്കിന്റെ അവുലും കഞ്ഞി , തുടങ്ങിയ നാടകങ്ങള്‍ക്കും ജില്ലാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയവയാണ് .
സ്വന്തം സ്‌കൂളിന് പുറമെ മറ്റു സ്‌കൂളുകള്‍ക്ക് വേണ്ടിയും ഹബീബ് മാസ്റ്റര്‍ നാടകം രചിച്ച് നല്‍കിയിട്ടുണ്ട്. ഇംഗ്ലിഷിലും ,ചരിത്രത്തിലും പി ജി എടുത്ത ഹബീബ് മാസ്റ്റര്‍ നാടകം നാടകത്തിന് വേണ്ടിയല്ല ,മറിച്ച് ഒരു പഠന മാര്‍ഗമാണെന്ന് വിശ്വസിക്കുന്ന അധ്യാപകനാണ് .കുട്ടികളുടെ പ്രിയപ്പെട്ട ഹബീബ് മാസ്റ്റര്‍ പൊന്നാനിയുടെ സാംസ്‌കാരിക പരിപാടികളിലും സജീവ സാന്നിധ്യമാണ്.
നാടകത്തിലൂടെ കുട്ടികള്‍ക്ക് നന്മയുടെ മൂല്യം നല്‍കാമെന്ന് അനുഭവം കൊണ്ട് ഈ അധ്യാപകന്‍ സാക്ഷ്യപ്പെടുത്തുന്നു .ഈ നാടകങ്ങളെല്ലാമാണ് പുസ്തക രൂപത്തിലാക്കി പുറത്തിറങ്ങുന്നത് . പുരസ്‌കാരങ്ങള്‍ ലഭിച്ച ഏഴ് നാടകങ്ങളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭാര്യ സൈഫുന്നിസ സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ്. എക മകള്‍ നിദ റഹ്മാന്‍ നലൊരു ഗായിക കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക