|    Jan 23 Mon, 2017 11:54 am
FLASH NEWS

ഹനീഫ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കാണും

Published : 30th May 2016 | Posted By: sdq

HANEEFA

ചാവക്കാട്ടെ പ്രമാദമായ ഹനീഫ വധക്കേസില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കുമെന്ന് സഹോദരങ്ങളായ എസി സെയ്ത് മുഹമ്മദും എസി ഷാനവാസും പിതൃസഹോദരന്‍ എസി കോയയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത് വരെ നടന്ന അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണനും മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപനും ഇടപെട്ട് ചാവക്കാട് മുന്‍ സിഐ. മുനീറില്‍ സ്വാധീനം ചെലുത്തിയാണ് അട്ടിമറി നടത്തിയത്. എഫ് ഐ ആറില്‍ ഗോപപ്രതാപനെയും പേരുണ്ടായിട്ടും ഒഴിവാക്കി വിദേശത്തേക്ക് രക്ഷപ്പെട്ട ഷാഫിയെയും സച്ചിനെയും വീണ്ടും ചോദ്യം ചെയ്ത് പ്രതിപട്ടികയില്‍ ചേര്‍ക്കണം. കൊല്ലപ്പെടുന്നതിന്റെ തൊട്ട് മുമ്പുള്ള ദിവസം ജീവന് ഗോപപ്രതാപനില്‍ നിന്നും ഭീഷണിയുള്ളതായി ഹനീഫ സി ഐ.മുനീറിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നടപടിയെടുക്കാതെ മുക്കിയ സി ഐക്കെതിരെയും നടപടി വേണം. അഡീഷനല്‍ എസ് ഐ. രാധാകൃഷ്ണനും ഗൂഢാലോചന നടത്തിയാണ് കേസ് അന്വേഷണം അട്ടിമറിച്ചത്. ഉമ്മയുടെ മൊഴി രേഖപ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകണം. സംഭവ ശേഷം ഗോപപ്രതാപന്‍ ഹനീഫയുടെ ഉമ്മയെ നേരിട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിലും അന്വേഷണം വേണം. കോണ്‍ഗ്രസിലെ ഐ വിഭാഗത്തോടൊപ്പം ലീഗിലെ ഒരു വിഭഗവും അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്നിട്ടുണ്ട്. ഹൈക്കോടതി ജാമ്യം റദ്ദാക്കിയ ഫസലുവിനെ അറസ്റ്റ് ചെയ്യാത്തതും പോലീസിന്റെ പക്ഷപാത നടപടിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഗോപപ്രതാപന്റെ വീട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി എം സ്വാദിഖലി എത്തിയപ്പോള്‍ ഫസലു അവിടെ ഉണ്ടായിരുന്ന കാര്യം അറിയിച്ചിട്ടും ഇയാളെ പിടികൂടാന്‍ പോലീസ് തയ്യാറായില്ല. ഹനീഫയുടെ ബന്ധുക്കള്‍ക്കെതിരെ എട്ടോളം ക്രിമിനല്‍ കേസുകള്‍ എടുക്കാനാണ് ചാവക്കാട് പോലീസ് ധാര്‍ഷ്ട്യം കാണിച്ചത്. ഈ കള്ളക്കേസൂകള്‍ പിന്‍വലിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ നിന്നുള്ള മന്ത്രിമാര്‍ക്കും എം എല്‍ എ മാര്‍ക്കും നിവേദനം നല്‍കുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഹനീഫയുടെ സുഹൃത്തുക്കളായ കെ കെ ഇല്യാസ്, കെ എം ഷാഹു എന്നിവരും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 339 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക